'മരണശേഷവും കുട്ടികളുണ്ടാകും'; സൈനികര്‍ക്കു വേണ്ടി നിയമം പൊളിച്ചെഴുതി യുക്രെയ്ന്‍ പാര്‍ലമെന്റ്
യുദ്ധത്തില്‍ മരിച്ച യുക്രെയ്ന്‍ സൈനികരുടെ വിധവകള്‍ക്ക് തങ്ങളുടെ പങ്കാളിയുടെ ശീതികരിച്ച പ്രത്യുല്‍പ്പാദന കോശങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ ജനിപ്പിക്കാനുള്ള നിയമതടസം നീക്കി യുക്രെയ്ന്‍ പാര്‍ലമെന്റ്. യുക്രെയ്ന്‍ സേനയിലെ പുരുഷ-വനിതാ സൈനികര്‍ക്ക് തങ്ങളുടെ പ്രത്യുല്‍പ്പാദന കോശങ്ങളായ ബീജവും അണ്ഡവും ശീതികരിച്ചു സൂക്ഷിക്കാനും തങ്ങളുടെ മരണശേഷം പങ്കാളിക്ക് അതില്‍ നിന്ന് കുട്ടികളെ ജനിപ്പിക്കാനുമുള്ള അനുമതി നല്‍കുന്ന പ്രത്യേക ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. ബില്ലില്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി ഒപ്പുവയ്ക്കുന്നതോടെ അത് നിയമമാകുമെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ യുക്രെയ്ന്‍ അറിയിച്ചു.
യുദ്ധത്തില്‍ കൊല്ലപ്പെടുന്ന സൈനികരുടെ പ്രത്യുല്‍പ്പാദന കോശങ്ങള്‍ ശീതികരിച്ചു സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് നീക്കിവയ്ക്കാനും ബില്ലില്‍ ശിപാര്‍ശയുണ്ട്. മൂന്നു വര്‍ഷക്കാലം ഇത്തരത്തില്‍ സൈനികരുടെ കോശങ്ങള്‍ സര്‍ക്കാര്‍ ലാബുകളില്‍ സൂക്ഷിച്ചുവയ്ക്കും. ഇതുപയോഗിച്ച് പങ്കാളിയില്‍ കുട്ടികള്‍ ജനിച്ചാല്‍ ആ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ മരണപ്പെട്ട ബയോളജിക്കല്‍ രക്ഷിതാവിന്റെ വിവരങ്ങള്‍ പ്രത്യേകമായി ഉള്‍പ്പെടുത്തണമെന്ന ഉപാധിയുണ്ട്.
ക്രയോപ്രിസർവേഷൻ എന്നറിയപ്പെടുന്ന ഈ പ്രക്രിയ അടിയന്തരവും എന്നാൽ സങ്കീർണവുമായ ഒരു പ്രശ്നമാണെന്ന് ബില്ലിൻ്റെ സഹ-രചയിതാവ് എംപി ഒലീന ഷുല്യാക് വ്യക്തമാക്കി. " യുദ്ധം മൂലം സാധാരണ ജീവിതവും മറ്റുും നഷ്ടപ്പെട്ട സൈനികർക്ക് പലപ്പോഴും കുഞ്ഞുങ്ങളും കുടുംബവും ഉണ്ടാക്കാൻ സമയം ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം," അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ യുദ്ധത്തിൽ യുക്രെയ്‌ന്റെ സൈനിക വിഭാഗത്തിൽ ഉണ്ടായ നാശ നഷ്ടങ്ങൾ എത്രയാണെന്ന കണക്കുകൾ അതീവ രഹസ്യമായാണ് രാജ്യം കൈകാര്യം ചെയ്യുന്നത്. എന്നാൽ 70,000 സൈനികർ കൊല്ലപ്പെടുകയും അതിൻ്റെ ഇരട്ടിയോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്രയധികം സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ പല കുടുംബങ്ങൾക്കും പുതിയ നിയമം ഏറെ സഹായകമാകുമെന്നാണ് കണക്കാക്കുന്നത്.
റഷ്യൻ അധിനിവേശം ആരംഭിച്ച സാഹചര്യത്തിൽ തന്നെ സൈനികർക്കായി ഫ്രീസിംഗും പുനരുൽപാദന സെല്ലുകളുടെ സംഭരണവും നടത്തുന്നതിനെ ചൊല്ലി ചർച്ചകൾ നില നിന്നിരുന്നു. രണ്ട് വർഷം നീണ്ട യുദ്ധത്തിൽ പോരാടുന്ന യുക്രെയ്ൻ യുവാക്കൾക്കിടയിൽ മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആയിരുന്നു ഇത്. എന്നാൽ രാജ്യത്തിൻ്റെ ഫെർട്ടിലിറ്റി നയങ്ങളിൽ മാറ്റം വരുത്താനുള്ള നീക്കം പല കാരണങ്ങൾ കൊണ്ട് വിമർശനങ്ങൾക്ക് കാരണമായിരുന്നു.