താലിബാന്റെ രാഷ്ട്രീയ പരീക്ഷണത്തിന് 26 വയസ്
മത വിദ്യാര്‍ത്ഥികളുടെ സംഘടനയില്‍ തുടങ്ങി സായുധ പോരാട്ടങ്ങളിലൂടെ അഫ്ഗാനിസ്ഥാനിലെ ഭരണത്തിലേക്ക് താലിബാന്‍ രംഗപ്രവേശനം ചെയ്തിട്ട് 26 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1996 സെപ്റ്റംബര്‍ 27 നാണ് ആദ്യമായി താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചെടുക്കുന്നത്. അഫ്ഗാന്‍ മണ്ണിലെ താലിബാന്‍ വേരുകള്‍ക്ക് പക്ഷേ വളരെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1990 കളുടെ ആദ്യത്തില്‍ തുടങ്ങി രണ്ട് വര്‍ഷങ്ങള്‍ക്ക് ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തിന്റെ ഭരണം പിടിക്കുക. പിന്നീട് അമേരിക്കയുടെയും സഖ്യ സേനയുടെയും സൈനിക മുന്നേറ്റത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് അഫ്ഗാനിലെ ഒളിയിടങ്ങളിലേക്ക് ചുരുങ്ങുക. 20 വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്ക സൈനിക പിന്‍മാറ്റം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം നഗരങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് അധികാരകേന്ദ്രങ്ങള്‍ കൈപ്പിടിയിലൊതുക്കുക. സംഭവ ബഹുലമാണ് താലിബാന്‍ എന്ന സംഘടനയുടെ 26 വര്‍ഷത്തെ ചരിത്രം.
സംഭവബഹുലമാണ് താലിബാന്‍ എന്ന സംഘടനയുടെ 26 വര്‍ഷത്തെ ചരിത്രം.
പാകിസ്താനോട് ചേര്‍ന്ന് കിടക്കുന്ന കിഴക്കന്‍, തെക്കന്‍ അഫ്ഗാനിസ്ഥാനിലെ പഷ്തൂണ്‍ പ്രദേശങ്ങളില്‍ 1994 സെപ്റ്റംബറില്‍ മുല്ല മുഹമ്മദ് ഒമറും 50 വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അദ്ദേഹത്തിന്റെ ജന്മനാടായ കാണ്ഡഹാറില്‍ ആണ് സംഘടന സ്ഥാപിക്കുന്നത്. 1992 മുതല്‍ വടക്കന്‍ കാണ്ഡഹാര്‍ പ്രവിശ്യയായിരുന്ന മൈവന്ദിലെ സാങ്-ഇ-ഹിസാര്‍ മതപാഠശാല കേന്ദ്രീകരിച്ചായിരുന്നു ഒമറിന്റെ പ്രവര്‍ത്തനങ്ങള്‍. പഷ്തു ഭാഷയില്‍ താലിബാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പോലും വിദ്യാര്‍ത്ഥികള്‍ എന്നാണ്. മത വിദ്യാര്‍ത്ഥികളുടെ സംഘടനയായിരുന്നു ആദ്യ കാലങ്ങളില്‍ താലിബാന്‍.
അഫ്ഗാനിലെ കമ്യൂണിസ്റ്റ് ഭരണത്തിനും, സോവിയറ്റ് യൂണിയന്‍ രാജ്യത്ത് നിന്നും മടങ്ങിയതിനും പിന്നാലെയായിയിരുന്നു സംഘടന രൂപീകരണം. വിശാലമായ ലക്ഷ്യങ്ങളായിരുന്നു മുല്ല ഒമറിനും സംഘത്തിനും ഉണ്ടായിരുന്നത്.
അഫ്ഗാനിസ്ഥാനെ യുദ്ധപ്രഭുക്കളില്‍ നിന്നും മോചിപ്പിക്കുക, ഭരണത്തിലെത്തിയാല്‍ രാജ്യത്ത് ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു മുല്ല ഒമറിന്റെയും സംഘത്തിന്റെയും പ്രഖ്യാപിത ലക്ഷ്യങ്ങള്‍. മത പാഠശാലകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലത്ത് സംഘടനയുടെ പ്രവര്‍ത്തനം. സൗദി അറേബ്യയില്‍ നിന്നായിരുന്നു സംഘടനയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം പ്രധാനമായും ലഭിച്ചിരുന്നത്.
