'മോദിയോട് വിയോജിപ്പുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറുന്നു'; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ട്രൂഡോ
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രാലയം. ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് ട്രൂഡോയുടെ വാക്കുകള്‍. സംഭവത്തില്‍ രഹസ്യാന്വേഷണം മാത്രമാണ് നടന്നതെന്നായിരുന്നു ഇന്നലെ ട്രൂഡോ വ്യക്തമാക്കിയത്. എന്നാല്‍, കാനഡയുടെ പരമാധികാരങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള നടപടികള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.
വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീർ ജയ്‌സ്വാളാണ് ട്രൂഡോയുടെ വാക്കുകളോട് പ്രതികരിച്ചത്. തങ്ങള്‍ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് ട്രൂഡോ ഇപ്പോള്‍ ആവർത്തിച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളെ തുണയ്ക്കുന്ന വ്യക്തമായ തെളിവുകള്‍ കാനഡയുടെ പക്കലില്ലെന്നും ജയ്‌സ്വാള്‍ പറഞ്ഞു. ഇന്ത്യ-കാനഡ ബന്ധത്തിലുണ്ടായ വിള്ളലിന്റെ പൂർണ ഉത്തരവാദിത്തം ട്രൂഡോയ്ക്കായിരിക്കുമെന്നും ജയ്‌സ്വാള്‍ ചൂണ്ടിക്കാണിച്ചു.
നിജ്ജർ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയെയോ ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇല്ലെന്ന് പറയുമ്പോഴും മറ്റുചില ഗുരുതരമായ ആരോപണങ്ങളും ട്രൂഡോ ബുധനാഴ്ച ഉന്നയിച്ചിരുന്നു.
നരേന്ദ്ര മോദി സർക്കാരിനോട് വിയോജിപ്പുള്ള കനേഡിയൻ പൗരന്മാരുടെ വിവരങ്ങള്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ശേഖരിച്ചതായാണ് ട്രൂഡോ ആരോപിക്കുന്നത്. ഇത്തരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഇന്ത്യയിലെ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവർക്കും ലോറൻസ് ബിഷ്ണോയ് പോലുള്ള സംഘങ്ങള്‍ക്കും ഉദ്യോഗസ്ഥർ കൈമാറുന്നതായും ട്രൂഡോ പറഞ്ഞു.
നിജ്ജർ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കനേഡിയൻ പോലീസ് സംശയിക്കുന്ന സംഘമാണ് ലോറൻസ് ബിഷ്ണോയ്. സിഖ് വിഘടനവാദികളെ ലക്ഷ്യമിടാനായി ഇന്ത്യ ഉപയോഗിക്കുന്ന സംഘമാണ് ലോറൻസ് ബിഷ്ണോയ് എന്നാണ് കനേഡിയൻ പോലീസിന്റെ പക്ഷം.
കാനഡയിലെ ക്രിമിനല്‍ സംഘങ്ങളുമായി ഇന്ത്യൻ ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങള്‍ വിദേശകാര്യമന്ത്രാലയം പൂർണമായും തള്ളിയിരുന്നു. നിജ്ജർ വധത്തിലൂടെ ഇന്ത്യ കാനഡയുടെ പരമാധികാരം ലംഘിച്ചുവെന്ന ആരോപണം ട്രൂഡോ പലതവണ ആവർത്തിച്ചിട്ടുള്ളതാണ്. എന്നാല്‍, സിഖ് സമൂഹത്തെ മാത്രമല്ല ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് എന്നൊരു ആരോപണംകൂടി ട്രൂഡോ ഉന്നയിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യയ്ക്കെതിരെ അമേരിക്കയും ന്യൂസിലൻഡും നിലപാട് സ്വീകരിച്ചിരുന്നു. ഖലിസ്ഥാൻ നേതാവ് നിജ്ജറിന്റെ കൊലപാതകുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സഹകരിക്കാൻ ഇന്ത്യ തയാറാകുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മില്ലർ. നേരത്തെയും സമാന അഭിപ്രായം അമേരിക്ക രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു ന്യൂസിലൻഡിന്റെ പ്രതികരണം.