സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ഗവേഷകര്‍

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ഗവേഷകര്‍

'സ്ഥാപനങ്ങള്‍ എങ്ങനെ രൂപപ്പടുകയും അഭിവൃദ്ധിയെ ബാധിക്കുകയും ചെയ്യുന്നു' എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് മൂവര്‍ക്കും പുരസ്‌കാരം
Updated on
1 min read

2024-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് യുഎസ് സാമ്പത്തിക വിദഗ്ധർ. ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജയിംസ് എ റോബിന്‍സണ്‍ എന്നിവര്‍ക്കാണ് പുരസ്കാരം. 'സ്ഥാപനങ്ങള്‍ എങ്ങനെ രൂപപ്പെടുകയും അഭിവൃദ്ധിക്കു കാരണമാകുകയും ചെയ്യുന്നു' എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് മൂവര്‍ക്കും പുരസ്‌കാരം.

ഒരു രാജ്യത്തിൻ്റെ അഭിവൃദ്ധിക്കായി സാമൂഹിക സ്ഥാപനങ്ങളുടെ പ്രാധാന്യം മൂവരുടെയും പഠനം തെളിയിക്കുന്നു. മോശം നിയമവാഴ്ചയുള്ള സമൂഹങ്ങളും ജനസംഖ്യയെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളും വളർച്ചയോ മെച്ചപ്പെട്ട മാറ്റമോ സൃഷ്ടിക്കുന്നില്ല. അത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ മൂവരുടെയും ഗവേഷണം നമ്മെ സഹായിക്കുന്നു.

കേംബ്രിഡ്ജ് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോജിയിൽ പ്രവർത്തിക്കുകയാണ് ഡാരണ്‍ അസെമോഗ്ലുവും സൈമണ്‍ ജോണ്‍സണും. യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിൽ പ്രവർത്തിക്കുകയാണ് ജെയിംസ് എ റോബിൻസൺ.

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ഗവേഷകര്‍
സമാധാന നൊബേൽ ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

ആല്‍ഫ്രഡ് നോബലിന്റെ സ്മരണാര്‍ത്ഥം ധനതത്ത്വശാസ്ത്രരംഗത്തെ മികച്ച സേവനങ്ങള്‍ക്കു നല്‍കുന്ന പുരസ്‌കാരമാണ് സ്വെറിഗ്‌സ് റിക്‌സ്ബാങ്ക് പുരസ്‌കാരം' എന്ന ഔദ്യോഗികനാമത്തിലറിയപ്പെടുന്ന, സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം.

സാമ്പത്തിക ശാസ്ത്രത്തിനുള്ള 2023ലെ നൊബേല്‍ അമേരിക്കന്‍ സാമ്പത്തിക ചരിത്രകാരി ക്ലോഡിയ ഗോള്‍ഡിനായിരുന്നു. തൊഴില്‍ വിപണിയിലെ സ്ത്രീകളുടെ സാധ്യതകളും ഉന്നമനവും ലക്ഷ്യമിട്ടുള്ള പഠനത്തിനും ഇടപെടലുകള്‍ക്കുമായിരുന്നു പുരസ്കാരം.

ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം ഇന്നത്തോടെ പൂർത്തിയായി. സാഹിത്യ, വൈദ്യശാസ്ത്ര, ഭൗതികശാസ്ത്ര, രസതന്ത്ര നൊബേലുകൾ കഴിഞ്ഞദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു.

സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധസംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം.

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ഗവേഷകര്‍
ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന് സാഹിത്യ നൊബേൽ

ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങാണ് 2024-ല സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് അർഹയായത്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്‌റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യഗദ്യങ്ങളാണ് ഹാന്‍ കാങ്ങിനെ പുരസ്കാരത്തിന് അർഹമാക്കിയത്.

അമേരിക്കൻ ഗവേഷകനായ ഡേവിഡ് ബേക്കർ, യുകെ ഗവേഷകരായ ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവരാണ് രസതന്ത്ര നൊബേലിന് തിരഞ്ഞെടുക്കപ്പെട്ടത്. കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനാണ് ഡേവിഡ് ബേക്കറെ പുരസ്കാരത്തിന് അർഹനാക്കിയത്. പ്രോട്ടീൻ ഘടന പ്രവചനമാണ് ഡെമിസ് ഹസാബിസിനെയും ജോൺ എം ജംപറിനെയും പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ഗവേഷകര്‍
കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ, പ്രോട്ടീൻ ഘടന പ്രവചനം: രസതന്ത്ര നൊബേൽ പങ്കിട്ട് മൂന്നുപേർ

അമേരിക്കൻ ഗവേഷകൻ ജോൺ ജെ ഹോപ്‌ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഇ ഹിന്റൺ എന്നിവരാണ് ഭൗതികശാസ്ത്ര നൊബേലിന് അർഹരായത്. നിർമിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീൻ ലേണിങ് സങ്കേതം വികസിപ്പിച്ചതിനാണ് ഇരുവരും പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റവ്കുനുമാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹരായത്. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനും ട്രാൻസ്‌ക്രിപ്ഷനുശേഷം ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ അതിന്റ പങ്കും സംബന്ധിച്ച പഠനത്തിനുമാണ് ഇരുവരും പുരസ്കാരത്തിന് അർഹമായതെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു.

logo
The Fourth
www.thefourthnews.in