സൊമാലിയൻ തീരത്ത് വീണ്ടും കപ്പൽ റാഞ്ചി: ലൈബീരിയന്‍ പതാക വഹിക്കുന്ന ചരക്കുകപ്പലില്‍ 15 ഇന്ത്യക്കാരും
അറബിക്കടലിൽ സൊമാലിയന്‍ തീരത്ത് 15 ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട 'എംവി ലില നോർഫോക്' കപ്പൽ കൊള്ളക്കാര്‍ തട്ടിയെടുത്തു. ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലാണ് റാഞ്ചിയത്. സൊമാലിയന്‍ കൊള്ളക്കാരാരാണ് റാഞ്ചലിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകുന്നേരമാണ് കപ്പല്‍ റാഞ്ചിയ വിവരം ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചത്. കപ്പലിന്റെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
എംവി ലില നോർഫോക്' എന്ന കപ്പലിൽ 15 ഇന്ത്യൻ ജീവനക്കാരുണ്ടെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. കപ്പലിലെ ജീവനക്കാരുടെ സാഹചര്യവും സുരക്ഷയും വിലയിരുത്താനായി കപ്പലുമായി ആശയവിനിമയം സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. "യുകെഎംടിഒ (യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്) പോർട്ടലിൽ കപ്പൽ ഒരു സന്ദേശം അയച്ചിരുന്നു.
ഇതുപ്രകാരം 2024 ജനുവരി 4 ന് വൈകുന്നേരം കപ്പലിൽ ഏകദേശം അഞ്ചോ ആറോ പേരടങ്ങുന്ന അജ്ഞാതരായ സായുധ സംഘം കയറിയതായി ഇത് സൂചിപ്പിക്കുന്നു," ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ പറഞ്ഞു. സ്ഥിതിഗതികൾ നേരിടാൻ ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ ഹൈജാക്ക് ചെയ്ത കപ്പലിന് സമീപത്തേക്ക് നീങ്ങുകയാണെന്ന് നാവികസേന കൂട്ടിച്ചേർത്തു.
“നാവികസേനാ വിമാനം ചലനങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയാണ്. സഹായത്തിനായി ഐഎൻഎസ് ചെന്നൈ കപ്പൽ അടുത്തുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ മറ്റ് ഏജൻസികൾ/എംഎൻഎഫ് എന്നിവയുമായി ഏകോപിപ്പിച്ച് മൊത്തത്തിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു,” പ്രസ്താവനയിൽ പറയുന്നു. ഹൈജാക്കിംഗിനെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
മാൾട്ടീസ് പതാക ഘടിപ്പിച്ച വ്യാപാരക്കപ്പൽ അറബിക്കടലിൽ വെച്ച് അജ്ഞാതരായ അക്രമികൾ പിടിച്ചെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ കപ്പൽ തട്ടികൊണ്ട് പോയിട്ടുള്ളത്. ആറ് 'കടൽക്കൊള്ളക്കാർ' കപ്പലിൽ കയറിയതായി കപ്പൽ സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു.
ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ വിമാനം കപ്പലിന് മുകളിലൂടെ പറന്ന് കപ്പലുമായി ബന്ധം സ്ഥാപിച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി. 18 ജീവനക്കാരിൽ ഒരാളായ ബൾഗേറിയൻ പൗരനെ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് വൈദ്യസഹായം നൽകുന്നതിനായി കപ്പലിൽ നിന്ന് പുറത്തെത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
2008 നും 2013 നും ഇടയിൽ ഈ മേഖലയിൽ കടൽക്കൊള്ളക്കാരുടെ ആക്രമണം ഉയർന്നുവെങ്കിലും ഇന്ത്യൻ നാവികസേന ഉൾപ്പെടെയുള്ള മൾട്ടി-നാഷണൽ മാരിടൈം ടാസ്‌ക് ഫോഴ്‌സിന്റെ യോജിച്ച ശ്രമങ്ങൾ കാരണം പിന്നീട് ക്രമാനുഗതമായി കുറഞ്ഞിരുന്നു.