അന്ന് ട്രംപ്, ഇന്ന് ബോൾസനാരോ: ക്യാപിറ്റോള്‍ മുതല്‍ ബ്രസീലിയ വരെ
പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു ബ്രസീല്‍ തലസ്ഥാന നഗരിയിലേക്ക് തീവ്ര വലതുപക്ഷക്കാര്‍ ഇരച്ചെത്തിയത്. മുന്‍ പ്രസിഡന്റ് ജയ്ർ ബോൾസനാരോയുടെ അനുയായികള്‍ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളിലേക്കെല്ലാം അതിക്രമിച്ച് കയറി. തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരസ്കരിച്ചതിന്റെ പ്രതികാരമെന്നോണമാണ് തീവ്ര വലതുപക്ഷക്കാര്‍ തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടത്. രണ്ട് വർഷം മുൻപ് യുഎസില്‍ നടന്ന ക്യാപിറ്റോൾ കലാപത്തിനോട് എല്ലാ അർത്ഥത്തിലും സമാനതകളുണ്ടായിരുന്നു ബ്രസീലിയയിലെ കലാപത്തിന്. യുഎസില്‍ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുകൂലികളായിരുന്നെങ്കിൽ ഇവിടെ അതേ പ്രത്യയശാസ്ത്രത്തിന്റെ തീവ്ര വക്താവായ ബോൾസനാരോയുടെ അനുയായികളായിരുന്നു. രണ്ടിടത്തും പ്രവൃത്തിച്ച ആശയവും അത് പ്രചരിപ്പിച്ച രീതിയും ഒന്ന് തന്നെ.
ഭരണത്തിലേക്കുള്ള കടന്നുവരവ്
ഭരണത്തിലും രാഷ്ട്രീയ നിലപാടുകളിലും വെച്ചുപുലർത്തുന്ന ബോധ്യങ്ങളിലും ട്രംപിനോട് സമനാണ് ബോൾസനാരോ. ഭരണത്തിലേറുന്നതിന് മുൻപുണ്ടായിരുന്ന വ്യവസ്ഥിതിയെ പൂർണമായും തള്ളി പറഞ്ഞ്, വലതുപക്ഷത്തിന്റെ ആയുധമായ പോപ്പുലിസ്റ്റ് രീതിയും പ്രയോഗിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും കടന്നു വരവ്. രാജ്യത്തിന്റെ രക്ഷകരായിട്ടായിരുന്നു ഇരുവരും സ്വയം അവതരിച്ചത്.
തദ്ദേശീയ ജനതയുടെ വംശഹത്യ, അടിമത്തം, സ്ത്രീകൾ, കറുത്തവർഗക്കാർ, കുടിയേറ്റക്കാർ എന്നിവരോടുള്ള വിവേചനത്തിന്റെ ചരിത്രം പേറുന്ന അമേരിക്കൻ പാരമ്പര്യം അവഗണിച്ച് 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' എന്ന മുദ്രാവാക്യമായാണ് ട്രംപ് പ്രചാരണം ആരംഭിച്ചത്. മറുവശത്ത്, 1964-1985 കാലഘട്ടത്തിൽ ബ്രസീലിന്റെ രക്തരൂക്ഷിതമായ സൈനിക സ്വേച്ഛാധിപത്യത്തിന്റെ ചെയ്തികളിൽ ബോൾസോനാരോയും ക്ഷമാപണം നടത്തി. അതേസമയം, രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യ കാലങ്ങളിൽ സർവാധിപത്യത്തെ പ്രശംസിച്ചുള്ള പ്രസ്താവനകൾ പരസ്യമായി പറഞ്ഞ നേതാവായിരുന്നു ബോൾസനാരോ. "ഒരാളെയെങ്കിലും കൊന്നിട്ടില്ലാത്ത പോലീസുകാരൻ, പോലീസാകാൻ യോഗ്യനല്ല" തുടങ്ങി അക്രമങ്ങളും അനീതിയും വാണിരുന്ന 1985ന് മുൻപുണ്ടായിരുന്ന ബ്രസീലിനെ "മഹത്തായ കാലഘട്ടം" എന്നുവരെ മുൻ സൈനിക ക്യാപ്റ്റനായിരുന്ന ബോൾസനാരോ വിശേഷിപ്പിച്ചിരുന്നു.
