ഡോണൾഡ് ട്രംപ്
ഡോണൾഡ് ട്രംപ്

'ചൈനക്കെതിരെ പ്രൊപ്പഗണ്ട നടത്താൻ സമൂഹമാധ്യമങ്ങളില്‍ സിഐഎ ചാരന്മാര്‍ നുഴഞ്ഞുകയറി'; ട്രംപിനെതിരെ വെളിപ്പെടുത്തല്‍

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍ വിദേശത്ത് അനധികൃത നിക്ഷേപം നടത്തിയെന്നും ചൈനയുടെ ബെല്‍റ്റ് ആൻഡ് റോഡ് പദ്ധതിയില്‍ വ്യാപക അഴിമതിയാണെന്നും സിഐഎ സംഘം പ്രചാരണം നടത്തി
Updated on
1 min read

ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഗൂഢപ്രചാരണം നടത്താന്‍ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയെ ചുമതലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. ചൈനീസ് സര്‍ക്കാരിനെതിരെ പൊതുജനാഭിപ്രായം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കമെന്നാണ് വെളിപ്പെടുത്തല്‍.

യു എസ് മുന്‍ ഉന്നത ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഷി ജിന്‍പിങ് സര്‍ക്കാരിനെക്കുറിച്ച് മോശമായി പ്രചാരണം നടത്താന്‍ വ്യാജ ഇന്റര്‍നെറ്റ് ഐഡികള്‍ ഉപയോഗിച്ച് സിഐഎ ചെറിയ സംഘത്തെ സൃഷ്ടിച്ചതായി മൂന്ന് മുന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. 2019-ലാണ് നീക്കം ആരംഭിച്ചത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍ വിദേശത്ത് അനധികൃത നിക്ഷേപം നടത്തിയെന്നും ചൈനയുടെ ബെല്‍റ്റ് ആൻഡ് റോഡ് പദ്ധതിയില്‍ വ്യാപക അഴിമതിയാണെന്നും ഈ സിഐഎ സംഘം പ്രചാരണം നടത്തിയെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഈ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഇവര്‍ തയാറായില്ല. ചൈനീസ് നേതാക്കളെ പരിഭ്രാന്തരാക്കുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആഗോള സ്വാധീനം വര്‍ധിപ്പിക്കാനായി ചൈന രഹസ്യമായി നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു ട്രംപിന്റെ നീക്കമെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.

അതേസമയം, മുന്‍ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ സിഐഎ തയാറായില്ല. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ പ്രചാരണം നടത്തി പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ വ്യക്തമായ തെളിവാണ് വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതെന്ന് ചൈന പ്രതികരിച്ചു.

ഈ നീക്കത്തിന്റെ ഫലം എന്തായിരുന്നുവെന്നോ, ബൈഡന്‍ ഭരണകൂടം ഇത് തുടര്‍ന്നിരുന്നോയെന്നോ വെളിപ്പെടുത്തലില്‍ വ്യക്തമാക്കുന്നില്ല. സംഭവത്തില്‍ പ്രതികരിക്കാന്‍ ജോ ബൈഡന്റെ ഓഫീസും തയാറായിട്ടില്ല. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ചൈനയ്‌ക്കെതിരെ കൂടുതല്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് ക്യാമ്പയിന്‍ നടത്തുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഡോണൾഡ് ട്രംപ്
ഗാസയിൽ മാനുഷിക സഹായം കാത്തു നിന്നവർക്ക് നേരെ വീണ്ടും ഇസ്രയേൽ ക്രൂരത; 29 പേർ കൊല്ലപ്പെട്ടു

ചൈനയക്കുപുറമേ, ദക്ഷിണേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും ട്രംപ് സമാനമായ നീക്കം നടത്തിയതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തല്‍ ചൈന രാഷ്ട്രീയമായി ഉപയോഗിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

തങ്ങളെ തകര്‍ക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചത്യ ശക്തികള്‍ കാലങ്ങളായി രസഹ്യമായും പരസ്യമായും ശ്രമിക്കുന്നുണ്ടെന്ന് ചൈന ആരോപിക്കുന്നുണ്ട്. ഇത് ശരിവെക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വികസ്വര രാജ്യങ്ങളില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തി ലോകരാഷ്ട്ര ക്രമത്തില്‍ നിര്‍ണായക സ്വാധീന ശക്തിയാക്കാനുള്ള ശ്രമങ്ങള്‍ ചൈന തുടര്‍ന്നുവരികയാണ്. തങ്ങള്‍ മറ്റു രാജ്യങ്ങളുടെ പ്രത്യേകിച്ച് അമേരിക്കയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാറില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in