ട്രംപിന്റെ വിശ്വസ്ത;  ഇന്ത്യൻ വംശജ തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും; പെന്റഗണിൽ നിന്ന് പിരിച്ചുവിടാനുള്ളവരുടെ പട്ടിക തയ്യാറായി

ട്രംപിന്റെ വിശ്വസ്ത; ഇന്ത്യൻ വംശജ തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും; പെന്റഗണിൽ നിന്ന് പിരിച്ചുവിടാനുള്ളവരുടെ പട്ടിക തയ്യാറായി

ഫോക്സ് ന്യൂസിലെ അവതാരകൻ പീറ്റ് ഹെഗ്സെത് ആയിരിക്കും ട്രംപിന്റെ പ്രതിരോധ സെക്രട്ടറി
Updated on
2 min read

യു.എസ് ജനപ്രതിനിധി സഭ മുൻ അംഗവും ഇന്ത്യൻ വംശജയുമായ തുൾസി ഗബാർഡിനെ പുതിയ ഇന്റലിജൻസ് മേധാവിയാക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നേരത്തെ ഡെമോക്രാറ്റിക് പാർട്ടി അനുയായി ആയിരുന്ന തുൾസി നിലവിൽ ട്രംപിനോട് ഏറ്റവും അടുത്തയാളാണ്. വിശ്വസ്തരെ പ്രധാന പദവികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിചയസമ്പന്നരെ പോലും മറികടന്ന് തുൾസിയെ നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനം. ദേശീയ ഇൻ്റലിജൻസ് ഡയറക്ടറായി നിയമിക്കപ്പെടുന്ന തുൾസി ഗബാർഡ് യുഎസിലെ 18 രഹസ്യാന്വേഷണ ഏജൻസികളുടെ ഏകോപനത്തിന് മേൽനോട്ടം വഹിക്കും.

ട്രംപിന്റെ വിശ്വസ്ത;  ഇന്ത്യൻ വംശജ തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും; പെന്റഗണിൽ നിന്ന് പിരിച്ചുവിടാനുള്ളവരുടെ പട്ടിക തയ്യാറായി
ശക്തമായ ചൈനീസ് വിരുദ്ധത, മോദിയുമായും ഇന്ത്യയുമായും അടുത്ത ബന്ധം; മൈക്ക് വാൾട്‌സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുമ്പോൾ ട്രംപിന്റെ മനസിലെന്ത്?

2020ലെ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയാകാൻ ഡെമോക്രാറ്റിക് പ്രൈമറിയിൽ തുൾസിയും മത്സരിച്ചിരുന്നു. പിന്നീട് പിന്‍മാറി. 2022ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ടു. ഇത്തവണ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ തുൾസി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ട്രംപ് പരിഗണിച്ചിരുന്നവരിലും തുൾസി ഉൾപ്പെട്ടിരുന്നു. യു.എസ് പാർലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗം കൂടിയാണ് തുൾസി. ഹവായിൽ നിന്നാണ് നേരത്തെ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ട്രംപും തുൾസി ഗബാർഡും
ട്രംപും തുൾസി ഗബാർഡും

ടീമിലെ മറ്റ് അംഗങ്ങളുടെ കാര്യത്തിലും തീരുമാനമായി.ഫോക്സ് ന്യൂസിലെ അവതാരകൻ പീറ്റ് ഹെഗ്സെത് ആയിരിക്കും പ്രതിരോധ സെക്രട്ടറി. റിപ്പബ്ലിക്കൻ അനുകൂല ചാനലാണ് ഫോക്സ് ന്യൂസ്. തീവ്ര ദേശീയത നിലപാടും പീറ്റർ ഹെഗ്സെതിന്റെ പ്രത്യേകതയാണ്. മാറ്റ് ഗെയറ്റ്സ് അറ്റോർണി ജനറലും ജോൺ റാറ്റ് ക്ലിഫ് സിഐഎ മേധാവിയുമാകും.

പെന്റഗണിൽ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്ന ഉദ്യോഗസ്ഥരുടെ പട്ടികയും ട്രംപ് ടീം തയ്യാറാക്കി കഴിഞ്ഞതായാണ് സൂചന. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ ലിസ്റ്റിലുണ്ടെന്നാണ് സൂചന. പീറ്റ് ഹെഗ്സെതിന്റെ നേതൃത്വത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയത്. ലിസ്റ്റ് ഇനി ട്രംപ് അംഗീകരിക്കേണ്ടതുണ്ട്.

അതിനിടെ മൂന്നാമതും പ്രസിഡന്റാകുമെന്ന തരത്തിലുള്ള ട്രംപിന്റെ പ്രസംഗത്തിലെ പരോക്ഷ സൂചന ഭരണഘടന ലംഘനമാണെന്ന വിമർശനം ശക്തമായി. '' നിങ്ങൾ മറിച്ചൊരു ആവശ്യം ഉന്നയിച്ചില്ലെങ്കിൽ ഞാൻ ഇനിയൊരിക്കൽ കൂടി പ്രസിഡന്‍റാകുമെന്ന് കരുതുന്നില്ല'' എന്നായിരുന്നു വാഷിംഗ്ടണിൽ അണികളെ അഭിസംബോധന ചെയ്ത് ട്രംപിന്റ പരാമർശം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി നിലവിലെ പ്രസിഡന്റ് ജോ ബൈഡനെ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് ട്രംപ് അണികളെ അഭിസംബോധന ചെയ്തത്.

നേരത്തെ ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് രൂപീകരിച്ച കാര്യക്ഷമതാ വകുപ്പിനെ നയിക്കാൻ ശതകോടീശ്വരന്മാരായ രണ്ട് വിശ്വസ്തരെയാണ് ട്രംപ് തിരഞ്ഞെടുത്തത്. ഇലോൺ മസ്കും വിവേക് രാമസ്വാമിയും . ഭരണ സംവിധാനത്തിന് പുറത്ത് നിന്നുകൊണ്ടാകും ഇവരുടെ പ്രവർത്തനം. റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മൈക്ക് വാൾട്‌സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കാനും ട്രംപ് തീരുമാനമെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in