Today In History : 1962 ഒക്ടോബര്‍ 16 - ലോകം ആണവായുധ ഭീഷണി നേരിട്ട നാളുകള്‍

Today In History : 1962 ഒക്ടോബര്‍ 16 - ലോകം ആണവായുധ ഭീഷണി നേരിട്ട നാളുകള്‍

ക്യൂബയിൽ അധിനിവേശം നടത്താനുള്ള അമേരിക്കൻ നീക്കത്തെ പ്രതിരോധിക്കാൻ സോവിയറ്റ് യൂണിയൻ മിസൈലുകൾ സജ്ജീകരിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്
Updated on
2 min read

ലോകം ഇടവേളയ്ക്ക് ശേഷം ആണാവായുധ ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ദിവസങ്ങളാണിത്. യുക്രെയ്നെതിര റഷ്യ നടത്തുന്ന അധിനിവേശത്തിനിടെ ആണവായുധം പ്രയോഗിക്കുമോ എന്ന ആശങ്കയാണ് വ്യാപകമായി പങ്കിടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് അത്തരമൊരു ആശങ്കയ്ക്ക് ഇടമില്ലെന്ന് പറയുമ്പോഴും, പാശ്ചാത്യ രാജ്യങ്ങളില്‍ പലതും ഭീഷണിയെ എങ്ങനെ നേരിടണമെന്ന ചര്‍ച്ചയിലാണ്.

ഈ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ലോകം ആണവായുധ ഭീഷണിയുടെ മുള്‍മുനയില്‍ നിന്ന് സംഭവത്തിന്റെ വാര്‍ഷികം വരുന്നത്. സോവിയറ്റ് യൂണിയനും സഖ്യരാഷ്ട്രങ്ങളും ഒരു വശത്തും അമേരിക്കയും അവരെ അനുകൂലിക്കുന്ന രാഷ്ട്രങ്ങളും മറുവശത്തുമായി നിലനിന്ന ശീതയുദ്ധ കാലം. അന്നാണ് ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ 'മിസൈല്‍ ക്രൈസിസ്' എന്ന് വിളിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

പ്രതിസന്ധിയിലേക്ക് നയിച്ച കാര്യങ്ങള്‍

ബാറ്റിസ്റ്റ് ഭരണകൂടത്തെ അട്ടിമറിച്ച് ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍, ക്യൂബയില്‍ അധികാരം പിടിച്ചെടുത്തതുമുതല്‍ അതിനെ ഇല്ലാതാക്കാനുളള നീക്കത്തിലായിരുന്നു അമേരിക്ക. ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലനില്‍ക്കുന്നത് രാഷ്ട്രീയമായി അമേരിക്കയ്ക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. 'ബേ ഓഫ് പിഗ്‌സ്' പോലുള്ള സാഹസങ്ങള്‍ നടത്തി തിരിച്ചടിയേറ്റെങ്കിലും ഏത് വിധേനയും കാസ്‌ട്രോയേയും കൂട്ടരെയും അട്ടിമറിക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. സോവിയറ്റ് യൂണിയനുമായുള്ള ആയുധ മത്സരത്തില്‍ മുന്നിലുമായിരുന്നു അമേരിക്ക. ഈ ഘട്ടത്തിലാണ് ക്യൂബയ്ക്ക് സംരക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി സോവിയറ്റ് യൂണിയന്‍ ആ രാജ്യത്ത് മിസൈലുകള്‍ വിന്യസിച്ചത്. ഇതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അമേരിക്ക നേരത്തെ തന്നെ സോവിയറ്റ് യൂണിയനിലേക്ക് ലക്ഷ്യമിടാവുന്ന വിധത്തില്‍ ഇറ്റലിയില്‍ ആണവ മിസൈലുകള്‍ വിന്യസിച്ചിരുന്നു. ഇതിനെതിരായ പ്രതിരോധം കൂടിയായിട്ടാണ് സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് ക്യൂബയില്‍ മിസൈലുകള്‍ വിന്യസിച്ചത്.

അന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമയമായിരുന്നു. ഈ ഘട്ടത്തിലാണ് അമേരിക്കയുടെ ചാര വിമാനങ്ങള്‍ ക്യൂബയില്‍ മിസൈല്‍ വിന്യാസ കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയത്. 1962 ഒക്ടോബര്‍ 16 നായിരുന്നു അത്. ജോണ്‍ എഫ് കെനഡിയായിരുന്നു അന്ന് അമേരിക്കന്‍ പ്രസിഡന്റ് . ക്യൂബയ്‌ക്കെതിരെ വ്യോമാക്രണം നടത്തി അവിടെ അധിനിവേശം നടത്താനായിരുന്നു അദ്ദേഹത്തിന് കിട്ടിയ ആദ്യം ഉപദേശം. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകളില്‍ അത് ഒഴിവാക്കുകയായിരുന്നു. ക്യൂബയില്‍നിന്നുള്ള മിസൈലുകള്‍ പ്രതിരോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനും ഉപരോധവും മറ്റ് നടപടികളും ശക്തമാക്കാനും അദ്ദേഹം പിന്നീട് തീരുമാനിച്ചു. ക്യൂബയില്‍ സജ്ജമാക്കിയിട്ടുള്ള ആയുധങ്ങള്‍ എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് അമേരിക്ക സോവിയറ്റ് യൂണിയനോട് ആവശ്യപ്പെടുകയും ചെയ്തു. നിരവധി ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് സോവിയറ്റ് യൂണിയനും അമേരിക്കയും ധാരണയിലെത്തിയത്. ക്യൂബയിലേക്ക് അമേരിക്ക അധിനിവേശം നടത്തില്ലെന്നും ആ ഉറപ്പിന് പകരമായി ക്യൂബയിലെ മിസൈലുകള്‍ നീക്കം ചെയ്യുമെന്ന് സോവിയറ്റ് യൂണിയനും ഉറപ്പുനല്‍കി. തുര്‍ക്കിയില്‍ അമേരിക്ക വിന്യസിച്ച ബാലിസ്റ്റിക്ക് മിസൈലുകള്‍ നീക്കാമെന്നുള്ള ഉറപ്പുമുണ്ടായി. പിന്നീടും നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ആഴ്ചകള്‍ നീണ്ടുനിന്ന ആണാവായുധ ഭീഷണി ഒഴിവായത്.

logo
The Fourth
www.thefourthnews.in