'അയാ' എന്ന അത്ഭുതം; ജീവിതത്തിലേക്ക് സ്വീകരിക്കാന്‍ കരംനീട്ടി ആയിരങ്ങൾ

'അയാ' എന്ന അത്ഭുതം; ജീവിതത്തിലേക്ക് സ്വീകരിക്കാന്‍ കരംനീട്ടി ആയിരങ്ങൾ

തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് അയായെ രക്ഷിക്കുമ്പോള്‍ അമ്മയുടെ പൊക്കിള്‍ക്കൊടിയുടെ കരുതലിലായിരുന്നു അവള്‍
Updated on
2 min read

സിറിയന്‍ ദുരന്ത ഭൂമിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് പുതുജീവിതത്തിലേക്ക് പതിയെ കുഞ്ഞിക്കണ്ണുകള്‍ തുറക്കുകയാണ് അയാ. തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തെ അതിജീവിച്ച് പിറന്ന, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട കുഞ്ഞിന് 'അയാ' (അത്ഭുതം) എന്നല്ലാതെ എന്ത് പേരിടാന്‍? നിലവില്‍ അഫ്രീന്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനെ ഏറ്റെടുക്കാന്‍ താത്പര്യമറിയിച്ച് ആയിരങ്ങളാണ് എത്തുന്നത്.

തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് അയായെ രക്ഷിക്കുമ്പോള്‍ അമ്മയുടെ പൊക്കിള്‍ക്കൊടിയുടെ കരുതലിലായിരുന്നു അവള്‍. എല്ലാം തകർത്തെറിഞ്ഞ ദുരിതക്കെടുതിയിലേക്ക് പിറന്നുവീണ അയായെ പൊക്കിള്‍ക്കൊടി മുറിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്. നെറ്റിയിലും കൈയ്ക്കുമെല്ലാം പരുക്കുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

മഹാദുരന്തത്തിലകപ്പെട്ടവരുടെ കൂട്ടക്കരച്ചിലിനിടയില്‍ അവളുടെ പിറവിയുടെ ശബ്ദം ആരും കേട്ടിരുന്നില്ല. അഴുക്കിലും പൊടിയിലും പുതഞ്ഞ അയായെ രക്ഷിക്കുന്ന വീഡിയോ ആണ് സിറിയയിലെ ദുരന്തത്തിന്റെ വ്യാപ്തി ലോകത്തെ അറിയിച്ചത്. തകര്‍ന്ന് കിടക്കുന്ന അവശിഷ്ടങ്ങളില്‍ നിന്ന് പൊടിയില്‍ മൂടിയ കുഞ്ഞിനെയും കൊണ്ട് ഒരാള്‍ ഓടി വരുന്നതും, രണ്ടാമതൊരാള്‍ പുതപ്പുകൊണ്ട് കുഞ്ഞിനെ പൊതിയുന്നതും, മൂന്നാമത്തെയാള്‍ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായി തന്നെ സമീപിക്കുന്നതെന്ന് ആശുപത്രി മാനേജരും ഡോക്ടറുമായ ഖാലിദ് അത്തിയ പറയുന്നു. കുഞ്ഞിനെ നിലവില്‍ ആരേയും ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നും കുട്ടിയുടെ മറ്റ് ബന്ധുക്കള്‍ സമീപിക്കുന്നത് വരെ അവളെ സംരക്ഷിക്കുമെന്നും ഖാലിദ് പറഞ്ഞു. സ്വന്തം മകളോടൊപ്പം തന്റെ ഭാര്യ അയായെ മുലയൂട്ടുന്നുണ്ടെന്നും ഖാലിദ് പറഞ്ഞു.

'അയാ' എന്ന അത്ഭുതം; ജീവിതത്തിലേക്ക് സ്വീകരിക്കാന്‍ കരംനീട്ടി ആയിരങ്ങൾ
അവൾ മിഴിതുറന്നത് ദുരന്തഭൂമിയിൽ...

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ അനാഥരായ നിരവധി കുട്ടികളിൽ ഒരാളാണ് അയാ. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കിഴക്കന്‍ നഗരമായ ദെയ്ര് എസ്സൊറില്‍ നിന്ന് പലായനം ചെയ്തവരാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. അച്ഛനും അമ്മയും നാല് സഹോദരങ്ങളും ഭൂകമ്പത്തില്‍ മരിച്ചു. ഡിസ്ചാർജ് ചെയ്ത ശേഷം അയായെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് പിതാവിന്റെ ബന്ധു അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ സ്വന്തം വീട് തകർന്ന അദ്ദേഹം കുടുംബത്തോടൊപ്പം ഒരു ടെന്റിലാണ് താമസിക്കുന്നത്.

logo
The Fourth
www.thefourthnews.in