പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് ട്രംപ്; മോദിയെ പുകഴ്ത്തി യുഎസ് മുന്‍ പ്രസിഡന്റ്
2024ൽ നടക്കാനിരിക്കുന്ന അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്. മാധ്യമസ്ഥാപനമായ എൻഡിടിവി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് മുൻ പ്രസിഡന്റ് 2024ൽ മത്സരിച്ചേക്കുമെന്ന് അറിയിച്ചത്. തീരുമാനം ഉടൻ എടുക്കും, താൻ പ്രസിഡന്റ് ആകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മാത്രമല്ല, ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലും താനാണ് മുന്നിലെന്നും ട്രംപ് അവകാശപ്പെട്ടു.
മോദിയുടേത് മികച്ച വ്യക്തിത്വം. അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ചെറുതല്ല. അതെല്ലാം വളരെ നല്ല രീതിയിലാണ് അദ്ദേഹം നിറവേറ്റുന്നത്
"റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെയും ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെയും ജനാഭിപ്രായ വോട്ടെടുപ്പുകളിൽ ഞാനാണ് ലീഡ് ചെയ്യുന്നത്. മത്സരിക്കുന്ന കാര്യത്തിൽ ഞാൻ ഉടൻ തന്നെ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഒരുപാട് പേർ സന്തോഷിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ചിലർക്കത് ബുദ്ധിമുട്ടുണ്ടാക്കും. " ട്രംപ് പറഞ്ഞു.
2024 ലെ തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും മത്സരരംഗത്ത് ഉണ്ടാകുമോ എന്ന ചര്‍ച്ചകള്‍ ഉയരുന്ന ഘട്ടത്തിലാണ് ട്രംപ് നിലപാട് അറിയിച്ചിരിക്കുന്നത്. 2016ൽ അധികാരമേറ്റ് നാല് വർഷത്തെ ഭരണം പൂർത്തിയാക്കിയ ട്രംപ്, 2020ൽ വീണ്ടും മത്സരിച്ചിരുന്നു. എന്നാല്‍ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു.
ട്രംപ് വീണ്ടും മത്സരിക്കുന്നതാണ് താത്പര്യമെന്ന് അടുത്ത സുഹൃത്തായ ഇന്ത്യൻ അമേരിക്കൻ വ്യവസായി ശലഭ് കുമാറും പറഞ്ഞു. "ട്രംപ് വീണ്ടും വീണ്ടും മത്സരിക്കണം. അദ്ദേഹം പ്രസിഡന്റ് ആകുന്നതാണ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ഇഷ്ടം" അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ എതിർ സ്ഥാനാർഥി ഉണ്ടാകുമോ എന്ന ചോദ്യത്തിന് "ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടി" എന്നായിരുന്നു ശലഭ് കുമാറിന്റെ മറുപടി.
ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്ന് തനിക്ക് ലഭിച്ച വലിയ പിന്തുണയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു. ''മോദി മികച്ചൊരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ചെറുതല്ല. അതെല്ലാം വളരെ നല്ല രീതിയിലാണ് അദ്ദേഹം നിറവേറ്റുന്നത്'' - ട്രംപ് പറഞ്ഞു.
"എന്റെ കാലത്ത് ഇന്ത്യയുമായുള്ള ബന്ധം വളരെ മികച്ചതായിരുന്നു. എന്നെപോലെയൊരു സുഹൃത്ത് ഇന്ത്യക്ക് വേറെ ഉണ്ടായിരുന്നില്ല" ട്രംപ് വ്യക്തമാക്കി.
2019 സെപ്റ്റംബറിൽ, മോദിയും ട്രംപും സംയുക്തമായി ടെക്സസിലെ ഹൂസ്റ്റണിൽ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്ത 'ഹൗഡി മോദി' റാലിയെ അഭിസംബോധന ചെയ്തിരുന്നു. അഞ്ച് മാസങ്ങൾക്ക് ശേഷം മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തും ട്രംപ് സന്ദർശിച്ചിരുന്നു.