ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാകുന്ന സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ്; അമേരിക്കന്‍ താല്‍പ്പര്യമെന്ത്? പേരിനു പിന്നിലെ ചരിത്രം

ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാകുന്ന സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ്; അമേരിക്കന്‍ താല്‍പ്പര്യമെന്ത്? പേരിനു പിന്നിലെ ചരിത്രം

ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന മൂന്നു ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണം വരുന്ന ദ്വീപിന് എങ്ങനെയാണ് സെന്റ് മാര്‍ട്ടിന്‍സ് എന്ന പേര് ലഭിച്ചത്? ഇവിടെ അമേരിക്കയുടെ താല്‍പ്പര്യമെന്താണ്?
Updated on
2 min read

തന്നെ അധികാരത്തില്‍നിന്നു പുറത്താക്കിയതിനുപിന്നില്‍ അമേരിക്കയുടെ ഗൂഢാലോചനയാണെന്നാണ് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കഴിഞ്ഞദിവസം ആരോപിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതാണ് അമേരിക്കയ്ക്ക് തന്നോടുള്ള വിരോധത്തിനു കാരണമെന്നും ഹസീന പറയുകയുണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന മൂന്നു ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണം വരുന്ന ദ്വീപിന് എങ്ങനെയാണ് സെന്റ് മാര്‍ട്ടിന്‍സ് എന്ന പേര് ലഭിച്ചത്? ഇവിടെ ഷെയ്ഖ് ഹസീന പറയുന്നതുപോലെ അമേരിക്കയുടെ താല്‍പ്പര്യമെന്താണ്?

സെന്റ് മാര്‍ട്ടിന്‍സ് ദ്വീപിന്റെ പ്രാധാന്യം

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായാണ് ബംഗ്ലാദേശിലെ ഏക പവിഴ ദ്വീപായ സെന്റ് മാര്‍ട്ടിന്‍സ് സ്ഥിതിചെയ്യുന്നത്. 1971-ല്‍ ബംഗ്ലാദേശ് എന്ന രാജ്യം നിലവില്‍ വന്നതുമുതല്‍ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നാണെന്നുള്ളതും മ്യാന്മറുമായുള്ള സമുദ്രാതിര്‍ത്തിയും കാരണം തന്ത്രപ്രധാനമായ ദ്വീപില്‍, അമേരിക്കയ്ക്കു കണ്ണുണ്ടെന്നതു പരസ്യമായ രഹസ്യമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ വ്യോമതാവളമാണ് അമേരിക്കന്‍ ലക്ഷ്യമെന്നാണ് ആരോപണം. അമേരിക്കന്‍ കടന്നുവരവിനെ ചെറുക്കുന്നതിനും മേഖലയിലെ ആധിപത്യത്തിനുമായി ചൈനയ്ക്കും ഇവിടെ താല്‍പ്പര്യങ്ങളുണ്ട്.

ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാകുന്ന സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ്; അമേരിക്കന്‍ താല്‍പ്പര്യമെന്ത്? പേരിനു പിന്നിലെ ചരിത്രം
'ബംഗ്ലാദേശിലെ ഭരണമാറ്റത്തിന് പിന്നിൽ അമേരിക്ക;' സെന്റ് മാർട്ടിൻ ദ്വീപ് വിട്ടുകൊടുക്കാത്തതിന്റെ വിരോധമെന്ന് ഷെയ്ഖ് ഹസീന

മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുള്ള സഹായത്തിനു പകരമായി സൈനികത്താവളം നിര്‍മിക്കാന്‍ യുഎസിന് വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കഴിഞ്ഞവര്‍ഷം ജൂണില്‍ ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. ആരോപണം തളളിയ യുഎസ് വിദേശകാര്യ വകുപ്പ്, ബംഗ്ലാദേശിന്റെ പരമാധികാരത്തെ മാനിക്കുന്നതിലും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറയുകയുണ്ടായി.

സെന്റ് മാര്‍ട്ടിന്‍സ്: പേരിനുപിന്നില്‍

മ്യാന്മറിനു സമീപമുള്ള ബംഗ്ലാദേശിന്റെ തെക്കേ അറ്റത്തുള്ള ഉപദ്വീപായ കോക്സ് ബസാര്‍-ടെക്നാഫിന്റെ അറ്റത്തുനിന്ന് ഏകദേശം ഒന്‍പത് കിലോമീറ്റര്‍ തെക്കായാണ് സെന്റ് മാര്‍ട്ടിന്‍സ് നിലകൊള്ളുന്നത്. ഒരുകാലത്ത് ടെക്നാഫ് ഉപദ്വീപിന്റെ ഭാഗമായിരുന്നു സെന്റ് മാര്‍ട്ടിന്‍സ്. എന്നാല്‍ ഉപദ്വീപിന്റെ ഒരു ഭാഗം വെള്ളത്തില്‍ മുങ്ങിയതോടെ വേര്‍പെട്ടു.

