ഡോണള്‍ഡ് ട്രംപ്
ഡോണള്‍ഡ് ട്രംപ്

ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു; ഇനിയൊരു തിരിച്ചുവരവില്ലെന്ന് ട്രംപ്

യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന് ട്വിറ്റർ നിരോധനം ഏർപ്പെടുത്തിയത്
Updated on
1 min read

അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് പിന്നാലെ ട്വിറ്ററിലേക്ക് തിരിച്ച് വരാനില്ലെന്നറിയിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ ജൂത സഖ്യത്തിന്റെ വാർഷിക നേതൃയോഗത്തിൽ ട്വിറ്ററിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് " അതിന് ഞാൻ ഒരു കാരണവും കാണുന്നില്ല " എന്നായിരുന്നു ട്രംപിന്റെ മറുപടി.

ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് ( ടിഎംടിജി ) സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത പുതിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ൽ സജീവമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു, ട്വിറ്ററിനേക്കാൾ മികച്ച രീതിയിൽ അത് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്താവനയോട് ട്വിറ്റർ പ്രതികരിച്ചിട്ടില്ല.

ട്രൂത്ത് സോഷ്യലിൽ ട്രംപിന് 4.57 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്

യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന് ട്വിറ്റർ നിരോധനം ഏർപ്പെടുത്തിയത്. ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയം പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ട്രംപ് അനുയായികള്‍ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇലോൺ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ ട്രംപിന്റെ വിലക്ക് നീക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ട്രംപിനെ ട്വിറ്ററിലേക്ക് തിരികെയെത്തിക്കണോ എന്നതില്‍ മസ്ക് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. മുൻപ് ട്വിറ്റർ മേധാവിയായ ഇലോൺ മസ്കിനെ, ട്രംപ് പുകഴ്ത്തുകയും തനിക്ക് എപ്പോഴും അദ്ദേഹത്തെ ഇഷ്ടമാണെന്ന് പറയുകയും ചെയ്തിരുന്നു.

ഡോണള്‍ഡ് ട്രംപ്
ട്രംപ് വീണ്ടും ട്വിറ്ററില്‍; നിയന്ത്രണം പിന്‍വലിച്ച് മസ്‌ക്

എന്നാൽ , ഫെബ്രുവരിയിൽ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഒക്ടോബറില്‍ ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആരംഭിച്ച 'ട്രൂത്ത് സോഷ്യലി'നോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമെന്നതിനാലാണ് അദ്ദേഹം ട്വിറ്ററിലേക്ക് മടങ്ങാൻ വിസമ്മതിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രൂത്ത് സോഷ്യലിൽ ട്രംപിന് 4.57 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. മെയ് മാസം മുതൽ ട്രംപ് ട്രൂത്ത് സോഷ്യൽ വഴി ആശയവിനിമയം നടത്തുന്നുണ്ട്.

നിരോധിക്കപ്പെടുന്നതിന് മുന്‍പ് ട്രംപിന് ട്വിറ്ററിൽ 88 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു

ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്നറിയാന്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ നിരവധി ഉപയോക്താക്കള്‍ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം എന്നാണ് ട്വിറ്റർ നൽകിയ വിശദീകരണം . ട്വിറ്ററിലൂടെ മസ്ക് തന്നെയാണ് ട്രംപിന്റെ അക്കൗണ്ട് തിരിച്ചെടുക്കാനുള്ള തീരുമാനം അറിയിച്ചത്. മസ്കിന്റെ അക്കൗണ്ട് വഴി നടത്തിയ തിരഞ്ഞെടുപ്പില്‍ 15 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് പങ്കെടുത്തത്. അതില്‍ 51.8 ശതമാനം ആളുകളും ട്രംപിനെ അനുകൂലിച്ചെന്നും മസ്‌ക് പറഞ്ഞു. കൂടാതെ, ട്രംപിനെ തിരിച്ചെടുക്കാന്‍ താന്‍ നേരത്തെതന്നെ തീരുമാനിച്ചിരുന്നതായും മസ്‌ക് വ്യക്തമാക്കിയിരുന്നു.

അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകള്‍ നടത്തിയെന്നതിന്റെ പേരില്‍ 2021 ജനുവരി 8 നാണ് ട്വിറ്ററിന്റെ പഴയ ഉടമകള്‍ ട്രംപിന്റെ അക്കൗണ്ടിന് സ്ഥിര നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധിക്കപ്പെടുന്നതിന് മുന്‍പ് ട്രംപിന് ട്വിറ്ററിൽ 88 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in