'എന്റെ വക എല്ലാവര്‍ക്കും ഭക്ഷണം', വാഗ്ദാനം വാക്കില്‍ മാത്രം; ട്രംപ് മുങ്ങിയതായി ആരോപണം
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ജന്മദിനത്തോടനുബന്ധിച്ച് ഭക്ഷണം വാഗ്ദാനം ചെയ്ത ശേഷം പറ്റിച്ചതായി ആരോപണം. മിയാമിയിലെ ക്യൂബന്‍ റെസ്റ്റോറന്റായ വെര്‍സൈല്‍സില്‍ തനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നവര്‍ക്കായി ഭക്ഷണം വാഗ്ദാനം ചെയ്ത ശേഷം ട്രംപ് മുങ്ങിയെന്നാണ് ആരോപണം. ലിറ്റില്‍ ഹവാനയിലെ റസ്റ്റോറന്റില്‍ എത്തിയവരോട് 'എല്ലാവര്‍ക്കും ഭക്ഷണം' എന്ന് വാദ്ഗാനം ചെയ്ത ശേഷമാണ് ട്രംപ് കടന്നു കളഞ്ഞത്.
റസ്റ്റോറന്റില്‍ കൂടിയവരോട് 'എല്ലാവര്‍ക്കും ഭക്ഷണം' എന്ന് ട്രംപ് ഉറക്കെ വിളിച്ചുപറയുകയായിരുന്നു
റസ്റ്റോറന്റില്‍ കൂടിയവരോട് 'എല്ലാവര്‍ക്കും ഭക്ഷണം' എന്ന് ട്രംപ് ഉറക്കെ വിളിച്ചുപറയുകയായിരുന്നു. എന്നാല്‍ ഇതിനുള്ള പണം നല്‍കാതെ അദ്ദേഹം പോയതായി അജ്ഞാതവൃത്തത്തെ ഉദ്ധരിച്ച് മിയാമി ന്യൂ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
''വെര്‍സൈല്‍സ് റസ്റ്റോറന്റില്‍ ഈ ആഴ്ച ട്രംപിനെ സ്വാഗതം ചെയ്തതില്‍ അദ്ദേഹം വളരെ ആവേശഭരിതനാണ്. ട്രംപിന്റെ സന്ദര്‍ശനത്തിനൊടുവില്‍ റസ്റ്റോറന്റിനുള്ളിലുണ്ടായിരുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാല്‍ ട്രംപ് റസ്റ്റോറന്റില്‍നിന്ന് പോയതിന് പിന്നാലെ എല്ലാവരും പോയി. ആരും ഭക്ഷണം ഓര്‍ഡര്‍ ചെയ്തില്ല''. ട്രംപിന്റെ വക്താവ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. കാമ്പെയ്ന്‍ അഡ്വാന്‍സ് ടീം അംഗങ്ങള്‍ വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കിയിട്ടുണ്ട്. പണം നല്‍കാന്‍ ബാക്കിയില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന 'സാങ്കല്‍പ്പിക പൊതു തിരഞ്ഞെടുപ്പി'ല്‍ ജോ ബൈഡന്‍ മുന്നിട്ടുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍
അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന 'സാങ്കല്‍പ്പിക പൊതു തിരഞ്ഞെടുപ്പി'ല്‍ ജോ ബൈഡന്‍ മുന്നിട്ടുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിനേക്കാള്‍ നാല് പോയിന്റ് കൂടുതല്‍ ബൈഡനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബൈഡന് 48 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ട്രംപിന് 44 ശതമാനം വോട്ടാണ് കിട്ടിയത്.
മെയ് 24ന് നടന്ന ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റിയുടെ വോട്ടെടുപ്പ് അനുസരിച്ച് പ്രതികരിച്ചവരില്‍ 48 ശതമാനം പേര്‍ ബൈഡനെ പിന്തുണച്ചെന്നും 46 ശതമാനം പേരുടെ പിന്തുണയാണ് ട്രംപിന് ലഭിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.