'യുവാക്കള്‍ വഴിതെറ്റുന്നു'; പബ്ജി നിരോധിക്കാനൊരുങ്ങി താലിബാന്‍

'യുവാക്കള്‍ വഴിതെറ്റുന്നു'; പബ്ജി നിരോധിക്കാനൊരുങ്ങി താലിബാന്‍

താലിബാന്‍ അധികാരികളുമായി സഹകരിക്കാന്‍ വിമുഖത കാട്ടിയതിന് ഫേസ്ബുക്കിനെതിരെയും വിമര്‍ശനം
Updated on
1 min read

ടിക്ടോക്, പബ്ജി എന്നീ ആപ്പുകള്‍ മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്ത് നിരോധിക്കുമെന്ന് താലിബാന്‍. ഈ ആപ്പുകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന വിചിത്ര വാദം ഉന്നയിച്ചാണ് താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അഫ്ഗാനിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

സുരക്ഷാ മേഖലയിലെ പ്രതിനിധികളും ശരീഅത്ത് നിയമ നിര്‍വ്വഹണ ഭരണകൂടത്തിന്റെ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അഫ്ഗാനിസ്ഥാനിലെ ന്യൂസ് സര്‍വീസ് കമ്പനിയായ ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തീരുമാനമനുസരിച്ച് ടിക് ടോക്ക് ഒരു മാസത്തിനുള്ളിലും പബ്ജി മൂന്ന് മാസത്തിനുള്ളിലും നിരോധിക്കും.

താലിബാന്‍ അധികാരമേറ്റതിനുശേഷം, താലിബാന്‍ ഭരണത്തിലെ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി നജീബുള്ള ഹഖാനിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിനിടെ 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകളും അഫ്ഗാനിസ്ഥാനില്‍ നിരോധിച്ചിരുന്നു. ഫെയ്‌സ്ബുക്കിനെതിരെയും താലിബാന്‍ സര്‍ക്കാര്‍ വിമര്‍ശനമുയര്‍ത്തി. വിനോദ,ഗെയിമിങ് ആപ്പുകളായ ടിക്ടോക്കും, പബ്ജിയും നിരോധിച്ചതിനു പിന്നാലെ താലിബാന്‍ അധികാരികളുമായി സഹകരിക്കാന്‍ ഫേസ്ബുക്ക് വിമുഖത കാട്ടിയതിനെ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അഹ്‌മദ് മസൂദ് ലത്തീഫ് റായി വിമര്‍ശിച്ചു.

അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ ഏറ്റെടുത്തത് വലിയ സാമ്പത്തിക പ്രതിസന്ധിക്കും ഭക്ഷ്യക്ഷാമത്തിനും കാരണമായിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ മാധ്യമരംഗവും വലിയ വെല്ലുവിളിയാണ് നേടിരുന്നത്. രാജ്യത്തെ സ്വതന്ത്ര മാധ്യമങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നിരവധി ചാനലുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഒപ്പം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണികളും രാജ്യത്ത് വര്‍ധിച്ചു വരികയാണ്.

logo
The Fourth
www.thefourthnews.in