ലോകകപ്പിന് മുന്നോടിയായി ദോഹയില്‍നിന്ന് വിദേശ തൊഴിലാളികളെ ഒഴിപ്പിച്ചു; തല ചായ്ക്കാന്‍ ഇടമില്ലാതെ ആയിരങ്ങള്‍
ഫുട്‌ബോള്‍ ആരാധകര്‍ക്കായി വിദേശ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് ഖത്തര്‍ ഭരണകൂടം. തലസ്ഥാന നഗരമായ ദോഹയിലെ പന്ത്രണ്ടിലധികം കെട്ടിടങ്ങളാണ് ഒഴിപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടങ്ങള്‍ക്ക് താഴിട്ടതോടെ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തല ചായ്ക്കാന്‍ ഇടം നഷ്ടമായി. മുന്‍കൂട്ടി അറിയിക്കാതെയാണ് മുന്‍സിപ്പല്‍ ഭരണകൂടത്തിന്റെ നടപടിയെന്നാണ് ആക്ഷേപം. ലോകകപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ വിദേശ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ ഉള്‍പ്പെടെ ഹനിക്കപ്പെടുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഖത്തര്‍ ഭരണകൂടത്തിന്റെ നടപടി. അതേസമയം, തൊഴിലാളികളെ കുടിയൊഴിപ്പിച്ചതിന് ലോകകപ്പുമായി ബന്ധമില്ലെന്നാണ് ഖത്തര്‍ ഭരണകൂടത്തിന്റെ പ്രതികരണം.
നവംബര്‍ 20ന് ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിലായിരുന്നു മുന്‍സിപ്പല്‍ അധികൃതരുടെ നടപടി. ദോഹയിലെ അല്‍ മന്‍സൂറ ജില്ലയിലെ ഒരു കെട്ടിടത്തില്‍ മാത്രം 1200ഓളം പേരാണ് താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് എട്ടോടെയാണ് അധികൃതര്‍ തൊഴിലാളികളോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്. സാധനങ്ങള്‍ ഉള്‍പ്പെടെ മാറ്റാന്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് അനുവദിച്ചത്. പത്തരയോടെ അധികൃതര്‍ തിരിച്ചെത്തി എല്ലാവരെയും പുറത്താക്കി കെട്ടിടം പൂട്ടി. മുന്‍കൂട്ടി വിവരം ലഭിക്കാതിരുന്നതിനാല്‍ പലര്‍ക്കും റൂമിലെത്തി സാധനങ്ങള്‍ എടുക്കാനായില്ലെന്നും തൊഴിലാളികളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് പറയുന്നു.
ഇനി എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയില്ലെന്നാണ് തൊഴിലാളികളില്‍ പലരും പ്രതികരിച്ചത്. ഇട്ടിരുന്ന വസ്ത്രമല്ലാതെ മറ്റൊന്നും എടുക്കാന്‍ സാധിക്കത്തവരുമുണ്ട്. ചിലര്‍ക്ക് ദോഹയില്‍നിന്ന് 40 കിലോമീറ്റര്‍ മാറി സുമയ്‌സിമയില്‍ വീട് ലഭിച്ചു. പക്ഷേ ഏറെപ്പേരും തങ്ങളുടെ പഴയ വീടിന്റെ മുന്നില്‍, പാതയോരങ്ങളിലാണ് അന്തിയുറങ്ങിയത്. എന്നാല്‍, അധികൃതരുടെയും തൊഴിലുടമകളുടെയും നടപടി ഭയന്ന് പലരും പേരോ മറ്റു വിവരങ്ങളോ നല്‍കാന്‍ വിസമ്മതിച്ചു.
ഖത്തറിലെ 30 ലക്ഷം വരുന്ന ജനസംഖ്യയുടെ 85 ശതമാനവും വിദേശ തൊഴിലാളികളാണ്. കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ പലരും ഡ്രൈവര്‍മാരോ, ദിവസവേതനക്കാരോ ഏതെങ്കിലും കമ്പനികളുമായി കരാറില്‍ ജോലി ചെയ്യുന്നവരോ ആണ്. താമസ സൗകര്യം കണ്ടെത്തുക എന്നത് അവരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, കെട്ടിട നിര്‍മാണം ഉള്‍പ്പെടെ ജോലിക്കള്‍ക്കായി എത്തിയിരിക്കുന്ന തൊഴിലാളികളുടെ കാര്യം അങ്ങനെയല്ല. അതിനാല്‍ മുന്‍സിപ്പല്‍ അധികൃതരുടെ നടപടി സാരമായി ബാധിക്കുന്നത് അവരെയാണ്. ഒരു ഡസനിലധികം കെട്ടിടങ്ങളാണ് അധികൃതര്‍ ഒഴിപ്പിച്ചത്. ചില കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം പോലും വിച്ഛേദിച്ച നിലയിലാണെന്നും റോയിട്ടേഴ്‌സ് പറയുന്നു.
ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കായി വാടക വീട് സൗകര്യം ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ പരസ്യം നല്‍കിയിരുന്നു. അല്‍ മന്‍സൂറ ഉള്‍പ്പെടെ ജില്ലകളിലെ കെട്ടിടങ്ങളാണ് അതിനായി നിശ്ചയിച്ചിരുന്നത്. ഒരു രാത്രിക്ക് 240-426 ഡോളര്‍ എന്ന നിരക്കിലായിരുന്നു സര്‍ക്കാര്‍ പരസ്യം.
അതേസമയം, ദോഹ നഗരത്തില്‍നിന്ന് തൊഴിലാളികളെ കുടിയൊഴിപ്പിച്ചതിന് ലോകകപ്പുമായി ബന്ധമില്ലെന്നാണ് ഖത്തര്‍ ഭരണകൂടത്തിന്റെ പ്രതികരണം. റെസിഡഷന്‍ഷ്യല്‍ മേഖലകളിലെ തൊഴിലാളികള്‍ ക്യാമ്പുകള്‍ നിരോധിക്കുന്ന 2010ലെ നിയമം അനുസരിച്ചാണ് നടപടി. തലസ്ഥാന നഗരിയിലെ പ്രദേശങ്ങള്‍ നവീകരിക്കുന്നതിനും പുനക്രമീകരിക്കുന്നതിനുമുള്ള സമഗ്രവും ദീര്‍ഘകാലവുമായ പദ്ധതികള്‍ക്ക് ഭാഗമായാണ് ഇപ്പോഴത്തെ നീക്കം. ഒഴിയണമെന്ന് കൃത്യമായി അറിയിച്ചിരുന്നു. എല്ലാവരെയും സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഫിഫയോ ബന്ധപ്പെട്ട അധികൃതരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വിഷയം അന്വേഷിക്കുമെന്നാണ് ഖത്തര്‍ ലോകകപ്പ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.