യുഎസിൽ പലസ്തീൻ യുവാക്കൾക്കുനേരെ വെടിവെപ്പ്, മൂന്ന് പേര്‍ക്ക് പരുക്ക്; വിദ്വേഷക്കുറ്റങ്ങള്‍ വര്‍ധിക്കുന്നു
പലസ്തീന്‍ വംശജരായ യുവാക്കള്‍ക്കുനേരെ യുഎസിലുണ്ടായ വെടിവെപ്പിൽ മൂന്ന് യുവാക്കൾക്ക് പരുക്ക്. വെർമോണ്ടിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിനു സമീപം ശനിയാഴ്ചയാണ് വെടിവെപ്പുണ്ടായത്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎസിൽ പലസ്തീൻവിരുദ്ധ വികാരങ്ങൾ വർധിച്ചുവരുന്നതിനിടയിലാണ് യുവാക്കള്‍ക്ക് എതിരായ ആക്രമണം.
പലസ്തീനിൽനിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് വെടിയേറ്റ യുവാക്കൾ. ഇതിൽ രണ്ട് പേർ യുഎസ് പൗരത്വം നേടിയവരും ഒരാൾ വിസയുള്ള താമസക്കാരനുമാണ്. തെരുവിലൂടെ നടക്കുകയായിരുന്ന ഹിഷാം അവർത്താനി, കിന്നൻ അബ്ദുൽ ഹമീദ്, തഹ്സീൻ അഹമ്മദ് എന്നീ യുവാക്കൾക്ക് നേരെ അജ്ഞാതൻ വെടിവെക്കുകയായിരുന്നു. അക്രമി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
യുഎസിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നവരാണ് വെടിയേറ്റ യുവാക്കൾ. യുവാക്കളിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് അമേരിക്കൻ-അറബ് ആന്റി ഡിസ്‌ക്രിമിനേഷൻ കമ്മിറ്റി (എഡിസി) അൽജസീറയോട് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബർലിങ്ടൻ പോലീസ് തയാറായില്ലെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.
വംശീയവിദ്വേഷമാണ് ആക്രണമത്തിന് പിന്നിലെന്ന് എഡിസി ഡയറക്ടർ അബെദ് അയൂബ് പറഞ്ഞു. വെടിവെച്ചയാളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പരുക്കേറ്റ യുവാക്കളുടെ കുടുംബങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തിന് പിന്നാലെ യുഎസില്‍ വിദ്വേഷ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറില്‍ പലസ്തീനിയന്‍-അമേരിക്കന്‍ വംശജനായ ആറ് വസയുകാരനായ അവരുടെ വീട്ടുടമ കുത്തിക്കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.