സ്റ്റാര്‍ അവതാരകന്‍ ടക്കര്‍ കാള്‍സണ്‍ ഫോക്സ് ന്യൂസ് വിട്ടു; മര്‍ഡോക് പിരിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍

സ്റ്റാര്‍ അവതാരകന്‍ ടക്കര്‍ കാള്‍സണ്‍ ഫോക്സ് ന്യൂസ് വിട്ടു; മര്‍ഡോക് പിരിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍

ഏപ്രില്‍ 21നായിരുന്നു ഫോക്‌സ് ന്യൂസില്‍ കാള്‍സന്റെ അവസാന ഷോ
Updated on
2 min read

തീവ്ര വലതുപക്ഷ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ സ്റ്റാര്‍ അവതാരകന്‍ ടക്കര്‍ കാള്‍സണ്‍ ഫോക്‌സ് ന്യൂസ് വിട്ടു. കമ്പനി വിടുന്നതിനുള്ള കരാറില്‍ കാള്‍സണ്‍ ഒപ്പുവച്ചതായി ഫോക്‌സ് നെറ്റ്‌വര്‍ക്ക് തന്നെയാണ് അറിയിച്ചത്. അദ്ദേഹം സ്ഥാപനത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ഫോക്‌സ് ന്യൂസ് നന്ദി അറിയിച്ചു. ഫോക്സ് ന്യൂസ് ഉടമ റൂപര്‍ട്ട് മര്‍ഡോക്കിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം ടക്കര്‍ കാള്‍സനെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റാര്‍ അവതാരകന്‍ ടക്കര്‍ കാള്‍സണ്‍ ഫോക്സ് ന്യൂസ് വിട്ടു; മര്‍ഡോക് പിരിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍
'ട്രംപിന്റെ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചതിൽ തെറ്റുപറ്റി'; മാനനഷ്ടക്കേസിൽ തോൽവി സമ്മതിച്ച് ഫോക്സ് ന്യൂസ്

ഏപ്രില്‍ 21നായിരുന്നു ഫോക്‌സ് ന്യൂസില്‍ കാള്‍സന്റെ അവസാന ഷോ. രാത്രി 8 മണിയിലെ കാള്‍സന്‍ ഷോയ്ക്ക് ആരാധകര്‍ നിരവധിയാണ്. മറ്റൊരു സ്ഥിരം ആങ്കറെ കണ്ടെത്തുന്നവരെ വിവിധ ആങ്കര്‍മാര്‍ മാറി മാറി പരിപാടി അവതരിപ്പിക്കുമെന്ന് ഫോക്‌സ് ന്യൂസ് അറിയിച്ചു.

പിരിച്ചുവിടലിന് 10 മിനുറ്റ് മുന്‍പാണ് കാള്‍സണ്‍ വിവരം അറിഞ്ഞതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോക്‌സ് ന്യൂസ് ഉടമ റുപര്‍ട്ട് മര്‍ഡോകിന്‌റെ തീരുമാനമാണ് നടപ്പായതെന്നാണ് ലോസ് ആഞ്ചലസ് ടൈംസിന്‌റെ റിപ്പോര്‍ട്ട്. മര്‍ഡോകിന്‌റെ മകനും ഫോക്‌സ് കോര്‍പറേഷന്‍ സിഇഒയുമായ ലഷ്‌ലന്‍ മര്‍ഡോക്, ഫോക്‌സ് ന്യൂസ് സിഇഒ സൂസെയ്ന്‍ സ്‌കോട്ട് എന്നിവരാണ് പിരിച്ചുവിടല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തതെന്നാണ് വിവരം. ക്യാപിറ്റോള്‍ ആക്രമണം സര്‍ക്കാര്‍ - എഫ്ബിഐ സ്പോണ്‍സേര്‍ഡായിരുന്നെന്ന് കാള്‍സണ്‍ ഷോയിലൂടെ സ്ഥാപിക്കാന്‍ ശ്രമിച്ചതില്‍ മര്‍ഡോക്കിന് എതിര്‍പ്പുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാള്‍സണ്‍ ട്രംപിനും ഗ്രോസ്ബര്‍ഗിനുമൊപ്പം
കാള്‍സണ്‍ ട്രംപിനും ഗ്രോസ്ബര്‍ഗിനുമൊപ്പം

കാള്‍സണ്‍ ഷോയുടെ മുന്‍ പ്രൊഡ്യൂസര്‍ ആബി ഗ്രോസ്ബര്‍ഗിന്‌റെ പരാതിയുമായി ബന്ധപ്പെട്ടാണ് കാള്‍സന്‌റെ പിരിച്ചുവിടലെന്നാണ് സൂചന. ലിംഗ വിവേചനവും പ്രതികൂല തൊഴില്‍ അന്തരീക്ഷവുമാണ് ഫോക്‌സ് ന്യൂസില്‍ നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടി ഗ്രോസ്ബര്‍ഗ് ടക്കര്‍ കാള്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. കാള്‍സണ്‍ ഷോയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ വെല്‍സും കമ്പനി വിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഫോക്‌സ് ന്യൂസ് അവതാരകന്‍ ഹാരിസ് ഫോക്‌നറാണ് കാള്‍സന്‍ സ്ഥാപനം വിട്ട വിവരം ബുള്ളറ്റിനിലൂടെ പ്രേക്ഷകരെ അറിയിച്ചത്. വിട്ടുപോകല്‍ കരാര്‍ തയ്യാറായെന്നും ഇതുവരെയുള്ള സേവനത്തിന് നന്ദി അറിയിക്കുന്നതായും വാര്‍ത്തയിലൂടെ അറിയിച്ചു.

