ടെലഗ്രാം സിഇഒയ്ക്ക് കൂടുതല്‍ കുരുക്ക്: ആസൂത്രിത കുറ്റകൃത്യത്തിനു കേസെടുത്തു, 50 ലക്ഷം യൂറോ പിഴയും യാത്രാവിലക്കും
മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവിനു കൂടുതല്‍ കുരുക്ക്. ടെലഗ്രാമിലൂടെ ഫ്രഞ്ച് മണ്ണില്‍ ആസൂത്രിത കുറ്റകൃത്യം അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് കോടതി ദുറോവിനെതിരേ കേസ് ചുമത്തി. കേസില്‍ 50 ലക്ഷം യൂറോ പിഴചുമത്തിയ കോടതി ദുറോവിനു ജാമ്യം അനുവദിച്ചു. എന്നാല്‍ ഫ്രാന്‍സ് വിട്ടുപോകുന്നതിനു വിലക്കേർപ്പെടുത്തി.
ആഴ്ചയില്‍ രണ്ടു തവണ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടു ഹാജരാകണമെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ തീരുന്നതുവരെ ഫ്രാന്‍സില്‍ തുടരണമെന്നുമുള്ള വ്യവസ്ഥയിലാണ് ഫ്രഞ്ച് പൗരത്വമുള്ള റഷ്യന്‍ ശതകോടീശ്വരന്‍ കൂടിയായ ദുറോവിനു ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കൂട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ടെലഗ്രാമിലൂടെ അനുവദിച്ചു എന്നത് ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ദുറോവിനെതിരേ ചുമത്തിയിരിക്കുന്നത്.
നാലു ദിവസം മുൻപാണ് അസര്‍ബൈജാനിലെ ബാകുവില്‍നിന്നു പാരീസിലേക്കുള്ള യാത്രയ്ക്കിടെ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ സ്വകാര്യ ജെറ്റില്‍ പാരീസിനു പുറത്തുള്ള ലെ ബുര്‍ഗ്വെ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ദുറോവിനെ വിമാനത്താവളത്തിനുള്ളില്‍ വച്ചുതന്നെയാണ് കസ്റ്റഡിയിലെടുത്തത്.
കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രഞ്ച് ഏജന്‍സിയായ ഒ എഫ് എം ഐ എന്നിന്റെ അറസ്റ്റ് വാറണ്ട് ദുറോവിനെതിരേയുണ്ടായിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ പാരീസിലേക്ക് എത്തിയപ്പോഴായിരുന്നു പോലീസ് നടപടി.
വഞ്ചന, മയക്കുമരുന്നുപയോഗത്തിന് പ്രചാരണം നല്‍കല്‍, സൈബര്‍ ലോകത്തിലെ ഭീഷണിപ്പെടുത്തല്‍, കുട്ടികളുടെ ലൈംഗികത പകര്‍ത്തി ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കാന്‍ അനുവദിച്ചു തുടങ്ങി ഫ്രഞ്ച് നിയമങ്ങള്‍ പ്രകാരം കുറഞ്ഞത് ഏഴു വര്‍ഷത്തോളം തടവ്ശിക്ഷ ലഭിക്കാന്‍ തക്ക വകുപ്പുകളാണ് ദുറോവിനെതിരേ ചുമത്തിയിരിക്കുന്നത്.
ടെലഗ്രാമിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ ദുറോവ് പരാജയപ്പെട്ടുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.