'രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു': ട്രംപിന്റെ അറസ്റ്റിനെ കുറിച്ച് സ്റ്റോമി ഡാനിയേൽസ്

'രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു': ട്രംപിന്റെ അറസ്റ്റിനെ കുറിച്ച് സ്റ്റോമി ഡാനിയേൽസ്

ഫോക്സ് നേഷന് നൽകിയ അഭിമുഖത്തിലാണ് സ്റ്റോമിയുടെ പ്രതികരണം
Updated on
1 min read

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജയിലിൽ പോകണമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പോൺ താരം സ്റ്റോമി ഡാനിയേൽസ്. ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കണമെന്ന് മാത്രമാണ് താൻ ആ​ഗ്രഹിച്ചിരുന്നത്. ഡോണൾഡ് ട്രംപിന്റെ അറസ്റ്റിന് ശേഷം ഫോക്സ് നേഷന് നൽകിയ അഭിമുഖത്തിലാണ് സ്റ്റോമിയുടെ പ്രതികരണം.

"എനിക്കെതിരായ കുറ്റകൃത്യങ്ങൾ തടവുശിക്ഷ അർഹിക്കുന്നുണ്ടോ എന്നറിയില്ല. അയാൾ ചെയ്ത മറ്റു കുറ്റങ്ങൾക്കാണ് ശിക്ഷിക്കപ്പെടേണ്ടത്"- സ്റ്റോമി അഭിമുഖത്തിൽ പറഞ്ഞു. മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായി ഒന്നര മണിക്കൂർ നീണ്ട് നിന്ന അഭിമുഖം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സമഗ്രമായ ഒന്നാണെന്നാണ് സ്റ്റോമി വിശേഷിപ്പിച്ചത്. ഒരുപാട് തെറ്റിദ്ധാരണകൾക്ക് വിരാമമിടുകയാണ് ഈ ചർച്ചയെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

ട്രംപ് കോടതിയിൽ ഹാജരായപ്പോൾ എന്ത് തോന്നി എന്ന ചോദ്യത്തിന്, താൻ ഞെട്ടിപ്പോയി എന്നാണ് സ്റ്റോമിയുടെ മറുപടി. അയാൾ രക്ഷപ്പെടുമെന്നാണ് കരുതിയതെന്നും അവർ കൂട്ടിച്ചേർത്തു."രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു - ഇനി അയാൾ നിയമത്തിന് അപ്രാപ്യനല്ല. ആരും അങ്ങനെയാവരുത്,എത്ര ഉയർന്ന പദവിയിലാണെങ്കിലും, അതിനി പ്രസിഡന്റാണെങ്കിൽ പോലും, ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വമേൽക്കണം" സ്റ്റോമി അഭിമുഖത്തിൽ പറഞ്ഞു.

'രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു': ട്രംപിന്റെ അറസ്റ്റിനെ കുറിച്ച് സ്റ്റോമി ഡാനിയേൽസ്
'അമേരിക്കയെ രക്ഷിക്കാൻ ശ്രമിച്ചതാണ് ഞാൻ ചെയ്ത ഒരേയൊരു കുറ്റം'; വിചാരണയ്ക്ക് ശേഷം അനുയായികളെ അഭിസംബോധന ചെയ്ത് ട്രംപ്

സാക്ഷി മൊഴിയെടുക്കുന്നതിനായി തന്നെ വിളിക്കുന്നത് കാത്തിരിക്കുകയാണെന്നും സ്റ്റോമി പറഞ്ഞു. താൻ ആരാണെന്നും, പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും തെളിയിക്കാനുള്ള ഒരു അവസരമാണ് ലഭിക്കുന്നതെന്നും അഭിമുഖത്തിൽ സ്റ്റോമി കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച നടക്കാനിരുന്ന മോർഗനുമായുള്ള അഭിമുഖം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്റ്റോമി മാറ്റിവയ്ക്കുകയായിരുന്നു. പതിവായി തനിക്ക് ഭീഷണികൾ ലഭിക്കുന്നുണ്ടെന്നും വരുന്ന പത്ത് മെസേജുകളിലൊന്ന് വധഭീഷണിയാണെന്നും അവർ പറഞ്ഞു. ഓരോ തവണയും ഭീഷണികൾ കൂടുതൽ ഭയാനകമാണെന്നും സ്റ്റോമി കൂട്ടിച്ചേർത്തു.

'രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു': ട്രംപിന്റെ അറസ്റ്റിനെ കുറിച്ച് സ്റ്റോമി ഡാനിയേൽസ്
ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി; അമേരിക്കയിൽ കനത്ത സുരക്ഷ

വിവാഹേതര ലൈംഗിക ബന്ധം മറച്ചുവയ്ക്കാൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ട്രംപ് പണം നൽകിയ രണ്ട് സ്ത്രീകളിൽ ഒരാളാണ് പോൺ താരം സ്റ്റോമി ഡാനിയേൽസ്. രണ്ട് ദിവസം മുൻപ് മാൻഹാട്ടൻ ജില്ലാ അറ്റോർണി ഓഫീസിൽ നേരിട്ട് ഹാജരായി ട്രംപ് കീഴടങ്ങിയിരുന്നു. ഡാനിയൽസുമായി ബന്ധമുണ്ടെന്ന് ട്രംപ് നിഷേധിച്ചെങ്കിലും പണം നൽകിയതായി സമ്മതിച്ചു. ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ മുൻ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. കേസിന്റെ നടപടിക്രമങ്ങൾ തുടരുകയാണ്.

logo
The Fourth
www.thefourthnews.in