എനർജി ഡ്രിങ്കുകളിലുള്ള ടോറിൻ ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്നെന്ന് പഠനം; മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയം

എനർജി ഡ്രിങ്കുകളിലുള്ള ടോറിൻ ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്നെന്ന് പഠനം; മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയം

അടുത്ത ഘട്ടത്തിൽ മനുഷ്യ ശരീരത്തിലേക്ക് ടോറിന്റെ അളവ് കൂട്ടിനൽകി പരീക്ഷണം നടത്താനാണ് ശ്രമം
Updated on
1 min read

എനർജി ഡ്രിങ്കുകളിൽ അടങ്ങിയിട്ടുള്ള ടോറിൻ പദാർഥം പ്രായമാകുന്ന പ്രക്രിയയുടെ വേഗത കുറയ്ക്കുകയും കൂടുതൽ ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുകയും ചെയ്യുമെന്ന് പഠനം. കൊളംബിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ ചേർന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തൽ.

എലികളിലും കുരങ്ങുകളിലും നടത്തിയ പഠനത്തിൽ, പ്രായമാകുന്നതനുസരിച്ച് മൈക്രോന്യൂട്രിയന്റായ ടോറിന്റെ അളവിൽ കുറവ് വരുന്നതായി കണ്ടെത്തിയിരുന്നു. ടോറിൻ ഇവയുടെ ശരീരത്തിലേക്ക് കൂടുതലായി എത്തിച്ചതോടെ ആരോഗ്യം വർധിക്കുകയും ആയുസ് കൂടുകയും ചെയ്തതായി പഠനം തെളിയിക്കുന്നു.

ടോറിന്റെ അളവ് കൂടുതലുള്ള ശരീരങ്ങളിൽ അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറവാണെന്നും കണ്ടെത്തി

അതേസമയം, ടോറിന്റെ അളവ് കൂട്ടുന്നത് മൃഗങ്ങളിലെ പോലെ മനുഷ്യശരീരത്തിലും പ്രയോജനം ചെയ്യുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ടോറിൻ, മനുഷ്യ ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്നതായതിനാൽ വലിയ തോതിലുള്ള പരീക്ഷണം ആരംഭിക്കാനുള്ള പദ്ധതിയിലാണ് ശാസ്ത്രജ്ഞർ. ഈ കണ്ടെത്തൽ മനുഷ്യരിലും പ്രസക്തമാക്കിയിരിക്കുമെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത കൊളംബിയ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. വിജയ് യാദവ് പറഞ്ഞു.

അടുത്ത ഘട്ടത്തിൽ മനുഷ്യ ശരീരത്തിലേക്ക് ടോറിന്റെ അളവ് കൂട്ടിനൽകി പരീക്ഷണം നടത്താനാണ് ശ്രമം. ആയുസ് കൂടുന്നുണ്ടോ എന്നത് പരിശോധിക്കുക പ്രയാസമാണെങ്കിലും ആരോഗ്യകരമായ ജീവിതത്തിന് ടോറിൻ മനുഷ്യനെ സഹായിക്കുമോ എന്നതായിരിക്കും കണ്ടെത്താൻ ശ്രമിക്കുക. 2012ലാണ് വിജയ് യാദവും സംഘവും ടോറിൻ, മനുഷ്യരിലും കുരങ്ങിലുമെല്ലാം പ്രായമാകുന്നതിന് ടോറിന്റെ ക്രമാതീതമായ കുറവ് കാരണമാകുന്നതായി കണ്ടെത്തിയത്. ഒരു ശരാശരി മനുഷ്യൻ തന്റെ അറുപതുകളിൽ എത്തുന്നതോടെ ചെറുപ്രായത്തിൽ ശരീരത്തിലുണ്ടായിരുന്ന ടോറിന്റെ അളവ്, മൂന്നിൽ ഒന്നായി കുറയുന്നതായും കണ്ടെത്തിയിരുന്നു.

എലികൾക്ക് ടോറിൻ ബാഹ്യമായി നൽകിയതിലൂടെ അവ ആരോഗ്യം മെച്ചപ്പെടുത്തിയെന്നതിനപ്പുറം, എലികൾ മൂന്ന് മുതൽ നാല് മാസം വരെ കൂടുതൽ ജീവിച്ചിരിക്കുകയും ചെയ്തു. ഇത് മനുഷ്യരിലേക്ക് എത്തുമ്പോൾ ഏഴ് മുതൽ എട്ട് വർഷങ്ങൾക്ക് തുല്യമാണെന്നാണ് വിലയിരുത്തല്‍.

ഒരു ശരാശരി മനുഷ്യൻ തന്റെ അറുപതുകളിൽ എത്തുന്നതോടെ ചെറുപ്രായത്തിൽ ശരീരത്തിലുണ്ടായിരുന്ന ടോറിന്റെ അളവ്, മൂന്നിൽ ഒന്നായി കുറയുന്നതായും കണ്ടെത്തിയിരുന്നു

ഈ സംഘം തന്നെ നടത്തിയ പഠനങ്ങൾ പ്രകാരം, ടോറിൻ സപ്ലിമെന്റായി നൽകുന്നതിന് മറ്റ് ചില ഗുണങ്ങൾ കൂടിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 60 വയസിന് മുകളിലുള്ള 12000 യൂറോപ്യന്മാരുടെ മെഡിക്കൽ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ടോറിന്റെ അളവ് കൂടുതലുള്ള ശരീരങ്ങളിൽ അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറവാണെന്നും കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in