ക്ലിയോപാട്ര ചിത്രകാരന്‍റെ ഭാവനയില്‍
ക്ലിയോപാട്ര ചിത്രകാരന്‍റെ ഭാവനയില്‍

ഈജിപ്തില്‍ 40 അടി താഴ്ചയില്‍ തുരങ്കം; ക്ലിയോപാട്രയുടെ ശവകുടീരത്തിലേക്കുള്ള പാത?

ക്ലിയോപാട്രയുടെ മൃതദേഹം എവിടെയാണ് സംസ്കരിച്ചിരിക്കുന്നത് എന്നത് ഇന്നും അജ്ഞാതമാണ്. എന്നാലിപ്പോൾ ആ രഹസ്യത്തിലേക്കുള്ള വാതിൽ തുറക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്
Updated on
2 min read

ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയുടെ ജീവിതവും മരണവും എന്നും നിഗൂഢതകൾ നിറഞ്ഞതായിരുന്നു. മരണശേഷം ആ നിഗൂഢത വർധിച്ചതേയുള്ളൂ. ക്ലിയോപാട്രയുടെ മൃതദേഹം എവിടെയാണ് സംസ്കരിച്ചിരിക്കുന്നത് എന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്. എന്നാലിപ്പോൾ ആ രഹസ്യത്തിലേക്കുള്ള വാതിൽ തുറക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അലക്സാണ്ട്രിയയ്ക്ക് സമീപമുള്ള തപോസിറിസ് മാഗ്ന ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ തുരങ്കം ശവകുടീരത്തിലേക്ക് ഉള്ളതാണെന്നാണ് ഈജിപ്ഷ്യന്‍ ഗവേഷകർ കരുതുന്നത്.

ഡൊമിനിക്കൻ റിപബ്ലിക് സ്വദേശിയായ ഡോ. കാത്‍ലീൻ മാർട്ടിനസും സംഘവും നടത്തുന്ന ​ഗവേഷണത്തിലാണ് സുപ്രധാനമായ കണ്ടെത്തൽ. ക്ലിയോപാട്രയുടെ കല്ലറയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇവർക്ക് ലഭിച്ചതായാണ് വിവരം. സാന്റോ ഡൊമിംഗോ സർവകലാശാലയിലെ പുരാവസ്തു ഗവേഷകയായ മാർട്ടിനസ് കഴിഞ്ഞ 20 വർഷമായി ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

നാൽപത് അടി താഴ്ചയിലുള്ള തുരങ്കത്തിന്റെ നീളം ഏകദേശം 4,800 അടിയാണ്. പല തട്ടുകളിലായുള്ള പാറകൾ തുരന്നാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. ക്ലിയോപാട്രയുടെ അന്ത്യവിശ്രമസ്ഥലത്തേക്ക് തുരങ്കം നയിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്. 2000 വർഷങ്ങൾക്ക് മുൻപ് ക്ലിയോപാട്രയേയും ജീവിതപങ്കാളി മാർക്ക് ആന്റണിയെയും സംസ്കരിച്ചത് തപോസിറിസ് മാഗ്ന ക്ഷേത്ര വളപ്പിലാണെന്നാണ് ഈജിപ്റ്റുകാരുടെ വിശ്വാസം. തുരങ്കത്തിന്റെ ഒരു ഭാഗം ഇപ്പോൾ മെഡിറ്ററേനിയൻ കടലിന് അടിയിലാണ്. രാജ്ഞിയുടെ ശവകുടീരത്തെ കുറിച്ചുള്ള തന്റെ കണ്ടെത്തൽ ശരിയാണെങ്കിൽ അത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലായിരിക്കുമെന്ന് മാർട്ടിനസ് പറഞ്ഞു.

ഇതാദ്യമായാണ് ഒരു പുരാവസ്തു ഗവേഷകൻ ക്ഷേത്രത്തിന്റെ ചുവരുകൾക്കുള്ളിലും ഭൂമിക്കടിയിലും തുരങ്കങ്ങളും പാതകളും കണ്ടെത്തുന്നത്. ക്ലിയോപാട്ര രാജ്ഞിയുടെയും അലക്സാണ്ടർ ചക്രവർത്തിയുടെയും പേരുകളുള്ള നാണയങ്ങളും ഈജിപ്ഷ്യൻ ദേവതയായ ഐസിസിന്റെ പുരാതന പ്രതിമകളും ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ പുരാവസ്തുക്കൾ ഗവേഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലത്ത് മുൻപ് നടത്തിയ ഖനനങ്ങളിൽ സ്വർണ്ണ നാവുകളുള്ള മമ്മികളും ക്ഷേത്രത്തിന് അഭിമുഖമായി മമ്മികൾ ഉൾക്കൊള്ളുന്ന ഒരു സെമിത്തേരിയും കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഒരു രാജകീയ ശവകുടീരം സമീപത്ത് സ്ഥിതി ചെയ്യുന്നതിന്റെ രണ്ട് അടയാളങ്ങളും കണ്ടെത്തിയെന്നാണ് മാർട്ടിനസ് അവകാശപ്പെടുന്നത്.

ഏകദേശം 300 വർഷത്തോളം പുരാതന ഈജിപ്ത് ഭരിച്ച ടോളമികൾ എന്ന് വിളിക്കപ്പെടുന്ന ഭരണാധികാരികളുടെ പരമ്പരയിലെ അവസാനത്തെ കണ്ണിയായിരുന്നു ക്ലിയോപാട്ര. ഈജിപ്ത്, സൈപ്രസ്, ആധുനിക ലിബിയയുടെ ഭാഗം, മിഡിൽ ഈസ്റ്റിലെ മറ്റ് പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു സാമ്രാജ്യം തന്നെ അവർ ഭരിച്ചു. റോമൻ സ്വേച്ഛാധിപതി ജൂലിയസ് സീസറുമായും മാർക്ക് ആന്റണിയുമായുള്ള ക്ലിയോപാട്രയുടെ നടത്തിയ പ്രണയബന്ധങ്ങളും അധികാര പോരാട്ടങ്ങളും ഈജിപ്ഷ്യൻ, റോമൻ ചരിത്രത്തിന്റെ ഗതിയിൽ കാര്യമായ സ്വാധീനം ചെലുത്തിയതായാണ് വിശ്വസിക്കപ്പെടുന്നത്. അഗസ്റ്റിയസ് സീസറുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ലിയോപാട്രയും മാർക് ആന്റണിയും ജീവനൊടുക്കിയത്. 100 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ടുട്ടൻഖാമുൻ രാജാവിന്റെ ശവകുടീരമാണ് ഈജിപ്തിലെ ഏറ്റവും പ്രശസ്തമായ പുരാവസ്തുവായി കണക്കാക്കപ്പെടുന്നത്. ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയാൽ അത് മാറിയേക്കും.

logo
The Fourth
www.thefourthnews.in