ഹൈസ്‌കൂള്‍ പരീക്ഷയെഴുതാം;  അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് താലിബാന്റെ അനുമതി

ഹൈസ്‌കൂള്‍ പരീക്ഷയെഴുതാം; അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് താലിബാന്റെ അനുമതി

സ്‌കൂള്‍ അടച്ചിട്ടിരുന്ന ഒന്നര വര്‍ഷത്തിന് ശേഷം എങ്ങനെ പരീക്ഷ എഴുതാനാകുമെന്ന് വിദ്യാര്‍ഥിനികള്‍
Updated on
1 min read

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കി താലിബാന്‍. ഭരണം പിടിച്ചടക്കിയതിനുശേഷം ക്ലാസ് മുറികളില്‍ നിന്ന് പെണ്‍കുട്ടികളെ താലിബാന്‍ വിലക്കിയിരുന്നു. അടുത്ത ദിവസങ്ങളിലായി പരീക്ഷ നടക്കുമെന്ന് താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ വകുപ്പ് മേധാവി എഹ്സാനുള്ള കിതാബ് വ്യക്തമാക്കി. എന്നാല്‍ എത്രവരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് പരീക്ഷ എഴുതാനാകുമെന്നതില്‍ വ്യക്തതയില്ല. സ്കൂള്‍ പ്രവേശനം നിഷേധിച്ച ഒന്നര വര്‍ഷത്തിന് ശേഷം എങ്ങനെ ഒരു പരീക്ഷ എഴുതാനാകുമെന്നാണ് കാബൂളിലെ വിദ്യാര്‍ഥിനികളും ചോദിക്കുന്നു.

യുഎസും നാറ്റോ സേനയും പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും ഭരണം പിടിച്ചെടുത്തത്. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടേയും അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയ താലിബാന്‍ ഭരണത്തിലേറിയതോടെ അതെല്ലാം അട്ടിമറിച്ചു. കടുത്ത മത നിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്.

ഹൈസ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കി. മിക്ക മേഖലയിലെ ജോലികളില്‍ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തി. പൊതുസ്ഥലങ്ങളില്‍ തല മുതല്‍ കാല്‍ വരെ മറച്ച് വസ്ത്രം ധരിക്കാന്‍ ഉത്തരവിട്ടു. പാര്‍ക്കുകള്‍, ജിമ്മുകള്‍, ഫണ്‍ഫെയറുകള്‍ എന്നിവയിലും സ്ത്രീകള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ താലിബാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ നിന്ന് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. പരീക്ഷയ്ക്ക് ശേഷം ഹൈസ്‌കൂള്‍ ഡിപ്ലോമ നേടുന്ന അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കാനാകും.

സ്ത്രീകള്‍ക്കുള്ള താലിബാന്‍ ഡ്രസ് കോഡ് പ്രകാരം വിദ്യാര്‍ത്ഥികളും വനിതാ അധ്യാപകരും വസ്ത്രം ധരിക്കണമെന്നാണ് നിര്‍ദേശം. പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തതോ തോല്‍ക്കുന്നതോ ആയ പെണ്‍കുട്ടികള്‍ക്ക് ശീതകാല അവധിക്ക് ശേഷം മാര്‍ച്ച് പകുതിയോടെ വീണ്ടും പരീക്ഷ എഴുതാന്‍ അവസരമൊരുക്കും.

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള താലിബാന്റെ നയങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഈ മാസം ആദ്യം, യുഎന്‍ വിദഗ്ധരുടെ ഒരു സംഘം താലിബാനില്‍ നടപ്പാക്കുന്നത് മനുഷ്യാവകാശ ലംഘനമായി കണക്കാക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം അന്വേഷണം നടത്തി പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in