2001 സെപ്റ്റംബർ 11 ന് അമേരിയ്ക്കയിൽ വേൾഡ് ട്രേഡ് സെന്റർ ഒസാമ ബിൻ ലാദൻ ആക്രമിക്കുന്നതോടെയാണ് താലിബാന്റെ വിജയഗാഥക്ക് മങ്ങലേറ്റുതുടങ്ങുന്നത്
അത്ഭുതകരമായ വളര്‍ച്ചയായിരുന്നു താലിബാന് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായത്. അഫ്ഗാന്‍ അഭയാര്‍ത്ഥികളായ വിദ്യാര്‍ഥികള്‍ അടക്കം മാസങ്ങള്‍ക്കുള്ളില്‍ പാകിസ്താനിലെ ഏകദേശം 15,000 വിദ്യാര്‍ത്ഥികള്‍ സംഘടനയില്‍ ചേര്‍ന്നു. ഭുരിഭാഗവും മതപാഠശാലകളിലെ വിദ്യാര്‍ഥികളായിരുന്നു. അഫ്ഗാനില്‍ സോവിയറ്റ് വിരുദ്ധ വികാരം വളര്‍ത്താന്‍ തുടക്കകാലത്ത് താലിബാന് യുഎസില്‍ നിന്നും രഹസ്യമായി സഹായം ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും താലിബാനെ വളര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് പാകിസ്താന്‍ ആയിരുന്നു.
നിയമവാഴ്ച പാടെ പരാജയപ്പെട്ട ഒരു ജനതയ്ക്ക് മുന്നിലേക്ക് അഴിമതി വിരുദ്ധതയുള്‍പ്പെടെയുള്ള നിലപാടുകളുമായിട്ടായരുന്നു താലിബാന്‍ ആദ്യം കടന്നുവന്നത്.
ആഭ്യന്തര കലാപങ്ങളും അധിനിവേശ ശക്തികളുടെ ആക്രമണങ്ങളും കൊണ്ട് പൊറുതിമുട്ടിയിരുന്ന 1994 ലെ അഫ്ഗാനിലാണ് താലിബാൻ വിത്തുകൾ പാകി തുടങ്ങിയത്. വളരെപ്പെട്ടെന്ന് ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ താലിബാന് സാധിച്ചു. രൂപീകൃതമായി ഒരു വര്‍ഷം കൊണ്ടായിരുന്നു രാജ്യത്തെ ഭരണം പിടിക്കുന്ന നിലയിലേക്ക് താലിബാന്‍ വളര്‍ന്നത്. നിയമ വാഴ്ച പാടെ പരാജയപ്പെട്ട ഒരു ജനതയ്ക്ക് മുന്നിലേക്ക് അഴിമതി വിരുദ്ധതയുള്‍പ്പെടെയുള്ള നിലപാടുകളുമായിട്ടായരുന്നു താലിബാന്‍ ആദ്യം കടന്നുവന്നത്. സമൂഹത്തില്‍ സ്വീകാര്യത ലഭിക്കാന്‍ ഈ നിലപാടുകള്‍ സഹായിച്ചു.
സംഘടനയുടെ വളർച്ചയോടൊപ്പം അഫ്ഗാനിലെ ചെറിയ ചെറിയ ശക്തികളെ യുദ്ധം ചെയ്ത് തോൽപ്പിച്ച് 1996 ഓടെ അഫ്ഗാന്റെ ഭൂരിഭാഗവും തങ്ങളുടെ കീഴിലാക്കാനും താലിബാന് സാധിച്ചു. ഇതേവർഷം തന്നെ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ കീഴടക്കുകയും അഫ്ഗാൻ ഭരണത്തിൽ ' ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്ന പുതിയൊരു സംവിധാനം നടപ്പിലാക്കുകയും ചെയ്തു.
എന്നാൽ ഭരണം കൈവന്നതോടെ അതുവരെ അഫ്ഗാൻ കണ്ടിരുന്ന താലിബാന്റെ മുഖം മാറുകയായിരുന്നു. തീവ്ര മതാശയങ്ങളിൽ ഊന്നിക്കൊണ്ട് ശരിഅ നിയമങ്ങൾ അഥവാ ഇസ്ലാമിക നിയമങ്ങൾ കടുത്ത രൂപത്തിൽ നടപ്പിലാക്കുകയാണ് അവർ പരമപ്രധാനമായി അഫ്ഗാനിസ്ഥാനിൽ ചെയ്തത്. ഇതിൽ നിന്ന് അണുവിട പിന്നോട്ട് സഞ്ചരിക്കാൻ അവർ തയ്യാറായിരുന്നില്ല. ഈ നിയമങ്ങളുടെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചത് അഫ്ഗാനിലെ സ്ത്രീകളായിരുന്നു .
