തായ്‌ലൻഡിൽ സൈനിക ഭരണത്തിന് അന്ത്യമോ?; പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് മുന്നേറ്റം

തായ്‌ലൻഡിൽ സൈനിക ഭരണത്തിന് അന്ത്യമോ?; പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് മുന്നേറ്റം

പ്രയുത് ചാൻ-ഓച്ചയുടെ യുണൈറ്റഡ് തായ് നേഷൻ പാർട്ടി 36 സീറ്റുകളുമായി അഞ്ചാം സ്ഥാനത്താണ്
Updated on
1 min read

തായ്‌ലൻഡിൽ ഇന്നലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് മുന്നേറ്റം. സൈന്യത്തിന്റെ ദശാബ്ദത്തോളം നീണ്ട ഭരണത്തിന്റെ അന്ത്യത്തിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ. 97ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ മൂവ് ഫോർവേഡ് പാർട്ടിയാണ് മുന്നിൽ(148). 138 വോട്ടുകളുമായി ഫ്യൂ തായ് പാർട്ടി രണ്ടാം സ്ഥാനത്താണ്. 2014-ലെ പട്ടാള അട്ടിമറിക്ക് നേതൃത്വം നൽകിയ നിലവിലെ പ്രധാനമന്ത്രി പ്രയുത് ചാൻ-ഓച്ചയുടെ യുണൈറ്റഡ് തായ് നേഷൻ പാർട്ടി 36 സീറ്റുകളുമായി അഞ്ചാം സ്ഥാനത്താണ്.

പ്രതിപക്ഷ പാർട്ടികൾ വാഗ്ദാനം ചെയ്ത പരിഷ്കാരം അരാജകത്വത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടായിരുന്നു ചനൊചയുടെ ഇത്തവണത്തെ പ്രചാരണം. എന്നാൽ യുവാക്കൾക്കിടയിൽ ശക്തമായ അനുയായികളെ കെട്ടിപ്പടുത്ത മൂവ് ഫോർവേഡ് പാർട്ടി പ്രതീക്ഷകളെ മറികടന്നുള്ള വിജയമാണ് കൈവരിച്ചത്. 2001 മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ വിജയിച്ച ഫ്യൂ തായ്‌ പാർട്ടിക്ക് ഒപ്പത്തിനൊപ്പം നിന്നാണ് മൂവ് ഫോർവേഡ് മുന്നേറിയത്.

ഇന്ത്യൻ സമയം ഇന്നലെ രാവിലെ 6.30ന് തുടങ്ങിയ വോട്ടിങ് വൈകിട്ട് 4 മണിയോടെയാണ് അവസാനിച്ചത്. ജനപ്രതിനിധിസഭയിലെ 500 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മുൻ പ്രധാനമന്ത്രി ഥക്ഷിൻ ഷിനവാതിന്റെ മകൾ പെയൊതൊങ്താൻ ഷിനവാതാണ് ഫ്യൂ തായ് പാർട്ടിയിൽ നിന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചത്. ഉപപ്രധാനമന്ത്രി പ്രവിത് വോങ്സുവോനായിരുന്നു പലങ് പ്രചരാത് പാർട്ടി സ്ഥാനാർഥി. പീത ലിംജറോയെന്റാതാണ് മൂവ് ഫോർവേഡ് സ്ഥാനാർഥി.

ജനപ്രതിനിധിസഭയും 250 അംഗ സെനറ്റ് ചേർന്നാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. 375 വോട്ട് ലഭിക്കുന്ന സ്ഥാനാർഥിയാണ് വിജയിക്കുക. സൈന്യം നിയമിച്ചവരാണ് സെനറ്റിലെ അംഗങ്ങളെന്നത് പ്രതിപക്ഷ പാർട്ടികൾക്ക് വെല്ലുവിളിയാണ്. ഫ്യൂ തായ്‌ക്കും മുവ് ഫോർവേഡിനും സഖ്യമുണ്ടാക്കാമെങ്കിലും സെനറ്റ് ഈ തീരുമാനം എതിർക്കാനുള്ള സാധ്യതയാണുള്ളത്.

logo
The Fourth
www.thefourthnews.in