മുൻ വൈറ്റ് ഹൗസ് ചീഫ് സ്ട്രാറ്റജിസ്റ്റായിരുന്നു ബാനൻ. 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സംശയം ജനിപ്പിക്കാൻ ഉപയോഗിച്ച അതേ തന്ത്രം ബ്രസീലിലും അദ്ദേഹം പുറത്തെടുത്തു
ഭരണനാളിലെ നിലപാടുകളിലെ സമാനത
നാല് കൊല്ലം നീണ്ട ഭരണകാലയളവിൽ ബോൾസനാരോയുടെ ഓരോ തീരുമാനങ്ങളിലും ട്രംപിന്റെ പ്രതിഫലനങ്ങളുണ്ട്. ദൈവം, രാജ്യം, കുടുംബം ഇതായിരുന്നു ബോൾസനാരോയുടെ ആപ്തവാക്യം. ചില വ്യക്തികളെയും ഗ്രൂപ്പുകളെയും സമൂഹത്തെ ബാധിക്കുന്ന എല്ലാ തിന്മകൾക്കും കാരണക്കാരായി ചൂണ്ടികാണിക്കുന്ന പ്രവണത ഇരുവരും പാലിച്ചുപോന്നു. മെക്സിക്കോയിൽ നിന്ന് കുടിയേറിയവരെ 'റേപ്പിസ്റ്റുകൾ' എന്നും മുസ്ലീങ്ങളെ 'തീവ്രവാദി'കളായും ചിത്രീകരിക്കുകയായിരുന്നു ട്രംപിന്റെ പതിവ്. അതേസമയം ആഫ്രിക്കൻ അസ്തിത്വം പേറുന്ന തദ്ദേശീയ ജനതയും, എൽജിബിടിക്യു വിഭാഗവും, പരിസ്ഥിതി വാദികളും മനുഷ്യാവകാശ പ്രവർത്തകരുമൊക്കെ ആയിരുന്നു ബ്രസീലില്‍ പ്രശ്‌നങ്ങൾക്കെല്ലാം കാരണക്കാരെന്ന പക്ഷക്കാരനായിരുന്നു ബോള്‍സനാരോ. സ്ത്രീവിരുദ്ധതയും സ്ത്രീകൾക്കെതിരായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ഇരുനേതാക്കളുടെയും പൊതുസ്വഭാവമായിരുന്നു.
കോവിഡ് മുതൽ കാലാവസ്ഥ വ്യതിയാനം വരെ
ഭരണത്തിലെ കെടുകാര്യസ്ഥതയിലും ഇരുവരും സമന്മാരാണ്. കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ പേരുടെ മരണം റിപ്പോർട്ട് ചെയ്തതിൽ അമേരിക്കയും ബ്രസീലുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കോവിഡ് ടെസ്റ്റുകൾ കൂടുതലായത് കൊണ്ടാണ് കേസുകളും ഉയരുന്നത് എന്നായിരുന്നു ട്രംപിന്റെ മറുപടി. ബോൾസനാരോ കോവിഡിനെ ഒരു ഫ്ലൂ മാത്രമായാണ് പരിഗണിച്ചിരുന്നത്. രണ്ടു പേരുടെയും നിലപാടുകൾ മൂലം ദുരിതമനുഭവിച്ചത് രാജ്യങ്ങളിലെ ജനങ്ങളും.
കാലാവസ്ഥ വ്യതിയാന വിഷയങ്ങളിലും ഇരുവരും ഒരേ ചിന്താഗതിക്കാർ ആയിരുന്നു. കാലാവസ്ഥ വ്യതിയാനം അമേരിക്കയെ തകർക്കാൻ ചൈന സൃഷ്ടിച്ചതാണെന്ന് ട്രംപ് പറഞ്ഞപ്പോൾ ആമസോൺ കാടുകൾ ഭൂമിയുടെ ശ്വാസകോശമാണെന്ന് പറയുന്നതിനെ പരിഹസിക്കുകയാണ് ബോൾസനാരോ ചെയ്തത്. മഞ്ഞുവീഴ്ചയുള്ള ന്യൂയോർക്കിനെ ചൂടാക്കാൻ ആഗോളതാപനം വർധിക്കട്ടെയെന്ന് വരെ ട്രംപ് പറഞ്ഞു. അതേസമയം, ആമസോൺ കാടുകളുടെ നശീകരണം ഏറ്റവും കൂടുതൽ നടന്ന കാലമായിരുന്നു ബോൾസനാരോയുടേത്.