സമ്പന്നമായ ചരിത്രംപേറുന്ന സെന്റ് മാര്‍ട്ടിന്‍സില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ അറേബ്യന്‍ വ്യാപാരികളാണ് ആദ്യം സ്ഥിരതാമസമാക്കിയത്. അവര്‍ ദ്വീപിന് 'ജാസിറ' എന്ന് പേരിട്ടു. 1900-ല്‍, ബ്രിട്ടീഷ് ലാന്‍ഡ് സര്‍വേ സംഘം ദ്വീപിനെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി ഉള്‍പ്പെടുത്തി. സെന്റ് മാര്‍ട്ടിന്‍ എന്ന ക്രിസ്ത്യന്‍ പുരോഹിതന്റെ പേരും നല്‍കി. അതേസമയം, ചിറ്റഗോങ്ങിലെ അന്നത്തെ ഡെപ്യൂട്ടി കമ്മിഷണര്‍ മിസ്റ്റര്‍ മാര്‍ട്ടിന്റെ പേരിലാണ് ദ്വീപ് അറിയപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1937ല്‍ മ്യാന്മര്‍ വേര്‍പെട്ടശേഷം ദ്വീപ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി തുടര്‍ന്നു. 1947-ലെ വിഭജനം വരെ സെന്റ് മാര്‍ട്ടിന്‍സ് പാക്കിസ്താന്റെ നിയന്ത്രണത്തിലായിരുന്നു. 1971-ലെ വിമോചനയുദ്ധത്തിനുശേഷം ദ്വീപ് ബംഗ്ലാദേശിന്റെ ഭാഗമായി.

മൂന്ന് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ദ്വീപില്‍ ഏകദേശം 3,700 പേരാണ് താമസിക്കുന്നത്. മീന്‍പിടിത്തം, നെല്‍കൃഷി, തെങ്ങ് കൃഷി, കടല്‍പ്പായല്‍ വിളവെടുപ്പ് എന്നിവയാണ് പ്രധാന വരുമാനമാര്‍ഗം. കടല്‍പ്പായല്‍ ഉണക്കി മ്യാന്മറിലേക്കു കയറ്റുമതി ചെയ്യുന്നു.

തെങ്ങുകള്‍ സമൃദ്ധമായതിനാല്‍ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപിന് ബംഗാളിയില്‍ 'നരികേല്‍ ജിഞ്ചിറ' (തെങ്ങുകളുടെ ദ്വീപ്) എന്നാണ് വിളിപ്പേര്. 'ദാരുചിനി ദ്വീപ്' അഥവാ കറുവപ്പട്ട ദ്വീപ് എന്നും ഇത് അറിയപ്പെടുന്നു.

ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാകുന്ന സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ്; അമേരിക്കന്‍ താല്‍പ്പര്യമെന്ത്? പേരിനു പിന്നിലെ ചരിത്രം
മൈക്രോലെൻഡിങ്ങിലൂടെ ദാരിദ്ര്യ നിർമാർജനം, ഷെയ്ഖ് ഹസീനയുടെ നിശിത വിമർശകൻ; ആരാണ് ബംഗ്ലാദേശിൽ അധികാരമേൽക്കുന്ന മുഹമ്മദ് യൂനൂസ്?

മ്യാന്മറുമായുള്ള തര്‍ക്കം

സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് ബംഗ്ലാദേശിന്റെ ഭാഗമാകുമെന്ന് ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ 1974-ല്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ സമുദ്രാതിര്‍ത്തി നിര്‍ണയിക്കുന്നതിലുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് ദ്വീപിന്മേല്‍ മ്യാന്മര്‍ അവകാശവാദം ഉന്നയിച്ചു. ഈ പ്രദേശത്തിന് ചുറ്റുമുള്ള മീന്‍പിടിത്തം സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. ദ്വീപിലേക്കു മീന്‍പിടിത്തത്തിനുപോയ ബംഗ്ലാദേശി ബോട്ടുകള്‍ക്കുനേരെ മ്യാന്മര്‍ നാവികസേന വെടിവയ്പ് മുന്നറിയിപ്പ് നല്‍കിയതും മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതും കാര്യങ്ങള്‍ വഷളാക്കി.

ഒടുവില്‍, സെന്റ് മാര്‍ട്ടിന്‍സ് ബംഗ്ലാദേശിന്റെ ഭാഗമാണെന്ന് രാജ്യാന്തര സമുദ്രനിയമ ട്രിബ്യൂണല്‍ (ഐടിഎല്‍ഒഎസ്) 2012-ല്‍ വിധിച്ചു. 2018-ല്‍, ദ്വീപിനെ തങ്ങളുടെ പരമാധികാര പ്രദേശത്തിന്റെ ഭാഗമായി മ്യാന്‍മര്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തി. എന്നാല്‍ തെറ്റ് പറ്റിയതാണെന്ന് മ്യാന്മര്‍ പിന്നീട് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in