ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു; ആത്മഹത്യയെന്ന് ഇറാന്‍ സര്‍ക്കാര്‍
ഇറാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റ് ഒരു പെണ്‍കുട്ടി കൂടി മരിച്ചു. സെറിന ഇസ്മായില്‍സെദെ എന്ന പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. മഹ്സ അമിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെയാണ് പ്രതിഷേധക്കാരില്‍ നിന്ന് ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെടുന്നത്.
അൽബോർസ് പ്രവിശ്യയിൽ പ്രതിഷേധത്തിനിടെ സുരക്ഷാസേനയുടെ മര്‍ദനമേറ്റാണ് സെറിന ഇസ്മായില്‍സെദെ കൊല്ലപ്പെട്ടതെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്. പുറത്ത് അടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാംനിലയില്‍ നിന്ന് സെറിന താഴേക്ക് വീഴുകയായിരുന്നു എന്ന് കുടുംബം വിശദീകരിക്കുന്നു. എന്നാല്‍ കെട്ടിടത്തില്‍ നിന്ന് ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണ് എന്നാണ് ഇറാന്‍ സര്‍ക്കാരിന്റെ വിശദീകരണം. ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്.
ഇറാനിലെ ഹിജാബ് വത്കരണത്തിനെതിരെ സ്ത്രീകളുടെ അവകാശങ്ങളേക്കുറിച്ചും ഇറാനിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമെല്ലാം തന്റെ യൂട്യൂബ് വീഡിയോയിലൂടെ സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു സെറിന. മരണവാര്‍ത്ത പുറത്തുവന്നതോടെ അവര്‍ പാട്ടുപാടിയും നൃത്തം ചെയ്തും സ്വപ്‌നങ്ങളെകുറിച്ച് സംസാരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കൊലപാതകം ആത്മഹത്യയാണെന്ന് അംഗീകരിക്കാന്‍ പോലീസ് സെറിനയുടെ കുടുംബത്തെ നിര്‍ബന്ധിക്കുകയാണെന്ന വിവരം ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ടു. സെറിന ഇസ്മായില്‍സെദെ നേരത്തേ തന്നെ മാനസിക പ്രശ്‌നങ്ങളുള്ള കുട്ടിയായിരുന്നു എന്നാണ് ഇറാന്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ കഴിഞ്ഞദിവസം നിക ഷകരാമി എന്ന പതിനേഴുകാരിയും ഇറാനില്‍ കൊല്ലപ്പെട്ടിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് നിക മരിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും, പോലീസ് തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടതാണെന്ന് കുടുംബം ആരോപിച്ചു. തലയില്‍ മാരകമായി മുറിവേറ്റ് രക്തംവാര്‍ന്നാണ് നിക മരിച്ചത്.
പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഹാദിസ് നജാഫി എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും മുഖത്തും കഴുത്തിലുമടക്കം ആറോളം വെടിയുണ്ടകളാണ് ഹാദിസിന്റെ ശരീരത്തിലുണ്ടായിരുന്നത്. മരണത്തിന് തൊട്ടുമുന്‍പ് മുടി പിന്നിലേക്ക് കെട്ടി തല മറയ്ക്കാതെ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് നടന്നടുക്കുന്ന ഹാദിസ് നജാഫിയുടെ വീഡിയോ വൈറലായിരുന്നു.