അതിശൈത്യത്തില്‍ റഷ്യ; യാക്കുറ്റ്‌സില്‍ മൈനസ് 62.7 ഡിഗ്രി സെല്‍ഷ്യസ് താപനില
2002ന് ശേഷമുള്ള ഏറ്റവും കടുത്ത ശൈത്യം അഭിമുഖീകരിക്കുകയാണ് റഷ്യ.യാക്കുറ്റ്സ് പ്രവിശ്യയിലാണ് ഏറ്റവും വലിയ ശൈത്യ തരംഗം. മൈനസ് 62.7 ഡിഗ്രി സെല്‍ഷ്യസാണ് താപനിലയാണ് ഈ മേഖലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തൊട്ടു മുന്‍പത്തെ ദിവസം 50 ഡിഗ്രി സെല്‍ഷ്യസായിരുന്ന താപനിലയാണ് ഒറ്റ ദിവസം കൊണ്ട് മൈനസ് 62.7 ഡിഗ്രിയായത്. രണ്ട് ദശാബ്ദത്തിനിടയില്‍ ആദ്യമായാണ് രാജ്യം ഇത്തരത്തിലൊരു പ്രതിസന്ധി അഭിമുഖീകരിക്കുന്നത്
ശൈത്യം അതികഠിനമായിരിക്കുന്നു. സംസാരിക്കാനോ എന്തിന് ശ്വാസമെടുക്കാന്‍ പോലും സാധിക്കുന്നില്ല. നൂറ് ലെയറുകളുള്ള വസ്ത്രമാണ് ഞങ്ങള്‍ ധരിക്കുന്നത്. ഈ കാലാവസ്ഥയില്‍ ജോലി ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ ഞങ്ങള്‍ക്ക് ജോലി ചെയ്‌തേ മതിയാവൂ. ഈ വര്‍ഷം സാധാരണക്കാര്‍ക്ക് അസഹനീയം തന്നെയാണ്, ഇത്തരത്തിലൊരു ശൈത്യകാലം ആദ്യമായാണ് അനുഭവിക്കുന്നത്. മത്സ്യ ബന്ധനം നടത്തുന്നവരും അത് വില്‍ക്കുന്നവരുമൊക്കെ അസ്ഥിയെ മരവിപ്പിക്കുന്ന തണുപ്പാണ് അഭിമുഖീകരിക്കുന്നത്- മത്സ്യ വില്‍പ്പനക്കാരി മരീന പറയുന്നു.
പൈപ്പുകള്‍ പൊട്ടുന്നു, വെള്ളം ചൂടാക്കുന്നതിനുള്ള ടാങ്കുകള്‍ തകരുന്നു. നിരവധി അപ്പാര്‍ട്ടുമെന്റുകളില്‍ ബാറ്ററികള്‍ പൊട്ടിത്തെറിച്ചു, മലിനജല പൈപ്പുകളും വെറുങ്ങലിച്ച് കിടക്കുകയാണ്. അതിശൈത്യം എല്ലാ മേഖലകളേയും മരവിപ്പിക്കുന്നതായാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.