പ്രശസ്തി കൊണ്ട് മാത്രം കാര്യമില്ല; സ്പോട്ടിഫൈയുമായുള്ള കരാർ അവസാനിപ്പിച്ചതിൽ മേഗനെതിരെ രൂക്ഷവിമർശനം
സ്‌പോട്ടിഫൈയുമായുള്ള പോഡ്കാസ്റ്റ് ഇടപാടില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ മേഗനെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ഹോളിവുഡ് ഏജന്റ്. പ്രശസ്തരായതുകൊണ്ട് മാത്രം ഒരാള്‍ എല്ലാകാര്യത്തിലും മികച്ചതാവണമെന്നില്ലെന്നും മേഗന് പ്രതിഭയില്ലെന്നുമുള്ള വിമർശനങ്ങളാണ് ഉയരുന്നത്. കാനിലെ പരസ്യമേളയിൽ നടന്ന പോഡ്കാസ്റ്റിൽ പ്രശസ്തരുടെ പങ്കെന്ന വിഷയത്തിലുണ്ടായ സംവാദത്തിനിടെയാണ് യുണൈറ്റഡ് ടാലന്റ് ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ജെറമി സിമ്മറാണ് വിമർശനം ഉന്നയിച്ചത്. ഹാരിയും മേഗന്‍ മാര്‍ക്കിളും സ്‌പോട്ടിഫൈയുമായുള്ള കരാര്‍ അവസാനിപ്പിച്ചതാണ് ഹോളിവുഡ് ഏജന്റിനെ പ്രകോപിപ്പിച്ചത്.
'മേഗന്‍ മാര്‍ക്കിള്‍ ഒരു മികച്ച പ്രതിഭ ആയിരുന്നില്ല, അല്ലെങ്കില്‍ അവര്‍ക്ക് ഒരു തരത്തിലുമുള്ള കഴിവുമില്ല,' പ്രശസ്തരായതുകൊണ്ട് മാത്രം ഒരാള്‍ എല്ലാകാര്യത്തിലും മികച്ചതാവണമെന്നില്ലെന്നാണ് സിമ്മർ പറയുന്നത്.
റിങ്ങര്‍ പോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്ക് സ്ഥാപകനായ ബില്‍ സൈമണ്‍സും കഴിഞ്ഞ ആഴ്ച ഹാരിക്കും മേഗനുമെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഹാരിയും മേഗനും പണം തട്ടിയെടുക്കുന്നവരാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
പോഡ്കാസ്റ്റ് സ്ട്രീമിംഗ് അതികായരായ സ്പോട്ടിഫൈയുമായി 2020ലാണ് ഹാരിയും മേഗനും കരാർ ഒപ്പുവച്ചത്. 20 മില്യണ്‍ ഡോളറായിരുന്നു കരാർ തുക. രാജകുടുംബത്തിൽ നിന്ന് നേരിട്ട വിവേചനങ്ങളെ കുറിച്ച് പലപ്പോഴും സമൂഹത്തിന് മുന്നിൽ തുറന്ന് പറഞ്ഞ മേഗന്റെയും ഹാരിയുടേയും വ്യത്യസ്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്ന സീരിസുകൾ ആയിരുന്നു ലക്ഷ്യം. എന്നാല്‍ ഒരു സീരിസ് മാത്രമാണ് ഇരുവരും പോഡ്കാസ്റ്റിനു കീഴില്‍ ചെയ്തത്.
മേഗന്‍ തന്നെ ആതിഥേയത്വം വഹിച്ച 'ആര്‍ക്കടൈപ്‌സ്' നിരവധി തവണ പോഡ്കാസ്റ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. സെറീന വില്യംസ്, മരിയാ കാരി, ട്രവന്‍ നോഹ് എന്നിവരുള്‍പ്പടെ പ്രമുഖരുമായി നടത്തിയ 12 എപ്പിസോഡുകള്‍ മാത്രമാണ് അതിലൂടെ പുറത്ത് വിട്ടത്. അതെല്ലാം വന്‍ വിജയമായിരുന്നു. കൂടാതെ രണ്ടാമത്തെ സീരീസിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകകയാണെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനിടെയാണ് കരാർ അവസാനിപ്പിച്ചത്. എന്നാൽ ഇരുകൂട്ടരും പരസ്പര ധാരണയോടെയാണ് കരാർ അവസാനിപ്പിച്ചതെന്നാണ് വിവരം.