ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്; നാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ  പോലീസിന് നിർദേശം

ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്; നാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പോലീസിന് നിർദേശം

തിരഞ്ഞെടുപ്പ് കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും അവഹേളിച്ച കേസിലാണ് നടപടി
Updated on
1 min read

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹരിഖ് -ഇ- ഇന്‍സാഫ് പാർട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷനെ അവഹേളിച്ച കേസിലാണ് നടപടി. നാളെ തന്നെ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഇസ്ലാമാബാദ് പോലീസിന് നിർദശം നൽകി.

തിരഞ്ഞെടുപ്പ് കമ്മീഷനേയും കമ്മീഷണറെയും അവഹേളിച്ചതിനും അസഭ്യം പറഞ്ഞതിനും ഇമ്രാൻ ഖാനും മുൻമന്ത്രി ഫവാദ് ചൗധരിക്കും ഉൾപ്പെടെയുള്ളവർക്കാണ് അറസ്റ്റ് വാറന്റ്. പലതവണ നോട്ടീസ് അയച്ചിട്ടും നേരിട്ട് ഹാജരാകാൻ ഇമ്രാൻ ഖാൻ തയ്യാറായില്ലെന്ന് അറസ്റ്റ് വാറന്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജനുവരി 16 നും മാര്‍ച്ച് രണ്ടിനും ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ജാമ്യലഭിക്കുന്ന വകുപ്പുകളാണ് അന്ന് ചുമത്തിയിരുന്നത്. എന്നാൽ ഹാജരാകാൻ തയ്യാറായില്ല. ഇതാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിച്ചത്.

ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്; നാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ  പോലീസിന് നിർദേശം
സൈഫർ കേസ്: ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയേക്കും

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത് ജൂലൈ 25 ന് രാവിലെ 10 മണിക്ക് ഹാജരാക്കണമെന്ന നിർദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇസ്ലാമാബാദ് കമ്മീഷണർക്ക് നൽകിയിരിക്കുന്നത്. ഇമ്രാൻ ഖാനും മറ്റ് പിടിഐ നേതാക്കൾക്കുമെതിരെ കഴിഞ്ഞ വർഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ആരംഭിച്ചത്.

ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്; നാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ  പോലീസിന് നിർദേശം
പിടിഐയെ നിരോധിച്ചാൽ പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കും: ഇമ്രാന്‍ഖാന്‍

കേസിലെ മറ്റൊരു പ്രതിയായ അസദ് ഉമറിനെ അറസ്റ്റ് വാറന്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരു കേസിന്റെ നടപടികള്‍ നടക്കുന്നുണ്ടെന്നും ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി അസദ് ഉമറിന്റെ അഭിഭാഷകന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിലാണ് ഒഴിവാക്കൽ. വിഷയത്തില്‍ നിലപാട് വിശദീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇമ്രാന്‍ ഖാനടക്കം മറ്റ് മൂന്നു പേരും അതിന് തയ്യാറായില്ല. പകരം നിയമ നടപടികൾ സ്വീകരിച്ചു.

കേസുമായി മുന്നോട്ട് പോകാന്‍ ഈ വർഷം ജനുവരിയിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ജൂണ്‍ 21 ന് മൂവര്‍ക്കുമെതിരെ കുറ്റം ചുമത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ജൂലൈ 11 ന് നടന്ന ഹിയറിങിന് ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടും ഇവർ ഹാജരായില്ല. പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിഞ്ഞത് മുതൽ വിവിധ കോടതികളിൽ ഇമ്രാൻ ഖാനെതിരെ നിരവധി കേസുകളാണ് നിലനിൽക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കുന്നതടക്കം നടപടികളിലേക്ക് കാര്യങ്ങൾ നീണ്ടു.

logo
The Fourth
www.thefourthnews.in