സുരക്ഷിതമായ ഒരു സ്ഥലം പോലുമില്ലാതെ ഗാസ; പലായനം തുടർക്കഥയാകുന്ന പലസ്തീൻ
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനമില്ലാതെ തുടരുകയാണ്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഒരാഴ്ച വെടിനിര്‍ത്തല്‍ അനുസരിച്ചെങ്കിലും അത് അവസാനിച്ചത് മുതല്‍ സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആക്രമണത്തിന്റെ ആദ്യസമയങ്ങളില്‍ വടക്കന്‍ ഗാസയില്‍ നിന്നു തെക്കന്‍ ഗാസയിലേക്ക് കുടിയേറാനായിരുന്നു ഇസ്രയേല്‍ സൈന്യം ഗാസന്‍ ജനതയോട് ആവശ്യപ്പെട്ടത്. എന്നാലിന്ന് തെക്കന്‍ ഗാസ പോലും പലസ്തീനികള്‍ക്ക് ആശ്വാസമാകുന്നില്ല. കഴിഞ്ഞ ദിവസം തെക്കന്‍ ഗാസയില്‍ ആക്രമണം ശക്തമാക്കുകയായിരുന്നു. വടക്കന്‍ ഗാസയിലെ ദൗത്യം ഏകദേശം പൂര്‍ത്തീകരിച്ചതിന് ശേഷം ഇസ്രയേല്‍ വടക്കന്‍ ഗാസയെ ലക്ഷ്യമിടുകയാണ്. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ തെക്കന്‍ ഗാസയും വിട്ടുപോകണമെന്നാണ് ഇസ്രയേലിന്റെ നിര്‍ദേശം. ഇതോടെ ഇനി എവിടെ രക്ഷ നേടുമെന്നാണ് ഗാസന്‍ ജനത ലോകത്തോട് ചോദിക്കുന്നത്.
ഒക്ടോബര്‍ 13 മുതല്‍ വടക്കന്‍ ഗാസയില്‍ നിന്ന് ഏകദേശം 10 ലക്ഷം പലസ്തീനികളാണ് തെക്കന്‍ ഗാസയിലേക്ക് നീങ്ങിയത്. 15,500 പലസ്തീനികളാണ് വടക്കന്‍ ഗാസയില്‍ മാത്രം കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ മാനുഷിക ഏജന്‍സിയായ ഒസിഎച്ച്എയുടെ കണക്കുകള്‍ പ്രകാരം കുടിയിറക്കപ്പെട്ട 9,58,000 പലസ്തീനികള്‍ 99 യുഎന്‍ആര്‍ഡബ്ല്യുഎയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 70 കേന്ദ്രങ്ങള്‍ തെക്കന്‍ നഗരങ്ങളായ റാഫയിലും ഖാന്‍ യൂനുസിലുമാണ് സ്ഥിതി ചെയ്യുന്നത്. 19,1000 പേര്‍ അനൗദ്യോഗിക അഭയകേന്ദ്രങ്ങളായ 124 പൊതു സ്‌കൂളുകള്‍, ആശുപത്രികള്‍, കല്യാണ മണ്ഡപങ്ങള്‍, ഓഫീസുകള്‍, കമ്മ്യൂണിറ്റി കേന്ദ്രങ്ങള്‍ എന്നിവയില്‍ താമസിക്കുന്നുവെന്നാണ് കണക്കുകള്‍. ബാക്കിയുള്ളവര്‍ ഒസിഎച്ച്എയിലും കുടുംബങ്ങളിലും അഭയം തേടിയിട്ടുണ്ട്. യുഎന്‍ആര്‍ഡബ്ല്യുഎ ആളുകളാല്‍ നിറഞ്ഞുകവിഞ്ഞുവെന്നും അവിടുത്തെ ശുചീകരണമില്ലായ്മ കാരണം ഹെപറ്റൈറ്റിസ് എ പോലുള്ള അണുബാധകള്‍ കൂടുന്നുവെന്നും ഒസിഎച്ച്എ റിപ്പോര്‍ട്ടില്‍ പറയുന്നു.
