'ചൈന നയരൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നു'; 
യുനെസ്കോയിൽ വീണ്ടും അംഗമാകാൻ അമേരിക്ക

'ചൈന നയരൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നു'; യുനെസ്കോയിൽ വീണ്ടും അംഗമാകാൻ അമേരിക്ക

യുനെസ്കോയിൽ നിര്‍മിത ബുദ്ധി, ലോകമെമ്പാടുമുള്ള സാങ്കേതികവിദ്യാ പഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നയങ്ങളിലെ ചൈനയുടെ സ്വാധീനം യുഎസ് വിലയിരുത്തിയിരുന്നു
Updated on
1 min read

യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്കോ) അംഗമാകാൻ വീണ്ടും അമേരിക്ക. തങ്ങളുടെ അഭാവത്തിൽ ചൈന യുനെസ്കോയിൽ ആധിപത്യം സ്ഥാപിക്കുന്ന സാഹചര്യത്തിലാണ് തിരിച്ചുവരവ് നീക്കം. പലസ്തീൻ അംഗത്വമടക്കം സംഘടനയുടെ ഇസ്രയേൽ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് 2017ലാണ് അമേരിക്ക യുനെസ്കോ അംഗത്വം ഒഴിഞ്ഞത്.

യുനെസ്കോ നയരൂപീകരണത്തിലെ ചൈനയുടെ ഇടപെടലുകളാണ് അമേരിക്കയെ പുനര്‍ചിന്തനത്തിന് പ്രേപിരിപ്പിച്ചത്. നിര്‍മിത ബുദ്ധി, ലോകമെമ്പാടുമുള്ള സാങ്കേതികവിദ്യാ പഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നയങ്ങളിലെ ചൈനയുടെ സ്വാധീനം യുഎസ് വിലയിരുത്തിയിരുന്നു. 600 മില്യൺ ഡോളര്‍ തിരിച്ചടവായി നൽകിയാകും അമേരിക്ക അംഗത്വം വീണ്ടെടുക്കുക.

യുഎസ് സ്റ്റേറ്റ് മാനേജ്‍മെന്റ് ആൻഡ് റിസോഴ്സ് ഡെപ്യൂട്ടി സെക്രട്ടറി റിച്ചാർഡ് വെർമ യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രെ അസോലെയ്ക്ക് സംഘടനയിൽ ചേരാനുള്ള തീരുമാനം അറിയിച്ച് കത്ത് നൽകി. തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് അമേരിക്കൻ തീരുമാനം യുനെസ്കോ മേധാവി അംഗരാജ്യങ്ങളെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് 193 അംഗരാജ്യങ്ങൾക്കിടയിൽ അടുത്തമാസം വോട്ടെടുപ്പ് നടക്കും.

സംഘടനയ്ക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകിവന്നിരുന്ന രാജ്യങ്ങളിലൊന്നായ അമേരിക്ക തിരിച്ചെത്തുന്നത് യുനെസ്കോയ്ക്ക് വലിയ മുതൽക്കൂട്ടാകും. ലോക പൈതൃക പദ്ധതികൾ, കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പ്രൊജക്ടുകൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് അമേരിക്കൻ അംഗത്വം ഊര്‍ജം പകരും.

2011ലാണ് അമേരിക്കയും ഇസ്രയേലും യുനെസ്കോയ്ക്കുള്ള ഫണ്ട് വിതരണം നിർത്തലാക്കിയത്. പലസ്തീന് അംഗത്വം നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ഇതേത്തുടർന്ന് 2013ൽ ഇരുരാജ്യങ്ങൾക്കും യുനെസ്കോയിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടു. 2017ൽ ട്രംപ് സര്‍ക്കാരാണ് യുനെസ്കോ അംഗത്വം ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

അഞ്ച് വർഷമായി അമേരിക്കയെ തിരിച്ചെത്തിക്കാൻ ഓഡ്രെ അസോലെയുടെ നേതൃത്വത്തിൽ ശ്രമം തുടരുകയായിരുന്നു. യുനെസ്കോയുടെ കുടിശ്ശിക തുക തീർക്കുന്നതിനായി ബൈഡൻ ഭരണകൂടം 150 മില്യൺ ഡോളർ നീക്കി വച്ചിട്ടുള്ളതായാണ് വിവരം. അമേരിക്കയുടെ തിരിച്ചുവരവ് പ്രതീക്ഷ നൽകുന്നതാണെന്ന് ഓഡ്രെ അസോലെ വ്യക്തമാക്കി. യുഎസിനൊപ്പം യുനെസ്കോ വിട്ട ഇസ്രയേലിനേയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഊര്‍ജിതമാണെന്നും അസോലെ പറഞ്ഞു.

1983 ൽ റീഗൻ ഭരണകാലത്ത് യുഎസ് യുനെസ്കോയിൽ നിന്നും വിട്ടുപോയിരുന്നു. സംഘടനയിലെ അഴിമതിയും കെടുകാര്യസ്ഥയും ചൂണ്ടിക്കാട്ടിയാണ് അന്ന് യുഎസ് വിട്ട് നിന്നത്. പിന്നീട് 2003ൽ സംഘടനയിലേക്ക് തിരിച്ചുവരികയായിരുന്നു.

യുനെസ്കോയിൽ നിന്ന് അമേരിക്ക വിട്ട് നിൽക്കുന്നതോടെ ആഗോളതലത്തിൽ ചൈന വൻ ശക്തിയായി മാറുമെന്ന് യു എൻ മാനേജ്മെന്റ് അണ്ടർ സെക്രെട്ടറി ജോൺ മാസ്സ് നേരത്തെ പറഞ്ഞിരുന്നു. ലോകരാജ്യങ്ങളുടെ സാങ്കേതിക വിദ്യ, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ പുരോഗതിക്ക് യുനെസ്കോ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. അതിനാൽ കൂടുതൽ കാലം വിട്ടു നിൽക്കാൻ അമേരിക്കയ്ക്ക് വിട്ടുനിൽക്കാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

logo
The Fourth
www.thefourthnews.in