അഫ്ഗാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകളെ വിലക്കി താലിബാന്‍
അഫ്ഗാനിലെ പ്രധാന ദേശീയോദ്യാനത്തില്‍ സത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. അഫ്ഗാനിലെ ഏറ്റവും ജനപ്രിയ പാര്‍ക്കായ 'ബാന്‍ഡ് ഇ അമിര്‍' ദേശീയ ഉദ്യാനം സന്ദര്‍ശിക്കുന്നതില്‍ നിന്നാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാര്‍ക്കിനുള്ളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
സ്ത്രീകള്‍ ശരിയായ രീതിയിലല്ല ഹിജാബ് ധരിക്കുന്നതെന്ന് ഒരാഴ്ച മുന്‍പ് ബാമിയാന്‍ സന്ദര്‍ശിച്ച മന്ത്രി മൊഹമ്മദ് ഖാലിദ് ഹനാഫി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെ സ്ത്രീകളെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് വിലക്കണമെന്ന് നിര്‍ദേശം മത പുരോഹിതന്മാര്‍ക്കും സുരക്ഷാ ഉദ്യോഗസ്തര്‍ക്കും നല്‍കി. കാഴ്ചകള്‍ കാണാന്‍ പോകുന്നത് സ്ത്രീകളെ സംബന്ധിച്ച് നിര്‍ബന്ധമല്ലെന്ന് ഹനാഫി പറഞ്ഞു. പ്രദേശത്ത് സത്രീകള്‍ ഹിജബ് ധരിക്കുന്നില്ലെന്ന് പരാതികള്‍ ലഭിച്ചെന്നും പാര്‍ക്കിലെത്തുന്നവര്‍ ബാമിയൻ നിവാസികളല്ല. അവർ മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇവിടെയെത്തുന്നവരാണെന്നും ബാമിയാൻ ഷിയ ഉലമ കൗൺസിൽ മേധാവി സയ്യിദ് നസ്‌റുല്ല വെയ്‌സി ടോളോ ന്യൂസിനോട് പറഞ്ഞു.
''പാർക്ക് സന്ദർശിക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നു ഇത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളോടുള്ള തികഞ്ഞ അനാദരവാണ്'' ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രതിനിധി ഫെരേഷ്ട അബ്ബാസി പറഞ്ഞു. ബാമിയാനിലെ പ്രധാനപ്പെട്ടൊരു വിനോദ സഞ്ചാരകേന്ദ്രമാണ് ബാന്‍ഡ് ഇ അമീര്‍. 2009ലാണ് ബാന്‍ഡ് ഇ അമീര്‍ അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.
1990കളില്‍ അധികാരത്തിലിരുന്നതിനേക്കാള്‍ കൂടുതല്‍ മിതത്വമുള്ള ഭരണമായിരിക്കുമെന്ന വാഗ്ദനങ്ങള്‍ ഉണ്ടായിരുന്നിട്ടും, താലിബാന്‍ കടുത്ത നടപടികളിലൂടെയാണ് മുന്നോട്ട് പോവുന്നത്. പാര്‍ക്കുകളും ജിമ്മുകളും പോലെയുള്ള പൊതു ഇടങ്ങളില്‍ സ്ത്രീകളെ തടയുകയും മാധ്യമ സ്വാതന്ത്ര്യത്തെ തകര്‍ക്കുകയും ചെയ്തു.
ഐക്യരാഷ്ട്ര സഭയിലോ എന്‍ജിഒകളിലോ ജോലിചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കിയിട്ടുണ്ട് , ആയിരക്കണക്കിന് പേര്‍ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. 2021 ഓഗസ്റ്റില്‍ അമേരിക്കയുടെ നാറ്റോ സേന അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതോടെ അധികാരം പിടിച്ചെടുത്തതിന് ശേഷം വിദ്യാഭ്യാസം പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നത്, തുടങ്ങി പകുതിയിലധികം തൊഴിലവസരങ്ങളിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.