ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ് അറസ്റ്റില്‍

ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ് അറസ്റ്റില്‍

പാരീസിന് പുറത്തുള്ള ലെ ബുര്‍ഗ്വെ വിമാനത്താവളത്തില്‍ വച്ചാണ് ദുരോവിനെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തത്
Updated on
1 min read

മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റില്‍. പാരീസിന് പുറത്തുള്ള ലെ ബുര്‍ഗ്വെ വിമാനത്താവളത്തില്‍ വച്ചാണ് ദുരോവിനെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

അസര്‍ബൈജാനിലെ ബകുവില്‍ നിന്ന് തന്റെ സ്വകാര്യ ജെറ്റില്‍ ഫ്രാന്‍സിലേക്ക് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രഞ്ച് ഏജന്‍സിയായ ഒ എഫ് എം ഐ എന്നിന്റെ അറസ്റ്റ് വാറന്റുണ്ടായിരുന്നു.

വഞ്ചന, മയക്കുമരുന്നു, സൈബര്‍ ലോകത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യം, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ദുരോവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ടെലഗ്രാമിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ ദുരോവ് പരാജയപ്പെട്ടുവെന്നും ഏജന്‍സികള്‍ കണ്ടെത്തിയതായി ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നു. അതേസമയം അറസ്റ്റ് ചെയ്യപ്പെടുമെന്ന് അറിഞ്ഞിട്ടും ദുരോവ് പാരീസിലേക്ക് വന്നത് അദ്ഭുതപ്പെടുത്തിയെന്നാണ് ഫ്രഞ്ച് പോലീസ് പറയുന്നത്.

logo
The Fourth
www.thefourthnews.in