ഇസ്ലാമിക വസ്ത്രധാരണം പിന്തുടരുന്നില്ല; സ്ത്രീകള്‍ക്ക് ജോലിവിലക്ക് ഏര്‍പ്പെടുത്തണം: എന്‍ജിഒകളോട് താലിബാന്‍
അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക വസ്ത്രധാരണം പിന്തുടരാത്ത സ്ത്രീകള്‍ക്ക് ജോലി വിലക്കുമായി താലിബാന്‍. പുതിയ നടപടിയുടെ ഭാഗമായി ജോലിസ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളെ വിലക്കണമെന്ന് രാജ്യത്തെ എല്ലാ എന്‍ജിഒകളോടും താലിബാന്‍ ഭരണകൂടം ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എല്ലാ സര്‍വകലാശാലകളിലും വിലക്ക് ഉടന്‍ നടപ്പിലാക്കണമെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. അതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം.
സ്ത്രീകളില്‍ ചിലര്‍ ഇസ്ലാമിക വസ്ത്രധാരണം പാലിക്കുന്നില്ല. അതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ല. സ്ത്രീകള്‍ ജോലിക്ക് വരുന്നത് വിലക്കണം എന്നുമാണ് രാജ്യത്തെ പ്രാദേശിക, വിദേശ എന്‍ജിഒകളോട് ധനമന്ത്രാലയം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, രാജ്യത്ത് നിരവധി ഓഫീസുകളുള്ള യുഎന്നിനെ ഉള്‍പ്പെടെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കാനിടയുണ്ട്. താലിബാനുമായി ചര്‍ച്ച നടത്തി വിഷയത്തില്‍ വ്യക്തത വരുത്തുമെന്നാണ് യുഎന്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടക്കുന്ന താലിബാന്‍ നടപടിയെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസം മനുഷ്യന്റെ മൗലികാവകാശമാണ്. ഇത് നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് യുഎസും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.
യുഎസും നാറ്റോ സേനയും പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും ഭരണം പിടിച്ചെടുത്തത്. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടേയും അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയ താലിബാന്‍ ഭരണത്തിലേറിയതോടെ അതെല്ലാം അട്ടിമറിച്ച് കടുത്ത മത നിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്.
ഹൈസ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കി. മിക്ക മേഖലയിലെ ജോലികളില്‍ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തി. പൊതുസ്ഥലങ്ങളില്‍ തല മുതല്‍ കാല്‍ വരെ മറച്ച് വസ്ത്രം ധരിക്കാന്‍ ഉത്തരവിട്ടു. പാര്‍ക്കുകള്‍, ജിമ്മുകള്‍, ഫണ്‍ഫെയറുകള്‍ എന്നിവയിലും സ്ത്രീകള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ താലിബാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ നേരത്തേ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടായിരുന്നില്ല. പരീക്ഷയ്ക്ക് ശേഷം ഹൈസ്‌കൂള്‍ ഡിപ്ലോമ നേടുന്ന അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കാനാകുമായിരുന്നു. എന്നാല്‍ പുതിയ തീരുമാനം വന്നതോടെ അതിനും കഴിയാതെയായി.
2021-ൽ താലിബാൻ അധികാരമേറ്റതുമുതൽ അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണ്, രാജ്യം കടുത്ത ഉപരോധങ്ങളും വികസന സഹായങ്ങളിലുള്ള വെട്ടിക്കുറയ്ക്കലുകളും നേരിടുകയാണ്. ഈ സ്ഥിതിയില്‍ സ്ത്രീ തൊഴിലാളികളെ വിലക്കുന്നത് സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നാണ് വിലയിരുത്തല്‍.