ശ്രീലങ്കയിൽ സൈന്യവും സമരക്കാരും നേർക്കുനേർ; ഫാസിസ്റ്റുകളെന്ന് വിക്രമസിംഗെ, അടിച്ചമര്‍ത്താന്‍ സൈന്യത്തിന് നിര്‍ദേശം

ശ്രീലങ്കയിൽ സൈന്യവും സമരക്കാരും നേർക്കുനേർ; ഫാസിസ്റ്റുകളെന്ന് വിക്രമസിംഗെ, അടിച്ചമര്‍ത്താന്‍ സൈന്യത്തിന് നിര്‍ദേശം

ജനാധിപത്യത്തിനെതിരെയുള്ള ഫാസിസ്റ്റ് ഭീഷണിയെ ഇല്ലാതാക്കണമെന്ന് വിക്രമസിംഗെ
Updated on
1 min read

രാജിവയ്ക്കാതെ പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജ്യം വിട്ടതോടെ, സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമാകുന്നു. ഗോതബായയുടെ ഒളിച്ചോട്ടത്തിനു പിന്നാലെ, പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രതിഷേധക്കാര്‍ കൈയേറിയിയിരുന്നു. ലങ്കന്‍ പാര്‍ലമെന്റിനു മുന്നിലും സമരക്കാര്‍ ഒത്തുചേര്‍ന്നിട്ടുണ്ട്. തലസ്ഥാനമായ കൊളംബോയില്‍ ഉള്‍പ്പെടെ പ്രതിഷേധക്കാരും സൈന്യവും ഏറ്റുമുട്ടല്‍ തുടരുകയാണ്. സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം കനത്തതോടെ, ക്രമസമാധാന പാലനത്തിനായി 'എന്തും ചെയ്യാന്‍' സൈന്യത്തിന് ആക്ടിങ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ നിര്‍ദേശം നല്‍കി.

ഗോതബായ രാജ്യം വിട്ടതിനു പിന്നാലെയാണ് പ്രധാനമന്ത്രി വിമക്രമസിംഗെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈയേറിയവരോട് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയെ കീറിമുറിക്കാന്‍ സാധിക്കില്ല. ഫാസിസ്റ്റുകളെ ഭരണം പിടിക്കാന്‍ അനുവദിക്കില്ല. ജനാധിപത്യത്തിനുള്ള ഫാസിസ്റ്റ് ഭീഷണിയെ ഇല്ലാതാക്കണമെന്നാണ് ടെലിവിഷന്‍ അഭിസംബോധനയില്‍ വിക്രമസിംഗെ പറഞ്ഞത്. ക്രമസമാധാനം പാലിക്കാന്‍ എന്തും ചെയ്യാമെന്നാണ് സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും രാജിക്കത്ത് നല്‍കാതെയാണ് ഗോതബായ രാജ്യം വിട്ടത്. മാലിദ്വീപിലേക്ക് കടക്കുകയാണെന്ന വാര്‍ത്ത വന്നയുടനെ അദ്ദേഹം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ കൊളംബോ നഗരത്തിലുടനീളം പ്രതിഷേധം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ജനക്കൂട്ടം തടിച്ചുകൂടിയതിനാല്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലേക്കും പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതോടെ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുന്നതിന്റെ സൂചനയാണോ പ്രധാനമന്ത്രിയുടെ വാക്കുകള്‍ എന്ന ആശങ്കകളും ഉയരുന്നുണ്ട്. രാഷ്ട്രീയത്തിലോ, ഭരണകൂടത്തിലോ സൈന്യം സജീവമായി ഇടപെട്ടതിന്റെ ചരിത്രം ശ്രീലങ്കയ്ക്കില്ലെന്നാണ് കൊളംബോയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഭവാനി ഫോന്‍സെകയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ശക്തമായൊരു ജനാധിപത്യ വ്യവസ്ഥിതിയാണ് രാജ്യത്ത് ഉണ്ടായിരുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളായിരുന്നു ഭരണം നിര്‍വഹിച്ചിരുന്നത്. എന്നാലിപ്പോള്‍, സമാനകളില്ലാത്ത സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് എന്തും സാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in