സ്ത്രീകൾക്ക് വിദ്യാഭ്യാസവും വസ്ത്രസ്വാതന്ത്ര്യവും യാത്രസ്വാതന്ത്രയും നിഷേധിക്കപ്പെട്ടു. സ്ത്രീകളെ മാത്രമല്ല, അഫ്ഗാനിലെ മുഴുവൻ ജനങ്ങളെയും അടിച്ചമർത്തുന്ന രീതിയാണ് പിന്നീട് താലിബാൻ പിന്തുടർന്നത്. ശരീഅത്ത് നിയമം നടപ്പിലാക്കുന്നതിന്റെ പേരില്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ ആയിരുന്നു താലിബാന്‍ അവതരിപ്പിച്ചത്. കുറ്റവാളികളേയും വ്യഭിചാരികളേയും പരസ്യമായി വധശിക്ഷ നടപ്പാക്കുക, മോഷണക്കുറ്റങ്ങള്‍ അംഗഛേദം ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കാനും തുടങ്ങിയതിന് പിന്നാലെ പുരുഷന്മാര്‍ താടി വളര്‍ത്തണമെന്നും സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ഖ ധരിക്കണമെന്നും താലിബാന്‍ വ്യവസ്ഥ ചെയ്തു. അഫ്ഗാനിസ്ഥാന്റെ വടക്ക് ഭാഗത്തായി താലിബാൻ ഭരണത്തിന്നെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയര്‍ന്നു. എന്നാല്‍ പ്രതിഷേധങ്ങളെല്ലാം താലിബാൻ അടിച്ചമർത്തി.
വേൾഡ് ട്രേഡ് സെന്റർ ആക്രമണം
2001 സെപ്റ്റംബര്‍ 11 ന് അമേരിയ്ക്കയില്‍ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ഭീകരാക്രമണമാണ് അഫ്ഗാനിസ്ഥാനും, താലിബാനും തിരിച്ചടിയുടെ കാലങ്ങള്‍ക്ക് തുടക്കമിടുന്നത്. അല്‍ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ തേടിയിറങ്ങിയ അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തി. അല്‍ഖ്വയ്ദ നേതാക്കളും ഒസാമ ബിന്‍ ലാദനും താലിബാന്റെ സംരക്ഷണയില്‍ അഫ്ഗാനിസ്ഥാനില്‍ കഴിയുന്നു എന്ന ആരോപിച്ചായിരുന്നു യുഎസ് നേതൃത്വത്തില്‍ അഫ്ഗാനെതിരെ സൈനിക നീക്കം ആരംഭിക്കുന്നത്.
ബിന്‍ ലാദനെയും അല്‍ഖ്വയ്ദയെയും കണ്ടെത്തുക, താലിബാന്റെ കൈപ്പിടിയില്‍ നിന്ന് അഫ്ഗാനിസ്ഥാമെ മോചിപ്പിക്കുക ' ഓപ്പറേഷന്‍ എന്‍ഡ്യൂറിങ് ഫ്രീഡം' എന്ന പദ്ധതി പ്രഖ്യാപിച്ച അമേരിക്ക ഈ രണ്ട് ലക്ഷ്യങ്ങളോടെയാണ് അഫ്ഗാനിലെത്തിയത്. ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ ഒക്ടോബർ മാസത്തിൽ അമേരിക്ക അഫ്ഗാനിലെത്തി, രണ്ട് മാസം കൊണ്ട് താലിബാന്റെ സകല ശക്തി കേന്ദ്രങ്ങളും പിടിച്ചെടുത്തു.
ഇതോടെ അഫ്ഗാനിൽ നിന്ന് താലിബാൻ പിൻവാങ്ങുകയും അതിന്റെ പ്രധാന നേതാക്കളും പ്രവർത്തകരും പല രാജ്യങ്ങളിലേക്കായി രക്ഷപ്പെടുകയും ചെയ്തു. എന്നാൽ രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം 2022ല്‍ അമേരിക്ക പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ താലിബാന്റെ മടങ്ങിവരവും ആരംഭിച്ചു.
ലോകം പ്രതീക്ഷിച്ചതിലും വേഗത്തില്‍, അനായാസം അവര്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം കയ്യടക്കി. 20 വര്‍ഷത്തിനിപ്പുറം, താലിബാന് അഫ്ഗാന്‍ നഗരങ്ങള്‍ പിടിച്ചടക്കാന്‍ പത്ത് ദിവസം മാത്രമാണ് വേണ്ടിവന്നത്. ഒടുവില്‍ 2021 ഓഗസ്റ്റ് 15ന് തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തു. താലിബാന്റെ വിജയം അംഗീകരിച്ചുകൊണ്ട് പ്രസിഡന്റ് അഷ്‌റഫ് ഗനി അബുദാബിയിലേക്ക് പലായനം ചെയ്യുകയുമായിരുന്നു.