സ്റ്റാര്‍ അവതാരകന്‍ ടക്കര്‍ കാള്‍സണ്‍ ഫോക്സ് ന്യൂസ് വിട്ടു; മര്‍ഡോക് പിരിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന ആരോപണം; ട്രംപിന്റെ നുണക്കഥ ഫോക്സ് ന്യൂസും പ്രചരിപ്പിച്ചെന്ന് മർഡോക്ക്

വോട്ടിങ് ഉപകരണങ്ങളുടെ നിര്‍മാണ കമ്പനിയായ ഡോമിനിയന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഫോക്‌സ് കോര്‍പ്പറേഷന്‍ തോല്‍വി സമ്മതിച്ചതിന് പിന്നാലെയാണ് ടക്കര്‍ കാള്‍സന്‌റെ രാജി എന്നത് ശ്രദ്ധേയമാണ്. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഡൊമിനിയന്റെ വോട്ടിങ് ഉപകരണങ്ങള്‍ ഉപയോഗിച്ചുവെന്ന് ട്രംപും അനുയായികളും ആരോപിച്ചിരുന്നു. ഇത് തെറ്റാണെന്നറിഞ്ഞിട്ടും വാര്‍ത്ത നല്‍കിയെന്ന മാനനഷ്ട കേസിലാണ് 6,400 കോടി രൂപ നല്‍കാമെന്ന് ഫോക്‌സ് ന്യൂസ് സമ്മതിച്ചിരുന്നത്.

2021ലാണ് ഡൊമിനിയന്‍, ഫോക്‌സ് കോര്‍പ്പിനും ഫോക്‌സ് ന്യൂസിനുമെതിരെ 130 ലക്ഷം കോടി രൂപയുടെ മാനനഷ്ട കേസ് നല്‍കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ തോല്‍വിക്ക് ഡൊമിനിയനെ മനഃപൂര്‍വവും തെറ്റായും കുറ്റപ്പെടുത്തിയെന്നായിരുന്നു പ്രധാന ആരോപണം.

വിചാരണ ആരംഭിക്കും മുന്‍പ് കേസ് ഒത്തുതീര്‍പ്പായതിനാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഫോക്‌സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ റൂപര്‍ട്ട് മര്‍ഡോക്ക്, അവതാരകരായ ടക്കര്‍ കാള്‍സണ്‍, ഷോണ്‍ ഹാനിറ്റി, ജീനൈന്‍ പിറോ എന്നിവര്‍ ഒഴിവായിരുന്നു. വിചാരണ വേളയില്‍ ഇവരുടെ പ്രതികരണം എന്താകുമെന്ന് ഏറെ ആകാംഷയോടെ കാത്തിരിക്കുന്നതിനിടയിലായിരുന്നു കേസ് ഒത്തുതീര്‍പ്പിലെത്തിയത്.

സ്റ്റാര്‍ അവതാരകന്‍ ടക്കര്‍ കാള്‍സണ്‍ ഫോക്സ് ന്യൂസ് വിട്ടു; മര്‍ഡോക് പിരിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍
വോട്ടെണ്ണും മുന്‍പേ ബൈഡന്‍ വിജയിയെന്ന ഫോക്സ് വാർത്ത: മര്‍ഡോക് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്നുവെന്ന ആക്ഷേപം നേരിടുന്ന മാധ്യമശൃംഖലയാണ് ഫോക്‌സ് ന്യൂസും ഫോക്‌സ് കോര്‍പ്പറേഷനും. ട്രംപിന്റെ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അവയെ പിന്തുണയ്ക്കുന്നില്ലെന്നുമായിരുന്നു ഫോക്‌സ് ന്യൂസിന്റെ വാദം. ഫോക്‌സ് നെറ്റ് വര്‍ക്ക് മുഴുവനായി നുണകള്‍ പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ പോലും ചില അവതാരകര്‍ നടത്തിയ പ്രസ്താവനകള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു എന്ന് ചെയര്‍മാന്‍ തന്നെ സമ്മതിച്ചിരുന്നു

2009ലാണ് ടക്കര്‍ കാള്‍സണ്‍ ഫോക്‌സ് ന്യൂസില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. സ്വന്തം ഷോ അവതരിപ്പിച്ച് തുടങ്ങിയതോടെ അമേരിക്കയിലെ സ്റ്റാര്‍ ആങ്കറിലേക്കുള്ള വളര്‍ച്ച വേഗത്തിലായിരുന്നു. അമേരിക്കയില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍പേര്‍ കണ്ട ഷോ കാള്‍സന്‌റേതായിരുന്നു.

കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ അമേരിക്കന്‍ പോലീസ് കൊലപ്പെടുത്തിയതിന് പിന്നാലെ നടന്ന ചര്‍ച്ചയില്‍ കറുത്തവര്‍ഗക്കാരെല്ലാം ക്രിമിനലുകളാണെന്ന് ടക്കര്‍ കാള്‍സണ്‍ പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. കാപ്പിറ്റോള്‍ ആക്രമണത്തിന്‌റെ തീവ്രത കുറവാണെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം ഷോയില്‍ പറഞ്ഞിരുന്നു. ഫോക്‌സ്‌ ന്യൂസിനും വലതുപക്ഷത്തിനുമിടയിലെ പാലമായാണ് ടക്കര്‍ കാള്‍സണ്‍ പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in