വെടിനിര്‍ത്തലിന് ശേഷം ഇസ്രയേല്‍ ലക്ഷ്യം വച്ചിരിക്കുന്നത് ഖാന്‍ യൂനിസാണ്. 4,30,000 പേര്‍ അധിവസിക്കുന്ന ഉപരോധിക്കപ്പെട്ട എന്‍ക്ലേവിനെ അപകടകരമായ പോരാട്ട മേഖലയെന്നാണ് ഇസ്രയേല്‍ വിശേഷിപ്പിക്കുന്നത്. ഞായറാഴ്ച ഖാന്‍ യൂനിസിന്റെ 20 ശതമാനം വരുന്നവരെ അടിയന്തര പലായനത്തിനായി ഇസ്രയേല്‍ സൈന്യം നിയോഗിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 800 പലസ്തീനികളെ കൊന്ന ബോംബാക്രമണത്തെ തുടര്‍ന്നാണ് പലായനത്തിന് വേണ്ടി ഇസ്രയേല്‍ ഉത്തരവിട്ടത്. റാഫയിലേക്ക് പോകാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിനിര്‍ത്തല്‍ അവസാനിക്കുന്നത് വരെ ഖാന്‍ യൂനിസ് ഒരു സുരക്ഷിതമായ സ്ഥലമായിരുന്നു. ഇവിടെ മാത്രം 215000 കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികളാണ് 34 യുഎന്‍ആര്‍ഡബ്ല്യുഎയില്‍ അഭയാര്‍ഥികളായിരിക്കുന്നത്. 600 ബ്ലോക്കുകളായി തിരിച്ചുള്ള ഗാസ മുനമ്പിന്റെ ഓണ്‍ലൈന്‍ മാപ്പിങ് ഇസ്രയേല്‍ സൈന്യം വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ഗാസയിലെ ജനങ്ങളോട് അവരുടെ പ്രദേശത്തുള്ള ബ്ലോക്കുകളെ തിരിച്ചറിയാനും ഉത്തരവിടുമ്പോള്‍ കുടിയിറങ്ങാനുമാണ് മാപ്പുകള്‍ പുറത്തിറക്കിയത്. ശനിയാഴ്ച ഇസ്രയേല്‍ സൈനിക വക്താവ് അവിചേയ് അഡ്രീ ഓണ്‍ലൈന്‍ മുഖാന്തരം മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഈ സംവിധാനം മുന്‍നിര്‍ത്തിയാണ് സൈന്യം പലസ്തീനികളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ പലസ്തീനികള്‍ക്ക് നല്‍കിയ ലഘുലേഖകളുമായി ഒത്തുചേരുന്നതായിരുന്നില്ല ഓണ്‍ലൈനിലൂടെ നല്‍കിയ അറിയിപ്പുകള്‍. അതുകൊണ്ടുതന്നെ ഇത് താമസക്കാര്‍ക്ക് ആശയകുഴപ്പം സൃഷ്ടിച്ചു. കൂടാതെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തകര്‍ന്നതുകൊണ്ട് ചിലയാളുകള്‍ക്ക് ഈ ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ ലഭ്യമായിട്ടുമില്ല.
ഗാസയില്‍ സുരക്ഷിതമായ ഒരു സ്ഥലം പോലുമില്ലെന്ന് ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹമാസ് ഉദ്യോഗസ്ഥനായ ഒസാമ ഹംദന്‍ പറഞ്ഞു. പൗരന്മാര്‍ക്കുള്ള ക്രൂരതകള്‍ കുറയ്ക്കുന്നതിന് സുരക്ഷിത മേഖലകള്‍ ഏതാണെന്ന് നിര്‍വചിച്ചുണ്ടെന്ന് ഇന്നലെ ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. എന്നാല്‍ ഗാസയില്‍ ഒരു സ്ഥലം പോലും സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ 23ലെ യുഎന്‍ആര്‍ഡബ്ല്യുഎ റിപ്പോര്‍ട്ട് പ്രകാരം അഭയകേന്ദ്രങ്ങള്‍ പോലും സുരക്ഷിതമല്ല. അഭയകേന്ദ്രങ്ങളില്‍ കുടിയേറി വന്ന പലസ്തീനികളില്‍ 191 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. 798 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം ഷൗജയ, സെയ്ടൗണ്‍, പഴയ സിറ്റി തുടങ്ങിയ കിഴക്കന്‍ ഗാസയിലെ പ്രദേശവാസികളോട് പടിഞ്ഞാറന്‍ ഭാഗത്തേക്ക് ഒഴിഞ്ഞുപോകണമെന്നും ഞായറാഴ്ച ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഏഴിന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് ശേഷം നാല് തവണ പലായനം ചെയ്യേണ്ടി വന്ന പലസ്തീനികളുമുണ്ടെന്നതാണ് ഞെട്ടിക്കുന്ന കണക്കുകള്‍