ഈജിപ്തിൽ 27 പേർ സഞ്ചരിച്ച ബോട്ടിൽ തീപിടിത്തം; മൂന്ന് പേരെ കാണാതായി
ഈജിപ്ഷ്യൻ ചെങ്കടലിൽ ബോട്ടിൽ തീപിടിത്തം. മൂന്ന് ബ്രിട്ടീഷ് വിനോദസഞ്ചാരികളെ കാണാതായതായി.15 ബ്രിട്ടീഷ് വിനോദസഞ്ചാരികളുൾപ്പെടെ 27 പേരാണ് അപകടത്തില്‍പ്പെട്ട ബോട്ടിൽ ഉണ്ടായിരുന്നതെന്ന് വാർത്താ ഏജൻസിയായ അൽ-അഹ്റാമിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കാണാതായ മൂന്ന് വിനോദ സഞ്ചാരികൾക്കായി തിരച്ചിൽ തുടരുകയാണ്.
ബോട്ടിലുണ്ടായിരുന്ന 24 പേരെ രക്ഷപ്പെടുത്തിയതായി യുകെ വിദേശകാര്യ ഓഫീസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തിൽപ്പെട്ട ബ്രിട്ടീഷ് പൗരന്മാരെ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വകരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സ്രാവിന്റെ ആക്രമണത്തിൽ റഷ്യക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് പരിസരത്തെ ബീച്ചുകൾ അടച്ചിട്ട് ദിവസങ്ങൾക്ക് പിന്നാലെയാണ് പുതിയ അപകടം.
ചെങ്കടലിന്റെ പരിസരത്തുള്ള ബീച്ചുകളിൽ പോകുന്നവർക്ക് സുരക്ഷ ഉറപ്പാക്കാനും സ്രാവ് ആക്രമണ സംഭവം വീണ്ടും ആവർത്തിക്കാതിരിക്കാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യാസ്മിൻ ഫൗദ് അധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പരിസരത്ത് നടത്തിവന്നിരുന്ന എല്ലാ ജല കായിക വിനോദങ്ങളും നീന്തലിനും ഉൾപ്പെടെ രണ്ട് ദിവസത്തെ നിരോധനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.