രാജവാഴ്ചയെ വിമർശിച്ചു; തായ്‌ലാന്‍ഡിൽ മനുഷ്യാവകാശ പ്രവർത്തകന് നാല് കൊല്ലം തടവ്
തായ്‌ലാന്‍ഡിലെ രാജവാഴ്ചയെ വിമർശിച്ചതിന് മനുഷ്യാവകാശ, രാഷ്ട്രീയ പ്രവര്‍ത്തകനായ അഭിഭാഷകൻ ആര്‍നോണ്‍ നാംപയെ നാല് വര്‍ഷത്തെ കഠിനതടവിന് വിധിച്ച് ബാങ്കോക്ക് കോടതി. രാജ്യവാഴ്ച പരിഷ്‌കരിക്കണമെന്ന ആര്‍നോണിന്റെ പരസ്യമായ ആഹ്വാനമാണ് ശിക്ഷയ്ക്ക് കാരണമായത്.
2020ല്‍ ജനാധിപത്യ അനുകൂല പ്രതിഷേധത്തിനിടെ തായ്‌ലന്‍ഡിലെ രാജാവിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പൊതുസംവാദത്തിന് ആഹ്വാനം ചെയ്യുകയും ലെസ്-മജസ്റ്റ് നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്താണ് ആര്‍നോണിനെ കുരുക്കിയത്. ആര്‍നോണിനെ ജാമ്യത്തിലെടുക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ക്രിസഡാങ് നട്ചരസ് മാധ്യമങ്ങളോട് പറഞ്ഞു.
തായ്‌ലാന്‍ഡിലെ ലെസ്-മജസ്റ്റ് നിയമം അനുസരിച്ച് രാജകുടുംബത്തെ വിമര്‍ശിക്കാന്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ കഠിന തടവ് ശിക്ഷിക്കപ്പെടാം. അതേസമയം, തെറ്റ് ചെയ്‌തെന്ന കുറ്റാരോപണം അര്‍നോണ്‍ നിഷേധിച്ചു.
ലെസ-മജസ്റ്റ് നിയമ ലംഘനം ആരോപിച്ച് ആര്‍നോണിനെതിരെ ചുമത്തിലെ 14 കേസുകളിലെ ആദ്യത്തേതിന്റെ വിധിയാണ് ഇന്ന് വന്നിരിക്കുന്നത്. ഈ നിയമത്തിനുകീഴില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള നൂറ് കണക്കിന് ആളുകളില്‍ ഒരാളാണ് ആര്‍നോണ്‍. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഈ നിയമത്തെ മുമ്പെ അപലപിച്ചിട്ടുള്ളതാണ്.
2020ല്‍ തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന യുവാക്കളുടെ നേതൃത്വത്തിലുള്ള ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു ആര്‍നോണ്‍ നാംപ. അന്ന് നടന്ന പ്രതിഷേധത്തില്‍ മുന്‍ പ്രധാനമന്ത്രി പ്രയുത് ചാന്‍-ഓച്ച സ്ഥാനമൊഴിയണമെന്നും രാജവാഴ്ച പരിഷ്‌കരിക്കണമെന്നും ക്രിമിനല്‍ നിയമത്തിലെ 112 അനുച്ഛേദമായ രാജകീയ അവഹേളന നിയമം നിര്‍ത്തലാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
2020 മുതല്‍ കഴിഞ്ഞ മാസം വരെ കുറഞ്ഞത് 257 ആളുകള്‍ക്കെതിരെ അനുച്ഛേദം 112 ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് നിയമസഹായ വിഭാഗമായ തായ് ലോയേഴ്‌സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു.