ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കാണാതായി; തിരച്ചിൽ തുടരുന്നു

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കാണാതായി; തിരച്ചിൽ തുടരുന്നു

അന്തര്‍വാഹിനിക്കുള്ളിൽ നാല് ദിവസത്തേക്കുള്ള ഓക്‌സിജൻ വിതരണ സംവിധാനങ്ങളുണ്ട്
Updated on
1 min read

മഞ്ഞുമലയിൽ ഇടിച്ചുതകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ കാണാതായി. ടൈറ്റാനിക് പര്യവേഷണ കമ്പനിയായ ഓഷ്യൻഗേറ്റിന്റെ സഞ്ചാരികളുമായി പോകുന്ന അന്തര്‍വാഹിനിയാണ് കാണാതായത്. അഞ്ചുപേരുമായി യാത്രതിരിച്ച അന്തര്‍വാഹിനിക്കായി ന്യൂഫൗണ്ട്‌ലാൻഡ് മേഖലയിൽ യുഎസ്, കനേഡിയൻ നാവികസേനകളും വാണിജ്യ ആഴക്കടൽ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

അന്തര്‍വാഹിനിക്കുള്ളിൽ നാല് ദിവസത്തേക്കുള്ള ഓക്‌സിജൻ വിതരണ സംവിധാനങ്ങളുണ്ടെന്ന് കമ്പനി അറിയിച്ചു. തീരത്ത് നിന്ന് പുറപ്പെട്ട് ഒരുമണിക്കൂർ 45 മിനിറ്റിന് ശേഷമാണ് അന്തര്‍വാഹിനിയുടെ സിഗ്നൽ നഷ്ടപ്പെട്ടത്. ഒരു ട്രക്കിന്റെ വലുപ്പമുള്ള അന്തര്‍വാഹിനിക്ക് ഏകദേശം 10,432 കിലോഗ്രാം ഭാരമുണ്ട്. സാധാരണയായി ഒരു പൈലറ്റ്, മൂന്ന് അതിഥികൾ, കമ്പനി കണ്ടന്റ് എക്സ്പേര്‍ട്ട് എന്നിവരാണ് അന്തര്‍വാഹിനിയിൽ ഉണ്ടാകുക. ഇവരുമായി ആശയവിനിമയം നടത്താനുള്ള എല്ലാ ഉപാധികളും പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

കാണാതായ മുങ്ങിക്കപ്പലുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണെന്ന് ഓഷ്യൻഗേറ്റ് കമ്പനി

തകര്‍ന്ന ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ സന്ദര്‍ശിക്കാനായി ഏകദേശം എട്ടുദിവസത്തെ ട്രിപ്പിനായാണ് സംഘം തിരിക്കാറുള്ളത്. സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്. എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 250000 ഡോളറാണ് ( ഏകദേശം രണ്ടു കോടി രൂപ). ഈവര്‍ഷം കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ആദ്യയാത്രയാണ് ഇപ്പോൾ നടന്നത്. ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ് , കഴിഞ്ഞ ദിവസം ന്യൂഫൗണ്ട്‌ലാൻഡിലെ സെന്റ് ജോൺസിൽ നിന്ന് പുറപ്പെടുന്ന അന്തര്‍വാഹിനിയിൽ താനുമുണ്ടെന്ന് സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു.

1912 ഏപ്രില്‍ 15നാണ് സതാംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള കന്നിയാത്രയില്‍ ടൈറ്റാനിക് കപ്പൽ മുങ്ങിയത്. 1500 പേര്‍ക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. 1985ൽ കപ്പലിന്റെ അവശിഷ്ടം കണ്ടെടുത്തത് മുതൽ നിരവധി പരീക്ഷണ - ടൂറിസ്റ്റ് പര്യവേഷണങ്ങൾ ഇവിടെ നടക്കാറുണ്ട്.

logo
The Fourth
www.thefourthnews.in