ഓരോ 15 മിനുറ്റിലും ഇസ്രയേൽ കവരുന്നത് ഒരു കുഞ്ഞുജീവൻ വീതം; പേടിസ്വപ്‌നത്താൽ ഞെട്ടിയുണരുന്ന ഗാസയിലെ കുട്ടികൾ

ഓരോ 15 മിനുറ്റിലും ഇസ്രയേൽ കവരുന്നത് ഒരു കുഞ്ഞുജീവൻ വീതം; പേടിസ്വപ്‌നത്താൽ ഞെട്ടിയുണരുന്ന ഗാസയിലെ കുട്ടികൾ

ഏത് നിമിഷവും കൊല്ലപ്പെടാമെന്ന പേടിയിലാണ് കഥകള്‍ പറഞ്ഞും പാട്ടുപാടിയും പഠിച്ചും കളിച്ചും രസിച്ചും ജീവിക്കേണ്ട ഒരു തലമുറ പലസ്തീനില്‍ മരവിച്ച് ജീവിക്കുന്നത്
Updated on
2 min read

കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍, അവരുടെ ഞെട്ടലുകള്‍, കരച്ചില്‍, പേടി, ഉറ്റവരെ കാണാതെയുള്ള ഭീതി ...ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിലെ ഏറ്റവും ഭീകരമായ ചിത്രങ്ങള്‍ ഇതായിരുന്നു. ഏതൊരു യുദ്ധവും നല്‍കുന്ന അതേ അനുഭവങ്ങളാണ് പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്കും ഇസ്രയേല്‍ നല്‍കിയത്. എന്നാല്‍ ഈ അനുഭവം തലമുറകളായി പലസ്തീനിലെ കുട്ടികള്‍ അനുഭവിക്കുന്നതാണെന്ന് മാത്രം.

പലസ്തീന്‍ എന്‍ ജി ഒയുടെ കണക്ക് പ്രകാരം ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണത്തില്‍ ഓരോ 15 മിനുറ്റും ഓരോ കുട്ടി വീതം കൊല്ലപ്പെടുന്നു. ഏഴിന് തുടങ്ങിയ പുതിയ സംഘര്‍ഷത്തില്‍ പ്രതിദിനം നൂറിലധികം കുട്ടികളാണ് കൊല്ലപ്പെടുന്നത്. ഇസ്രയേലില്‍ കൊല്ലപ്പെട്ട 1400 ഓളം പേരിലും 14 കുട്ടികളുണ്ട്. ഹമാസ് ബന്ദികളാക്കിയ 200 പേരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ബന്ദികളാക്കിയവരുടെ കണക്ക് ഇസ്രയേല്‍ പുറത്ത് വിടാത്തതുകൊണ്ട് എത്ര പലസ്തീന്‍ കുട്ടികളാണ് ബന്ദികളാക്കപ്പെട്ടതെന്ന് വ്യക്തമല്ല.

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 1750 കുട്ടികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഗാസയിലെ 23 ലക്ഷം വരുന്ന ജനസംഖ്യയുടെ പകുതിയും കുട്ടികളുമാണ്.

കുട്ടികളെ സംരക്ഷിക്കുന്ന നിയമങ്ങള്‍

1949ലെ ജനീവ കണ്‍വെന്‍ഷനുകളില്‍ സായുധ പോരാട്ടങ്ങളെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ നിയമങ്ങള്‍ പാസാക്കിയിരുന്നു. പ്രസ്തുത നിയമത്തില്‍ യുദ്ധങ്ങളില്‍ കുട്ടികളോട് മാനുഷികമായി പെരുമാറണമെന്നും അവരെ സംരക്ഷിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. 1951ല്‍ ഇസ്രയേലും ഈ നിയമങ്ങൾ അംഗീകരിച്ചു. അതായത് ഹോളോകോസ്റ്റ് സമയത്ത് 15 ലക്ഷം ജൂതക്കുട്ടികള്‍ കൊല്ലപ്പെട്ടതിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം.

ഓരോ 15 മിനുറ്റിലും ഇസ്രയേൽ കവരുന്നത് ഒരു കുഞ്ഞുജീവൻ വീതം; പേടിസ്വപ്‌നത്താൽ ഞെട്ടിയുണരുന്ന ഗാസയിലെ കുട്ടികൾ
ക്രൂരത അവസാനിപ്പിക്കാതെ ഇസ്രയേല്‍; ജലസോണ്‍ അഭയാര്‍ഥി ക്യാമ്പില്‍ ആക്രമണം, രണ്ട് പേർ കൊല്ലപ്പെട്ടു

എന്നാല്‍ പലസ്തീനെ അധിനിവേശ ഭൂമിയായി പരിഗണിക്കാത്തതിനാല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന സാധാരണക്കാരെ സംരക്ഷിക്കുന്ന നാലാമത്തെ ജനീവ കണ്‍വെന്‍ഷനെ ഇസ്രയേല്‍ അംഗീകരിച്ചില്ല. ഹമാസിനെ നശിപ്പിക്കാനുള്ള നിയമാനുസൃതമായ മാര്‍ഗമായാണ് ഗാസയിലെ ആനുപാതികമല്ലാത്ത സൈനിക ഉപയോഗത്തെ ഇസ്രയേല്‍ കണക്കാക്കുന്നത്. അതിനാൽ കുട്ടികള്‍ അടക്കമുള്ളവരുടെ മരണം യുദ്ധക്കുറ്റമായി കണക്കാക്കാനാകില്ലെന്നാണ് ഇസ്രയേലിന്റെ വാദം.