കലാപത്തിനും സമാനതകള്‍
രാജ്യത്ത് ഏതൊക്കെ തരത്തിൽ വേർതിരിവുകൾ സൃഷ്ടിക്കാമോ അതെല്ലാം പരീക്ഷിച്ചു. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന തന്ത്രം വളരെ തന്ത്രപരമായി നടപ്പാക്കിയ നേതാക്കളാണ് ഇരുവരും. അതിന്റെ അനുരണനമായിരുന്നു അമേരിക്കയിൽ 2020 ജനുവരി ആറിനും ബ്രസീലിൽ ഞായറാഴ്ചയും കണ്ടത്. സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക രംഗങ്ങളിലെല്ലാം വിഭജനം പ്രകടവുമായിരുന്നു. 2022 തിരഞ്ഞെടുപ്പ് അടുത്തപ്പോഴും ബോൾസനാരോ ട്രംപിന്റെ പാതയിൽ തന്നെ കാര്യങ്ങളെ നേരിട്ടു. അമേരിക്കൻ മുൻ പ്രസിഡന്റ് തൊടുത്തുവിട്ട 'വോട്ടെടുപ്പിൽ ക്രമക്കേട്' എന്ന പൊയ്ക്കഥ ബോൾസനാരോയും ബ്രസീലിൽ ഇടതടവില്ലാതെ ആവർത്തിച്ചു. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെയും അത് തന്നെയായിരുന്നു ബോൾസനാരോയുടെയും അനുയായികളുടെയും മുദ്രാവാക്യം.
അന്ന് തന്നെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ബോൾസനാരോയുടെയോ അനുയായികളുടെയോ ഭാഗത്ത് നിന്നുണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. ക്യാപിറ്റോൾ ആക്രമണത്തിന്റെ നാൾവഴികൾ ഉരുത്തിരിഞ്ഞത് പോലെ തന്നെയായിരുന്നു കഴിഞ്ഞ ദിവസത്തെ കലാപവും. സാമൂഹ്യ മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവും പകർന്നു നൽകിയ ഇന്ധനമായിരുന്നു രണ്ടിടത്തും അനുയായികൾക്ക് ഊർജം പകർന്നത്.
ക്യാപിറ്റോൾ ആക്രമണത്തിന് മുന്നോടിയായി 'എല്ലാം നാളെ സംഭവിക്കും" എന്ന് മുന്നറിയിപ്പ് നൽകിയ സ്റ്റീവ് ബാനോന്റെ പോഡ്കാസ്റ്റ് ബ്രസീലിലും തന്റെ ചുമതല കൃത്യമായി നിർവഹിച്ചു. മുൻ വൈറ്റ് ഹൗസ് ചീഫ് സ്ട്രാറ്റജിസ്റ്റായിരുന്നു ബാനൻ. 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സംശയം ജനിപ്പിക്കാൻ ഉപയോഗിച്ച അതേ തന്ത്രം ബ്രസീലിലും അദ്ദേഹം പുറത്തെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ബ്രസീലിയൻ തിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ട് വോട്ടെടുപ്പിന് ശേഷം എല്ലാം ചീഞ്ഞുനാറുന്നു എന്ന് അദ്ദേഹം തന്റെ പോഡ്കാസ്റ്റ് വഴി പറഞ്ഞിരുന്നു. അങ്ങനെ നിരവധി പ്രൊഫൈലുകളുടെ ഒരു കൂട്ടായ പരിശ്രമമായിരുന്നു ഇരു രാജ്യങ്ങളിലും കലാപത്തിന് കോപ്പ് കൂട്ടിയത്.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നാട് വിടുമെന്ന് ട്രംപ് ഭീഷണി മുഴക്കുക മാത്രം ചെയ്തപ്പോൾ ഒരു വാക്ക് പോലും പറയാതെ നാടുവിടുകയാണ് ബോൾസനാരോ ചെയ്തത്. അതുപോലെ അധികാരകൈമാറ്റം അത്ര സുഗമായിരിക്കില്ല എന്ന് ട്രംപ് പറഞ്ഞപ്പോൾ ആ ചടങ്ങിന് കാത്തുനിൽക്കാതെ ബ്രസീലിൽ നിന്ന് തന്നെ ബോൾസനാരോ മാറി നിന്നു. ആകെയുള്ള വ്യത്യാസം കലാപം നടക്കുമ്പോൾ ട്രംപ് തന്റെ രാജ്യത്തും ബോൾസനാരോ രാജ്യത്തിന് പുറത്തുമായിരുന്നു എന്നത് മാത്രമാണ്.