'പോയത് ആറുമാസത്തേക്ക്, തിരിച്ചെത്തിയത് ഒരുവർഷത്തിന് ശേഷം;' ബഹിരാകാശത്ത് കുടുങ്ങിയ മൂന്ന് യാത്രികർ ഭൂമി തൊട്ടു
നീണ്ട ഒരു വർഷക്കാലം ബഹിരാകാശത്ത് കുടുങ്ങിപ്പോയ ബഹിരാകാശ യാത്രികർ ഒടുവിൽ ഭൂമിയിൽ കാലുകുത്തി. കസാഖിസ്താനിലെ ഒറ്റപ്പെട്ട പ്രദേശത്താണ് മൂന്ന് യാത്രികരെ വഹിച്ചുകൊണ്ടുള്ള ക്യാപ്സ്യൂൾ പേടകം വന്നിറങ്ങിയത്. 180 ദിവസത്തെ ദൗത്യം പൂർത്തീകരിക്കാനായി ബഹിരാകാശത്തേക്ക് യാത്ര തിരിച്ച മൂവർക്കും നിർഭാഗ്യവശാൽ 371 ദിവസം അവിടെ ചെലവിടേണ്ടി വരികയായിരുന്നു. അമേരിക്കക്കാരനായ നാസയുടെ ബഹിരാകാശ യാത്രികൻ ഫ്രാങ്ക് റുബിയോയും റഷ്യയുടെ സെർജി പ്രോകോപ്പിയെവ്, ദിമിത്രി പെറ്റലിനുമാണ് വ്യാഴാഴ്ച തിരികെയെത്തിയത്.
ഒറ്റ യാത്രയിൽ ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ച അമേരിക്കരനെന്ന റെക്കോഡും ഫ്രാങ്ക് റൂബിയോ സ്വന്തമാക്കി. 437 ദിവസം ചെലവഴിച്ച റഷ്യൻ ബഹിരാകാശ സഞ്ചാരിയുടെ പേരിലാണ് ലോകറെക്കോഡ്. സോയൂസ് എന്ന ക്യാപ്സ്യൂൾ പേടകത്തിലാണ് 2022 സെപ്റ്റംബറിൽ മൂവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. അവിടെവച്ച് പേടകത്തിന്റെ റേഡിയേറ്ററിന് കേടുപാട് സംഭവിക്കുകയും ആളുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ഇതോടെയാണ് മൂവരും ബഹിരാകാശ നിലയത്തിൽ കുടുങ്ങി.
റേഡിയേറ്റർ കേടായ പേടകത്തിൽ സഞ്ചരിച്ചാൽ താപനില നിയന്ത്രിക്കാൻ കഴിയാതെ വരികയും അപകടമുണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യുമായിരുന്നു. അതിനാലാണ് അവരെ ബഹിരാകാശനിലയത്തിൽ നിർത്തി പേടകം മാത്രം തിരികെയെത്തിച്ചത്. തുടർന്ന് റഷ്യ പുതിയൊരു സോയൂസ് പേടകം നിർമിക്കുകയും രണ്ടാഴ്ച മുൻപ് അവിടെത്തേക്കികയും ചെയ്ത ശേഷമാണ് മൂവർക്കും ഭൂമിയിലെത്താനായത്.
ഭൂമിയിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ബഹിരാകാശത്ത് ഇത്രകാലം ചെലവിടുമ്പോഴുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ പ്രതീക്ഷിച്ചതിലും അധികമായിരുന്നുവെന്നും റുബിയോ പ്രതികരിച്ചു. സൈനിക ഡോക്ടറും ഹെലികോപ്റ്റർ പൈലറ്റുമായിരുന്നു റൂബിയോ. ഒരുവർഷക്കാലം ചെലവഴിക്കേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ പോകാൻ സമ്മതിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സാധാരണ ഭൂമിയിലുള്ള ഗുരുത്വാകർഷണത്തേക്കാൾ നാലിരട്ടിയാണ് റൂബിയോയ്ക്കും സംഘത്തിനും മടക്ക യാത്രയിൽ അനുഭവപ്പെട്ടത്. ആദ്യമായാണ് റൂബിയോയും പെറ്റലിനും ബഹിരാകാശ യാത്ര നടത്തുന്നത്. പ്രോകോപ്പിയെവ് ആയിരുന്നു പേടകത്തിന്റെ പൈലറ്റ്. അന്താരാഷ്ട്ര നിലയത്തിലേക്കും തിരിച്ചും കൂടി ആകെ മൊത്തം 253 ദശലക്ഷം കിലോമീറ്ററാണ് സംഘം സഞ്ചരിച്ചത്. ഭൂമിയെ 6000 തവണ ചുറ്റിയാൽ മാത്രമേ സാധാരണ ഒരുമനുഷ്യന് അത്ര ദൂരം സഞ്ചരിക്കാൻ സാധിക്കു.