പോൺതാരത്തിന് പണം നൽകിയ കേസ്: ജഡ്ജിയെ ചുമതലയിൽനിന്ന് നീക്കണമെന്ന് ട്രംപ്
വിവാഹേതരബന്ധം മറച്ചുവയ്ക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയൽസിന് തിരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് പണം നല്‍കിയ കേസ് പരിഗണിക്കുന്ന ജഡ്ജിയെ മാറ്റണമെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൻഹാട്ടനിലെ സ്റ്റേറ്റ് സുപ്രീംകോടതിയിലെ ജഡ്ജിയായ വാൻ എം മെർച്ചനെ കേസിന്റെ ചുമതലയിൽനിന്ന് മാറ്റണമെന്നാണ് ട്രംപിന്റെ ആവശ്യം.
മെർച്ചന്റെ മകൾ ജോലി ചെയ്യുന്ന കൺസൾട്ടിങ് ഫേം ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ അഭിഭാഷകർ ഇക്കാര്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
മുൻപ് ട്രംപ് ഓർഗനൈസഷനെതിരായ നികുതി തട്ടിപ്പ്‌കേസിൽ കമ്പനി എക്സിക്യൂട്ടീവിനെ ട്രംപിനെതിരെ മൊഴി കൊടുക്കാനായി ജഡ്ജി പ്രോത്സാഹിപ്പിച്ചിരുന്നു. ഇത് നേരത്തെ തന്നെ ട്രംപിനെതിരെയുള്ള ജഡ്ജിയുടെ പക്ഷപാതത്തെ കാണിക്കുന്നുവെന്നും 2020 ൽ ജഡ്ജി രാഷ്ട്രീയ സംഭാവനയായി നൽകിയ 35 ഡോളറിനെക്കുറിച്ച് വിശദീകരണം നൽകണമെന്നു പ്രമേയത്തിൽ ആവശ്യപ്പെട്ടു.
''ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റ് രണ്ട് പ്രോഗ്രസ്സിവ് ഗ്രൂപ്പുകൾക്കുമായി ഡെമോക്രാറ്റിക് ഗ്രൂപ്പായ ActBlue-ന് ജഡ്‌ജി 35 ഡോളർ സംഭാവന ചെയ്തതായി ഫെഡറൽ രേഖകൾ കാണിക്കുന്നുണ്ട്. മെർച്ചന്റെ നിക്ഷ്പക്ഷതയെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തിയ അഭിഭാഷകർ അദ്ദേഹത്തിന് കേസ് കൈകാര്യം ചെയ്യാനുള്ള അർഹതയില്ല. വിഷയത്തെ നിയമപരമായി നേരിടും,'' മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ വക്താവ് പറഞ്ഞു.
കേസ് ഫെഡറൽ കോടതിയിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ മാസം ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സ്റ്റേറ്റ് കോർട്ടിന്റെ പരിഗണയിലാണ്. കേസിന്റെ മേൽനോട്ടം വഹിക്കുന്നതിൽ നിന്ന് മെർച്ചനെ മാറ്റുന്നതിനുള്ള ട്രംപിന്റെ അടുത്ത നീക്കമാണ് പ്രമേയം. നിയമനടപടികളുമായി മുന്നോട്ട് പോയാലും ജഡ്ജിയെ മാറ്റുന്നത് ട്രംപിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കില്ല. ജഡ്ജി വാൻ എം മെർച്ചൻ തന്നെയായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. നികുതിവെട്ടിപ്പ് കേസിൽ ജഡ്ജിനെ മാറ്റാൻ ട്രംപ് ഓർഗനൈസേഷൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
ന്യൂയോർക്കിലെ ജുഡീഷ്യൽ പെരുമാറ്റ ചട്ടങ്ങൾ പ്രകാരം രാഷ്ട്രീയ സംഭാവനകൾ നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ ഇക്കാര്യത്തിൽ മെർച്ചൻ അന്വേഷണം നേരിടേണ്ടി വരുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പോൺ താരം സ്റ്റോമി ഡാനിയൽസിന് നൽകിയ 1,30,000 ഡോളർ മൂടിവയ്ക്കാൻ ബിസിനസ് രേഖകളിൽ കൃതിമത്വം കാണിച്ചതിന് 34 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്. അടുത്ത മാർച്ചിലാണ് കേസിൽ വിചാരണ ആരംഭിക്കുക.