യുദ്ധം കുട്ടികളെ ഏതൊക്കെ തരത്തില്‍ ബാധിക്കുന്നു

യുദ്ധത്തിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത മുഹമ്മദ് അബു ലൗലിയുടെ മുഖം അത്ര പെട്ടെന്ന് നാം മറക്കില്ല. പലസ്തീന്‍ കുഞ്ഞുങ്ങളുടെ ഒട്ടാകെയുള്ള പ്രതീകമാണവന്‍. ഇപ്പോഴും യുദ്ധത്തിന്റെ കൊടിയ ദൃക്‌സാക്ഷിത്വത്തിന്റെ അമ്പരപ്പില്‍ നിന്ന് കുഞ്ഞുങ്ങളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പാടുപെടലിലാണ് പലസ്തീന്‍ ജനത. 95 ശതമാനം കുഞ്ഞുങ്ങളും യുദ്ധം അടിച്ചേൽപ്പിച്ച മാനസികാഘാതത്തിലാണ് ജീവിക്കുന്നത്.

ജനിച്ചത് മുതല്‍ യുദ്ധം കാണുന്ന പലസ്തീന്‍ കുഞ്ഞുങ്ങള്‍ വളര്‍ന്നാലും ഇതേ മാനസികാവസ്ഥയോടെയാണ് ജീവിക്കുന്നത്. അതായത് യുദ്ധം കുട്ടികളുടെ വര്‍ത്തമാനകാലത്തെ മാത്രമല്ല, അവരുടെ ഭാവി ജീവിതത്തെയും വേട്ടയാടുന്നു. ഇപ്പോള്‍ 17-18 വയസായ ഒരു പലസ്തീന്‍ കുട്ടി തന്റെ ജീവിതത്തില്‍ ഇക്കാലയളവില്‍ അഞ്ച് യുദ്ധത്തിനാണ് സാക്ഷ്യം വഹിച്ചത് (2008-2009, 2012, 2914, 2021, 2023).

വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യതക്കുറവ് കാരണം യുദ്ധത്തില്‍നിന്ന് അതിജീവിച്ചാലും കുട്ടികള്‍ക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ മാറുന്നില്ല. നിര്‍ജലീകരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ജലശുചിത്വമില്ലായ്മ കുട്ടികള്‍ക്ക് ഉയര്‍ന്ന അപകട സാധ്യതയുള്ള വയറിളക്കമുണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. ഇത് നിര്‍ജലീകരണത്തിലേക്ക് നയിക്കുന്നു. മാത്രവുമല്ല, ലോകത്തില്‍ തന്നെ അഞ്ച് വയസില്‍ താഴെയുള്ളവരുടെ മരണത്തിന്റെ പ്രധാന കാരണവും ഇതാണ്. യുദ്ധപശ്ചാലത്തില്‍ ഉറക്കമില്ലായ്മയും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.

ഓരോ 15 മിനുറ്റിലും ഇസ്രയേൽ കവരുന്നത് ഒരു കുഞ്ഞുജീവൻ വീതം; പേടിസ്വപ്‌നത്താൽ ഞെട്ടിയുണരുന്ന ഗാസയിലെ കുട്ടികൾ
'അക്രമം അവസാനിപ്പിക്കാൻ ഏതറ്റം വരെയും പോകും'; ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ചൈന

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലിക അഭയകേന്ദ്രമായി മാറിയതോടെ പഠനവും നിലച്ച അവസ്ഥയാണ്. ഐക്യരാഷ്ട്ര സഭയുടെ സ്‌കൂളുകളിലായി ഗാസയിലെ 400,000 പേരാണ് അഭയം പ്രാപിച്ചിരിക്കുന്നത്. പലസ്തീനിലെ അഭയാര്‍ത്ഥികള്‍ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ (യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആൻഡ് വർക്‌സ് ഏജന്‍സി ഫോര്‍ പലസ്തീന്‍) പറയുന്നത് അനുസരിച്ച് കുറഞ്ഞത് നാല് സ്‌കൂളുകളെങ്കിലും ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകര്‍ത്തിട്ടുണ്ട്.

നേരത്തെയുള്ള സംഘര്‍ഷങ്ങള്‍ക്കുശേഷം നടത്തിയ പഠനത്തില്‍ ഗാസയിലെ ഭൂരിഭാഗം കുട്ടികളും പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിന്റെ (പിടിഎസ്ഡി) ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. പേടി സ്വപ്‌നങ്ങള്‍, ഭയം, ആശങ്ക, ഉറക്കമില്ലായ്മ തുടങ്ങിയ മാനസികാവസ്ഥയിലൂടെയാണ് ഗാസയിലെ കുഞ്ഞുങ്ങള്‍ ജീവിക്കുന്നത്.

2012ലെ ഓപ്പറേഷന്‍ പില്ലാര്‍ ഓഫ് ഡിഫന്‍സിനുശേഷം 82 ശതമാനം കുട്ടികളും മരണപ്പേടിയിലാണ് ജീവിക്കുന്നതെന്ന് യൂണിസെഫ് പഠനം വ്യക്തമാക്കിയിരുന്നു. അതായത് ഏത് നിമിഷവും കൊല്ലപ്പെടാമെന്ന പേടിയിലാണ് കഥകള്‍ പറഞ്ഞും പാട്ടുപാടിയും പഠിച്ചും കളിച്ചും രസിച്ചും ജീവിക്കേണ്ട ഒരു തലമുറ പലസ്തീനില്‍ മരവിച്ച് ജീവിക്കുന്നത്.

logo
The Fourth
www.thefourthnews.in