തായ് ഗുഹയിൽ നിന്ന് രക്ഷപ്പെട്ട പ്രോംതെപ് വിടപറഞ്ഞു; തലയ്ക്ക് പരുക്കേറ്റതായി റിപ്പോർട്ട്
2018-ൽ തായ്‌ലാൻഡിലെ ഗുഹയിൽ നിന്ന് അന്താരാഷ്ട്ര സംഘം രക്ഷപ്പെടുത്തിയ 12 കുട്ടികളിൽ ഒരാളായ ദുവാങ്‌പെച്ച് പ്രോംതെപ് അന്തരിച്ചു. ബ്രിട്ടനിലെ ബ്രൂക്ക് ഹൗസ് ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നടത്തുകയായിരുന്ന പ്രോംതെപിനെ ലെസ്റ്റർഷയറിലെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ലെസ്റ്റർഷയറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് ലെസ്റ്റർഷയർ പോലീസ് പറഞ്ഞു. എന്നാൽ, കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റിരുന്നതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2018-ൽ തായ്‌ലാൻഡിലെ ചിയാങ് റായ് പ്രദേശത്തെ താം ലുവാങ് ഗുഹയിൽപെട്ടുപോയ വൈൽഡ് ബോർസ് ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനാണ് പ്രോംതെപ്. ഫുട്ബോൾ പരിശീലനത്തിന് ശേഷം, പ്രോംതെപ് ക്യാപ്റ്റനായിരുന്ന വൈല്‍ഡ് ബോഴ്‌സ് ഫുട്ബോൾ ടീം അംഗങ്ങള്‍ സൈക്കിളില്‍ താം ലുവാങ് ഗുഹയിലേക്ക് യാത്ര തിരിച്ചത്. പെട്ടെന്നുണ്ടായ പ്രളയം കാരണം പുറത്തുകടക്കാൻ കഴിയാതെ കുടുങ്ങിപ്പോയെ ഇവരെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് അന്താരാഷ്ട്ര രക്ഷാപ്രവർത്തക സംഘം പുറത്തെത്തിച്ചത്. ഒമ്പത് ദിവസമാണ് അവർ ഇരുളടഞ്ഞ ഗുഹയില്‍ ഭക്ഷണവും വെള്ളവുമില്ലാതെയും കഴിച്ചുകൂട്ടിയത്.
900 ലധികം പോലീസ് ഉദ്യോഗസ്ഥരും 10 ഹെലികോപ്റ്ററുകളും ഏഴ് ആംബുലൻസുകളും ഉൾപ്പെട്ട ദിവസങ്ങൾ നീണ്ട രക്ഷാദൗത്യം ജൂലൈ 10 നാണ് അവസാനിച്ചത്. രക്ഷാദൗത്യത്തിനിടെ രണ്ട് തായ് രക്ഷാപ്രവർത്തകർ മരിച്ചിരുന്നു. ഗുഹയിൽ നിന്ന് പുറത്തിറങ്ങിയ പ്രോംതെപിന്റെ ചിരിക്കുന്ന മുഖം രക്ഷാപ്രവർത്തനത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു.
സംഭവത്തെ തുടർന്ന് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ വൈൽഡ് ബോയേഴ്‌സ് ടീം പിന്നീട് ലോകം മുഴുവൻ പര്യടനം നടത്തുകയും ചെയ്തിരുന്നു. ഓസ്കാർ ജേതാവായ ചലച്ചിത്ര നിർമാതാവ് റോൺ ഹോവാർഡിന്റെ തേർട്ടീൻ ലൈവ്സ് ഉൾപ്പെടെ മൂന്ന് സിനിമകൾക്കും ടീമിന്റെ കഥ പ്രചോദനം നൽകി. കടുത്ത ഫുട്ബോൾ ആരാധകനായ പ്രോംതെപ് ചിയാങ് മായിലെ ഒരു യൂത്ത് ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രോംതെപ് യുകെയിലെ ഫുട്ബോൾ അക്കാദമിയില്‍ ചേര്‍ന്നത്.