'ഭൂതകാലത്തെ മായ്ക്കാനാവില്ല'; അടിമത്തം, ചൂഷണം - ഡച്ച് പങ്കിന് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി മാര്‍ക് റൂട്ടെ
നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന അടിമവ്യാപാരത്തിലും ചൂഷണങ്ങളിലും രാജ്യത്തിന്റെ പങ്കിന് മാപ്പ് പറഞ്ഞ് ഡച്ച് സര്‍ക്കാര്‍. അടിമത്തത്തിന്റെ കാലം അവസാനിച്ചെങ്കിലും അതുണ്ടാക്കിയ അനന്തരഫലം ലോകത്തെ ഇപ്പോഴും ബാധിക്കുന്നുവെന്ന തിരിച്ചറിവിലാണ് ഡച്ച് സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍. ഡച്ച് നാഷണല്‍ ആര്‍ക്കൈവ്സില്‍ പ്രധാനമന്ത്രി മാര്‍ക് റൂട്ടെ നടത്തിയ ക്ഷമാപണം ദേശീയ ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. ''അന്നത്തെ ക്രൂരതയ്ക്ക് ജീവിച്ചിരിക്കുന്ന ആരും ഉത്തരവാദികളല്ല. അടിമകളാക്കപ്പെട്ടവരോടും അവരുടെ പിൻഗാമികളോടും ചെയ്ത നീചവും ക്രൂരവുമായ പ്രവർത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പപേക്ഷിക്കുന്നു. ഭൂതകാലത്തെ മായ്ക്കാൻ കഴിയില്ല, നേരിടാൻ മാത്രമേ കഴിയൂ''- മാര്‍ക് റൂട്ടെ പറഞ്ഞു.
നേരത്തെ അടിമത്ത വിഷയത്തില്‍ ഡച്ച് സര്‍ക്കാര്‍ ക്ഷമാപണം നടത്തുന്നതിനെ പാര്‍ലമെന്റ് പിന്തുണച്ചിരുന്നു. അടിമക്കോളനികളില്‍ ചൂഷണം ചെയ്യപ്പെട്ട ലക്ഷകണക്കിന് ആളുകള്‍ക്ക് ക്ഷമാപണത്തിലൂടെ നീതി ഉറപ്പാക്കുമെന്നായിരുന്നു ഡച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ രാജ്യത്തെ തീവ്ര വലതുപക്ഷ കക്ഷികള്‍ ക്ഷമാപണത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം തുടരുകയായിരുന്നു. അടുത്ത വര്‍ഷം ജൂലൈയില്‍ രാജ്യത്ത് അടിമത്തം നിരോധിച്ചതിന്റെ 160-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍. 160-ാം വാര്‍ഷികത്തില്‍ ഡച്ച് മന്ത്രിമാര്‍ പഴയ അടിമക്കോളനികളായിരുന്ന തെക്കേ അമേരിക്കയിലേയും കരീബിയയിലെയും രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
അടിമത്തത്തിൽ നെതർലന്‍ഡിന്റെ പങ്കിനെക്കുറിച്ച് രാജ്യത്തെ ജനങ്ങൾക്കിടയിൽ അവബോധം വളർത്തും. ഇതിനായി 212.8 മില്യൺ ഡോളര്‍ ചെലവിടാനാണ് സർക്കാരിന്റെ പദ്ധതി. എന്നാല്‍ കൊള്ളയടിച്ച രാജ്യങ്ങളുടെ പണവും സമ്പത്തും തിരികെ നൽകുമോ എന്നാണ് പഴയ കോളനിയായ സുരിനാമിലെ ആക്ടിവിസ്റ്റുകള്‍ ഡച്ച് സര്‍ക്കാരിനോട് ചോദിക്കുന്നത്. അല്ലാത്ത പക്ഷം മാപ്പപേക്ഷയില്‍ വിശ്വാസമില്ലെന്നും അവര്‍ പറയുന്നു. സുരിനാമിലെ ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും ഡച്ച് അടിമത്തവും പേറി ജീവിക്കുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഡച്ചുകാരുടെ അടിമ വ്യാപാര ചരിത്രം
17-ാം നൂറ്റാണ്ടിൽ സ്പെയിൻ, പോർച്ചുഗൽ അടക്കമുളള യൂറോപ്യൻ രാഷ്ട്രങ്ങൾ അടിമക്കച്ചവടം നടത്തുന്നതിനിടെയാണ് ഡച്ചുകാരും അടിമ വ്യാപാരവുമായി രംഗത്ത് വരുന്നത്. ഡച്ച് വെസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു തെക്കേ അമേരിക്കയിലെയും കരീബിയനിലെയും വിവിധ രാജ്യങ്ങളില്‍ ഡച്ചുകാരുടെ കോളനിവത്കരണ നീക്കങ്ങള്‍. ഈ മേഖലകളിലെ കരിമ്പ്, പരുത്തി, കാപ്പി ഉൾപ്പെടെയുളള തോട്ടങ്ങളിൽ ജോലി ചെയ്യാനായി ഡച്ചുകാർ ആഫ്രിക്കയിലെ ഘാനയില്‍ നിന്നാണ് അടിമകളെ വിലയ്ക്ക് വാങ്ങിയിരുന്നത്. ഏകദേശം ആറ് ലക്ഷത്തോളം ആഫ്രിക്കക്കാരെ ഇതിനായി ഡച്ച് വെസ്റ്റ് ഇന്ത്യ കമ്പനി ചൂഷണം ചെയ്തുവെന്നാണ് ലൈഡൻ യൂണിവേഴ്സിറ്റിയുടെ ഒരു പഠനം സൂചിപ്പിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിൽ ഡച്ചുകാരുടെ പ്രധാന അടിമച്ചന്തകളായിരുന്നു സുരിനാമും ഗയാനയും. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി വഴി പതിനേഴാം നൂറ്റാണ്ട് മുതൽ ഇന്തോനേഷ്യയടക്കം വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അടിമകളെ വാങ്ങിയിരുന്നു. 1863ൽ നെതര്‍ലന്‍ഡില്‍ അടിമത്തം നിർത്തലാക്കിയെങ്കിലും സുരിനാമടക്കമുളള കോളനികളില്‍ പിന്നെയും പത്ത് വര്‍ഷം അടിമത്തം പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നു.
അടിമത്ത വിഷയത്തില്‍ ഡച്ച് ഭരണകൂടം ക്ഷമാപണം നടത്തുന്നതിനെ കുറിച്ചുളള ചർച്ചകൾ 2020ലാണ് ഉയര്‍ന്നുവരുന്നത്. 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' നടത്തിയ മുന്നേറ്റങ്ങളോടെയാണ് അടിമത്തവും ചൂഷണവും ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയാകുന്നത്. ആഫ്രോ - അമേരിക്കൻ ജനവിഭാഗങ്ങള്‍ക്കെതിരായ വര്‍ണവിവേചനമുള്‍പ്പെടെ വലിയ ചര്‍ച്ചയായതോടെ അടിമത്തത്തിലെ ഡച്ച് പങ്കും വിമര്‍ശിക്കപ്പെട്ടു.