ട്രംപിന്റെ ആറ് വർഷത്തെ നികുതി വിവരങ്ങൾ പുറത്ത്: പ്രസിഡന്റായിരിക്കുമ്പോഴും ചൈനയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നതായി രേഖ

ട്രംപിന്റെ ആറ് വർഷത്തെ നികുതി വിവരങ്ങൾ പുറത്ത്: പ്രസിഡന്റായിരിക്കുമ്പോഴും ചൈനയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നതായി രേഖ

ഭരണത്തിലിരുന്ന അവസാന വർഷമായ 2020ൽ ട്രംപും അദ്ദേഹത്തിന്റെ പങ്കാളി മെലാനിയും ഒരു രൂപ പോലും ഫെഡറൽ ആദായ നികുതി ഇനത്തിൽ അടച്ചിരുന്നില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു
Updated on
2 min read

യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ നികുതി റിട്ടേൺ രേഖകൾ പരസ്യമാക്കി കോൺഗ്രസ് കമ്മിറ്റി. ട്രംപ് പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന കാലയളവിലെയുള്‍പ്പെടെ ആറ് വര്‍ഷത്തെ കണക്കുകളാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. ട്രംപിന്റെയും പങ്കാളി മെലാനിയയുടെയും വ്യക്തിഗത നികുതി വിവരങ്ങളും ബിസിനസ് സംബന്ധമായ വിവരങ്ങളും ഉൾപ്പെടെ 6000 പേജുകളുള്ള നികുതി റിട്ടേൺ രേഖയാണ് പരസ്യമാക്കിയത്.

രേഖകള്‍ പുറത്തുവിട്ട നടപടിക്കെതിരെ ട്രംപ് രോഷാകുലനായാണ് പ്രതികരിച്ചത്. വളരെ അപകടകരമായ നീക്കമാണിതെന്ന് ട്രംപ് പറഞ്ഞു. ''ഡെമോക്രാറ്റ് പാർട്ടി ഇതൊരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. വിവരങ്ങള്‍ പരസ്യമാക്കാന്‍ സുപ്രീംകോടതി അനുമതി നൽകരുതായിരുന്നു. ഇത് പലർക്കും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അമേരിക്കയിലെ വിഭാഗീയത കൂടുതൽ വഷളാകും'' - ട്രംപ് വ്യക്തമാക്കി.

പ്രസിഡന്റുമാരുടെ നികുതി റിട്ടേൺ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നത് അമേരിക്കയിൽ നിർബന്ധമല്ലെങ്കിലും മുൻപുണ്ടായിരുന്നവർ സ്വമേധയാ രേഖകൾ പുറത്തുവിടാറുണ്ടായിരുന്നു. എന്നാൽ ട്രംപ് അതിന് തയ്യാറായില്ല. വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ഡെമോക്രറ്റിക് നീക്കം തടയാൻ അവസാനം വരെയും അദ്ദേഹം ശ്രമിക്കുകയും ചെയ്തിരുന്നു.

തന്റെ വരുമാനം ചാരിറ്റിയായി നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവും ട്രംപ് ലംഘിച്ചതായി കണ്ടെത്തി

ഭരണത്തിലിരുന്ന അവസാന വർഷമായ 2020ൽ ട്രംപും അദ്ദേഹത്തിന്റെ പങ്കാളി മെലാനിയും ഒരു രൂപ പോലും ഫെഡറൽ ആദായ നികുതി ഇനത്തിൽ അടച്ചിരുന്നില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രചാരണം ആരംഭിച്ച 2015-ൽ 641,931 മില്യൺ ഡോളറാണ് ഇരുവരും ഫെഡറൽ നികുതി ഇനത്തിൽ അടച്ചത്. 2016-ൽ 750 മില്യൺ ഡോളറും 2017-ൽ ഏകദേശം ഒരു മില്യണും അടച്ചു. തുടർന്നുള്ള രണ്ട് വർഷങ്ങളിലും ഇത് തുടർന്നു. എന്നാൽ 2020ല്‍ ഇരുവരും നികുതി അടച്ചിട്ടില്ല. ഇത് ട്രംപ് ഉയർത്തിക്കാട്ടുന്ന ബിസിനസ് വിജയങ്ങളും വാണിജ്യനേട്ടങ്ങളും പൊള്ളയാണെന്ന സന്ദേശത്തിലേക്കാണ് നയിക്കുന്നത്. വിജയങ്ങൾ ചൂണ്ടിക്കാട്ടി ട്രംപ് നടത്തുന്ന ബ്രാൻഡിങ്ങിനും ഇതോടെ തിരിച്ചടിയാകും.

2015 മുതൽ 2017 വരെയുള്ള കാലയളവിൽ ബ്രിട്ടൻ, ചൈന, അയർലൻഡ് എന്നീ വിദേശ രാജ്യങ്ങളിൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായും രേഖകൾ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ ബാങ്ക് അക്കൗണ്ട് 2015ൽ തന്നെ റദ്ദ് ചെയ്തിരുന്നതായി ട്രംപ് 2020ലെ തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തമാക്കിയിരുന്നു. ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്. മറ്റൊരു രാജ്യത്തിന്റെ കറൻസിയിൽ പണമിടപാട് നടത്താനാണ് സാധാരണയായി വിദേശ രാജ്യങ്ങളിൽ അക്കൗണ്ട് തുറക്കുന്നത്. പ്രസിഡന്റ് ആയിരിക്കുമ്പോൾ അത്തരത്തിലുള്ള എന്ത് ഇടപാടാണ് ചൈനയിൽ ട്രംപിന് ഉണ്ടായിരുന്നതെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി അംഗങ്ങള്‍ ചോദിക്കുന്നു.

വരുമാനം ചാരിറ്റിയായി നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവും ട്രംപ് ലംഘിച്ചതായി കണ്ടെത്തി. ആദ്യ മൂന്ന് വർഷങ്ങളിൽ ചാരിറ്റിക്കായി വരുമാനം നൽകിയെങ്കിൽ 2020ൽ നൽകിയിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ബാങ്ക് അക്കൗണ്ട് നമ്പറുകൾ അടക്കമുള്ല തന്ത്രപ്രധാനമായ വിവരങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കിയ ശേഷമാണ് പരസ്യപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in