3 ആഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 3000ത്തിലധികം കുട്ടികള്‍; 
അമേരിക്കയ്ക്കെതിരെ  'ഗാസയിലെ മാലാഖകള്‍' റിപ്പോർട്ടുമായി തെഹ്റാൻ

3 ആഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 3000ത്തിലധികം കുട്ടികള്‍; അമേരിക്കയ്ക്കെതിരെ 'ഗാസയിലെ മാലാഖകള്‍' റിപ്പോർട്ടുമായി തെഹ്റാൻ

ഗാസയില്‍ പ്രതിദിനം 420 കുട്ടികളെങ്കിലും മരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്യുന്നുവെന്നാണ് യൂണിസെഫും സൂചിപ്പിക്കുന്നത്.
Updated on
2 min read

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍- ഹമാസ് ആക്രമണത്തില്‍ ഇതിനകം കുട്ടികളടക്കം 8300 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടു. മൂവായിരത്തിലധികം കുട്ടികളാണ് ഇസ്രയേലിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഗാസയില്‍ പ്രതിദിനം 420 കുട്ടികളെങ്കിലും മരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്യുന്നുവെന്നാണ് യൂണിസെഫും സൂചിപ്പിക്കുന്നത്. ഗാസയില്‍ കൊല്ലപ്പെട്ടതില്‍ 40 ശതമാനത്തിലധികവും കുട്ടികളാണെന്ന ഞെട്ടിക്കുന്ന കണക്കുകളും പുറത്തുവരുന്നു. ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് മരണസംഖ്യ 3,457 ആയി ഉയര്‍ന്നതായി സ്വതന്ത്ര സംഘടനയായ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ പലസ്തീനും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ 'ഗാസയിലെ മാലാഖകള്‍' (Angles of Gaza) എന്ന തലക്കെട്ടോടെ കൊല്ലപ്പെട്ട കുട്ടികളുടെ പേര് അടക്കം ഉള്‍പ്പെടുത്തിയിട്ടുള്ള തെഹ്‌റാന്‍ ടൈംസിന്റെ ആദ്യ പേജ് ശ്രദ്ധേയമാണ്. കുട്ടികളുടെ പേര് മാത്രം ചിത്രമാക്കി നല്‍കിയതോടെ ഇസ്രയേല്‍ ആക്രമണത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് തെഹ്‌റാന്‍ ലോകത്തിനു മുന്നില്‍ കാണിക്കുകയാണ്. പലസ്തീനികളെയും അവരുടെ പോരാട്ടത്തെയും അമേരിക്ക പാര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഇസ്രയേല്‍ ഭരണകൂടം കൂട്ടക്കൊല ചെയ്ത ആയിരം പലസ്തീന്‍ കുട്ടികളെ ആദരിക്കാന്‍ തെഹ്‌റാന്‍ ടൈംസ് തീരുമാനിക്കുകയായിരുന്നുവെന്നാണ് തെഹ്‌റാന്‍ പറയുന്നത്.

ആശുപത്രികള്‍, വിദ്യാലയങ്ങള്‍, പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചുള്ള നീക്കമാണ് ഇസ്രയേലിന്റേതെന്ന് തെഹ്‌റാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറ്റ് ഫോസ്ഫറസ് ബോംബിങ്ങില്‍ കൊല്ലപ്പെടുന്ന കുട്ടികളെ തിരിച്ചറിയാന്‍ അവരുടെ ശരീരത്തില്‍ പേരെഴുതി വെക്കുന്ന മാതാപിതാക്കളാണ് ഗാസയിലെ ഇപ്പോഴത്തെ ദൃശ്യം. പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രയേല്‍ കുറ്റകൃത്യത്തെ നിശ്ചയദാര്‍ഢ്യത്തോടെ പിന്തുണക്കുമ്പോള്‍ അറബ് രാജ്യം ഈ ദുരവസ്ഥയോട് പ്രതികരിക്കുന്നില്ലെന്നും തെഹ്‌റാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

3 ആഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 3000ത്തിലധികം കുട്ടികള്‍; 
അമേരിക്കയ്ക്കെതിരെ  'ഗാസയിലെ മാലാഖകള്‍' റിപ്പോർട്ടുമായി തെഹ്റാൻ
ഗാസയുടെ രാഷ്ട്രീയ ഭാവി, ഇനിയുള്ള സാധ്യതകള്‍

ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ അതിജീവനത്തിന് വേണ്ടിയുള്ള ഓട്ടത്തിലാണ്. അവരുടെ വേദന നിറഞ്ഞ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയല്ലാതെ അവരുടെ ദുരവസ്ഥ മറ്റെല്ലാവരും അവഗണിക്കുകയാണ്, പ്രത്യേകിച്ചും മുഖ്യധാരാ മാധ്യമങ്ങള്‍. മനുഷ്യാവകാശത്തിന്റെ സ്വയം പ്രഖ്യാപിത ചാമ്പ്യന്‍മാരായ പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ പോലും കഴിഞ്ഞ 24 ദിവസങ്ങളില്‍ പലസ്തീന്‍ കുട്ടികളുടെ ദുരിതത്തെക്കാള്‍ ഇസ്രയേല്‍ അനുകൂല വാര്‍ത്തകള്‍ നല്‍കാനാണ് ശ്രമിച്ചത്.

സര്‍ക്കാരിതര സംഘടനയായ സേവ് ദ ചില്‍ഡ്രന്റെ കണക്കനനുസരിച്ച് കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ 20ലധികം രാജ്യങ്ങളിലായി സായുധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കുട്ടികളാണ് ഗാസയില്‍ കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളില്‍ കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കര ആക്രമണവും കുട്ടികളെ സംബന്ധിച്ച് ദുരിതപൂര്‍വമാണെന്നും എന്‍ജിഒ അഭിപ്രായപ്പെട്ടു. അതേസമയം കുറ്റപ്പെടുത്തുക എന്ന പതിവ് തന്ത്രമാണ് അമേരിക്ക ഇതിലും അവലംബിച്ചിരിക്കുന്നതെന്ന നിരീക്ഷണവും തെഹ്‌റാന്‍ പങ്കുവയ്ക്കുന്നുണ്ട്. കൊല്ലപ്പെട്ടയാളുകളുടെ എണ്ണത്തെ സംബന്ധിച്ച് കഴിഞ്ഞ ആഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പലസ്തീനികള്‍ പുറത്തു വിടുന്ന കണക്കുകളില്‍ വിശ്വാസമില്ലെന്നാണ് ബൈഡന്‍ പറഞ്ഞത്.

3 ആഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 3000ത്തിലധികം കുട്ടികള്‍; 
അമേരിക്കയ്ക്കെതിരെ  'ഗാസയിലെ മാലാഖകള്‍' റിപ്പോർട്ടുമായി തെഹ്റാൻ
'ഹമാസിന് കീഴടങ്ങുന്നതിന് തുല്യം'; വെടിനിർത്തൽ ആഹ്വാനം തള്ളി നെതന്യാഹു

ബൈഡന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി ഒക്‌ടോബര്‍ ഏഴ് മുതല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒക്ടോബര്‍ 26ന് ഗാസയിലെ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു. 150 പേജുകളിലായി അന്നുവരെ കൊല്ലപ്പെട്ട 7000 പേരുടെ വിവരങ്ങളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. കണക്ക് പ്രകാരം 3000ത്തോളം കുട്ടികളായിരുന്നു കൊല്ലപ്പെട്ടത്. ഹൃദയഭേദകമായ ഇത്തരം ദുരന്തങ്ങള്‍ അവസാനിക്കുമെന്നും പലസ്തീന്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം ഇസ്രയേല്‍ ഭരണകൂടവും പാശ്ചാത്യ രാജ്യങ്ങളും ബഹുമാനിക്കുമെന്നുുള്ള പ്രതീക്ഷയും തെഹ്‌റാന്‍ പങ്കുവയ്ക്കുന്നുണ്ട്.

നേരത്തെ കോവിഡ് 19 ലോകമെമ്പാടും ഭീതി പരത്തിയ സമയത്ത് ന്യൂയോര്‍ക്ക് ടൈംസും സമാന രീതിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചയാളുകളുടെ പേരും വയസും ചിത്രവും മറ്റ് വിവരങ്ങളുമടങ്ങിയ സമഗ്ര റിപ്പോര്‍ട്ടായിരുന്നു അത്. ലോകമെമ്പാടുമുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ ബ്യൂറോകളില്‍ നിന്നുള്ള 88 പത്രപ്രവര്‍ത്തകരും 15 സ്വതന്ത്ര എഴുത്തുകാരുമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 14 വയസു മുതല്‍ 108 വയസു വരെയുള്ള 500ലധികം പേരുടെ വിവരങ്ങളായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

logo
The Fourth
www.thefourthnews.in