നികുതി വെട്ടിപ്പ്; കൺസർവേറ്റീവ് പാർട്ടി ചെയർമാനെ പുറത്താക്കി ഋഷി സുനക്

നികുതി വെട്ടിപ്പ്; കൺസർവേറ്റീവ് പാർട്ടി ചെയർമാനെ പുറത്താക്കി ഋഷി സുനക്

ഏകദേശം അഞ്ച് മില്യൺ പൗണ്ടാണ് പിഴയായി അടച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു
Updated on
1 min read

നികുതി കാര്യങ്ങളിലെ മന്ത്രിതല ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ നാദിം സഹവിയെ ബ്രിട്ടീഷ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. പ്രധാനമന്ത്രിയുടെ ധാർമ്മിക ഉപദേഷ്ടാവ് ലോറി മാഗ്നസ് നടത്തിയ അന്വേഷണത്തിൽ, ബോറിസ് ജോൺസൺ സർക്കാരിലെ ധനമന്ത്രി കൂടിയായിരുന്ന നാദിം സഹവി എച്ച്എംആർസി ചാൻസലറായിരിക്കെ നികുതി വെട്ടിപ്പിന്റെ പേരിൽ പിഴയടച്ചതായി കണ്ടെത്തി. നികുതി അടയ്ക്കാത്തതിന് പിന്നാലെ പ്രശ്ന പരിഹാരത്തിനായി സഹവി പിഴ അടയ്ക്കുകയായിരുന്നു. ഏകദേശം അഞ്ച് മില്യൺ പൗണ്ടാണ് പിഴയായി അടച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

ജൂലൈയിൽ ചാൻസലറായി സ്ഥാനം ഏറ്റെടുക്കുന്ന സമയത്ത് ഇത് സംബന്ധിച്ച് എച്ച്എംആർസി നടത്തിയ അന്വേഷണം സഹവി മറച്ചുവെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ''സ്വതന്ത്ര ഉപദേഷ്ടാവിന്റെ അന്വേഷണത്തിൽ മന്ത്രിതല ചട്ടത്തിൽ ഗുരുതരമായ ലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്തമായി. അതിന്റെ അടിസ്ഥാനത്തിൽ ഹിസ് മജസ്റ്റിയുടെ സർക്കാരിലെ സ്ഥാനത്ത് നിന്ന് നിങ്ങളെ നീക്കം ചെയ്യുന്നു''- സുനക് സഹാവിക്ക് അയച്ച കത്തിൽ പറഞ്ഞു. ലോറി മാഗ്നസിന്റെ അന്വേഷണ റിപ്പോർട്ടും സർക്കാർ പുറത്തുവിട്ടു.

ഒക്ടോബറിലാണ് സഹവിയെ കൺസർവേറ്റീവ് പാർട്ടി ചെയർമാനായും ക്യാബിനറ്റ് മന്ത്രിയായും സുനക് നിയമിച്ചത്. ലിസ് ട്രസിന്റെയും ബോറിസ് ജോൺസന്റെയും മന്ത്രിസഭയിലും നേരത്തെ സഹവി പ്രവർത്തിച്ചിട്ടുണ്ട്.

നോവലിസ്റ്റും ടോറിയിൽ നിന്നുള്ള മുൻ എംപിയുമായിരുന്ന ജെഫ്‌റി ആർച്ചറിന്റെ ഉപദേഷ്ടാവായും ഡേവിഡ് കാമറൂണിന്റെ ഭരണകാലത്ത് ഡൗണിംഗ് സ്ട്രീറ്റിലെ പോളിസി യൂണിറ്റിലും സഹവി സേവനമനുഷ്ടിച്ചിട്ടുണ്ട്. 2010 ലെ പൊതു തിരഞ്ഞെടുപ്പിൽ സ്ട്രാറ്റ്ഫോഡ് ഓൺ അവനിൽ നിന്ന് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായി വിജയിച്ചിരുന്നു. വിദ്യാഭ്യാസ, ബിസിനസ് വകുപ്പുകളിൽ ജൂനിയർ മിനിസ്റ്റീരിയൽ റോളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2020-ൽ കോവിഡ് വാക്സിൻ വിതരണത്തില്‍ വഹിച്ച നേതൃപരമായ പങ്ക് അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in