ഇന്ന് ലോക മലേറിയ ദിനം; മലേറിയ നിർമാർജനത്തിന് രാജ്യങ്ങളുടെ പിന്തുണ തേടി ലോകാരോഗ്യ സംഘടന
ഇന്ന് ലോക മലേറിയ ദിനം. മലേറിയയെ പൂർണമായും തുടച്ചുനീക്കാനുളള സമയമാണെന്ന് ലോകാരോഗ്യ സംഘടന. മലേറിയയുടെ വ്യാപനം തടയുന്നതിനും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായി ആഗോള തലത്തിൽ രാജ്യങ്ങള്‍ പ്രയത്‌നിക്കണമെന്ന് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചു.
2020ൽ 6,25,000 പേർ മലേറിയ ബാധിച്ച് മരിച്ചപ്പോൾ 2021ൽ 619,000 പേർ മലേറിയ ബാധിച്ച് മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, 2020-ൽ 247 ദശലക്ഷം പേർക്ക് മലേറിയ ബാധിച്ചപ്പോൾ അതേ വർഷം 245 ദശലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2015-നെ അപേക്ഷിച്ച് 2020 അവസാനത്തോടെ, മലേറിയ കേസുകളുടെ എണ്ണത്തിലും മരണനിരക്കിലും 40 ശതമാനം കുറവ് കൈവരിച്ചത് തെക്ക്-കിഴക്കൻ ഏഷ്യയാണ്.
കോവിഡ് പശ്ചാത്തലത്തിൽ ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള അവസ്ഥയിലേയ്ക്ക് ലോകം എത്തിയിട്ടില്ല
2030 ഓടെ ആഗോളതലത്തിൽ മലേറിയ കേസുകളുടെ എണ്ണവും മരണനിരക്കും 90 ശതമാനമോ അതിൽ കൂടുതലായോ കുറയ്ക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതിയായിരുന്നു WHO ഗ്ലോബൽ ടെക്നിക്കൽ സ്ട്രാറ്റജി. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള അവസ്ഥയിലേയ്ക്ക് ലോകം എത്തിയിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറയുന്നത്. മലേറിയ നിയന്ത്രിക്കുന്ന കാര്യത്തിൽ തെക്ക്-കിഴക്കൻ ഏഷ്യൻ മേഖല ആഗോളതലത്തിൽ മുന്നിലാണ്.
കോവിഡിന്റെ സമയത്ത് പോലും മാലിദീപും ശ്രീലങ്കയും മലേറിയ ഇല്ലാത്ത രാജ്യങ്ങളായി തുടർന്നു. 2025-ഓടെ പൂർണ്ണമായും മലേറിയ നീക്കം ചെയ്യാൻ കഴിവുള്ളതായി ആഗോള തലത്തിൽ തിരിച്ചറിഞ്ഞ 25 രാജ്യങ്ങളിൽ ഭൂട്ടാൻ, കൊറിയ, നേപ്പാൾ, തായ്‌ലന്റ്, തിമോർ- ലെസ്‌റ്റെ എന്നീ ഏഷ്യൻ രാജ്യങ്ങളും ഉൾപ്പെട്ടിട്ടുള്ളതായി ഡോ. പൂനം ഖേത്രപാൽ കൂട്ടിചേർത്തു.
2023 സെപ്റ്റംബറിൽ, തുടർച്ചയായ മൂന്ന് വർഷങ്ങളില്‍ പ്രാദേശികമായി മലേറിയ വ്യാപനം നടക്കാത്ത പ്രദേശമാകാനുള്ള സാധ്യത തിമോർ- ലെസ്‌റ്റെയ്ക്കുണ്ട്. അങ്ങനെ വന്നാൽ തിമോർ- ലെസ്‌റ്റെ മലേറിയ വിമുക്തമായി പ്രഖ്യപിക്കുന്നതിനുള്ള യോഗ്യത കൈവരിയ്ക്കും. ലോകത്ത് നിന്ന് മലേറിയ നീക്കം ചെയ്യുന്നതിനായി പല മേഖലകളിലും ലോകാരോഗ്യ സംഘടന നടപടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗോളതലത്തിൽ, ദരിദ്രരായ വീടുകളിലെ കുട്ടികൾക്ക് മലേറിയ ബാധിക്കാനുള്ള സാധ്യത അഞ്ചിരട്ടിയാണ്. കുറഞ്ഞ വിദ്യാഭ്യാസ നിലവാരമുള്ള അമ്മമാർക്കും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ചെറിയ കുട്ടികളിലും മലേറിയ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2016-2030- കാലയളവില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി എല്ലായിടത്തു നിന്നും മലേറിയ തുടച്ചുനീക്കുന്നതിനായി മലേറിയ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ നിർണായകമാണെന്ന് ഡോ പൂനം പറഞ്ഞു.
വ്യക്തവും പ്രവർത്തനക്ഷമവുമായ ലക്ഷ്യങ്ങളെ തിരിച്ചറിയുകയും അയൽ രാജ്യങ്ങളുടെ സഹകരണം ഉറപ്പുവരുത്തിക്കൊണ്ടും സമയബന്ധിതമായി ധനസഹായം ഉറപ്പാക്കിയും എല്ലാത്തിനുമുപരി മികച്ച ആസൂത്രണം നടപ്പിലാക്കിയും മലേറിയയ്ക്കെതിരെ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക മലേറിയ ദിനത്തിൽ, മലേറിയ നിർമാർജ്ജനം ത്വരിതപ്പെടുത്തുന്നതിനായി എല്ലാ രാജ്യങ്ങളുടെയും പിന്തുണ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നുവെന്നും പൂനം വ്യക്തമാക്കി.