തുർക്കി-സിറിയ ഭൂകമ്പം; 1.5 ദശലക്ഷം ഭവനരഹിതർക്ക് വീടുകള്‍ പുനർനിർമിച്ച് നല്‍കാനൊരുങ്ങി സർക്കാർ
ലോകം സമീപകാലത്ത് സാക്ഷ്യം വഹിച്ച ഏറ്റവും വിനാശകരമായ ദുരന്തമായിരുന്നു തുർക്കി - സിറിയ ഭൂകമ്പം. വീടുകളടക്കം സകലതും ഭൂകമ്പം തകർത്തെങ്കിലും പൊരുതി മുന്നേറാനുറച്ചിറങ്ങിയിരിക്കുകയാണ് തുർക്കി. യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (യുഎൻഡിപി) കണക്കനുസരിച്ച് 1.5 ദശലക്ഷം ആളുകളാണ് തുർക്കിയിൽ ഭവനരഹിതരായത്. ഇവർക്കെല്ലാം വീടുകൾ പുനർനിർമിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് സർക്കാർ. ഫെബ്രുവരി 6ന് ഉണ്ടായ ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി ആകെ മരണസംഖ്യ 50,000 കവിഞ്ഞു.
മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന തുർക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ ഒരു വർഷത്തിനുള്ളിൽ വീടുകൾ പുനർനിർമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
തുർക്കിയില്‍ മാത്രം ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച രാത്രിയോടെ 44,218 ആയി ഉയർന്നതായി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.160,000ലധികം കെട്ടിടങ്ങൾ തകർന്നുവീഴുകയോ സാരമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. സിറിയയിലെ മരണസംഖ്യ 5,914 ആണ്.
മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ ഒരു വർഷത്തിനുള്ളിൽ വീടുകൾ പുനർനിർമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അധികാരികൾ വേഗതയെക്കാളുപരി സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭൂചലനത്തെ നേരിടാനുതകുന്ന തരത്തില്‍ നിർമിച്ച ഏറ്റവും പുതിയ ചില കെട്ടിടങ്ങൾ പോലും ഭൂകമ്പത്തിൽ തകർന്ന പശ്ചാത്തലത്തിലാണ് ഈ ആശങ്ക. നിരവധി പദ്ധതികളുടെ, ടെൻഡറുകളും കരാറുകളും പൂർത്തിയായിട്ടുണ്ടെന്നും പ്രക്രിയ വളരെ വേഗത്തിൽ നീങ്ങുന്നുവെന്നും സർക്കാരിനെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥൻ അറിയിച്ചു. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂകമ്പത്തെത്തുടർന്ന് സിറിയയിൽ മാത്രം 5.3 ദശലക്ഷം ആളുകൾ ഭവനരഹിതരായെന്നാണ് യുഎന്നിന്റെ കണക്ക്.
ഭവനരഹിതരായവർക്ക് ടെന്റുകൾ നല്‍കിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു, എന്നാൽ അവയുടെ ലഭ്യതയില്‍ പല പ്രശ്നങ്ങളും ഉണ്ടെന്ന ആരോപണമുണ്ട്. "എനിക്ക് എട്ട് കുട്ടികളുണ്ട്. ഞങ്ങൾ താമസിക്കുന്നത് ഒരു ടെന്റിലാണ്. എന്നാല്‍ ടെന്റിന്റെ മുകളിൽ നിറയെ വെള്ളമാണ്, നിലം നനഞ്ഞതുമാണ്. ഇത് താമസം വളരെയധികം ദുസ്സഹമാക്കുന്നു," 67കാരനായ മെലെക് പറയുന്നു. കൂടുതൽ ടെന്റുകൾ ആവശ്യപ്പെട്ടെങ്കിലും നൽകുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ടെന്റുകളുടെ അഭാവമാണ് ഏറ്റവും വലിയ പ്രശ്‌നമായി നിലനിൽക്കുന്നതെന്ന് സന്നദ്ധപ്രവർത്തകനായ സുമേയെ കരബോസെകും പറയുന്നു.
അരലക്ഷം പുതിയ വീടുകൾ ആവശ്യം
ഭൂകമ്പത്തോടുള്ള പ്രതികരണത്തിലും വർഷങ്ങളായി നിർമിക്കപ്പെടുന്ന കെട്ടിടങ്ങളുടെ ഗുണനിലവാരമില്ലായ്മയിലും എർദോഗൻ സർക്കാർ കടുത്ത വിമർശനമാണ് നേരിടുന്നത്. ഏകദേശം 15 ബില്യൺ ഡോളർ ചെലവിൽ രണ്ട് ലക്ഷം അപ്പാർട്ടുമെന്റുകളും 70,000 വീടുകളും നിർമിക്കാനാണ് സർക്കാരിന്റെ പ്രാരംഭ പദ്ധതി. വീടുകളും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമിക്കുന്നതിന് 25 ബില്യൺ ഡോളർ ചെലവ് വരുമെന്ന് യുഎസ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
ഭൂകമ്പം 1.5 ദശലക്ഷം ആളുകളെ ഭവനരഹിതരാക്കിയെന്നും 5 ലക്ഷത്തോളം പുതിയ വീടുകൾ ആവശ്യമാണെന്നും ഐക്യരാഷ്ട്ര വികസന പദ്ധതി (യുഎൻഡിപി) പറഞ്ഞു. കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭ അനുവദിച്ച 1 ബില്യൺ ഡോളർ ധനസഹായ ഫണ്ടിൽ നിന്ന് 113.5 മില്യൺ ഡോളർ അഭ്യർത്ഥിച്ചതായും ഈ പണം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുമെന്നും യുഎൻഡിപി അറിയിച്ചു. 1999-ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് 13 ദശലക്ഷം ടൺ അവശിഷ്ടങ്ങൾ ഉണ്ടായപ്പോൾ, ഇപ്പോഴത്തെ ദുരന്തം 116 ദശലക്ഷം മുതൽ 210 ദശലക്ഷം ടൺ വരെ അവശിഷ്ടങ്ങൾ സൃഷ്ടിച്ചതായി യുഎൻഡിപി കണക്കാക്കുന്നു.
കമ്പനികൾക്കും ചാരിറ്റികൾക്കും വീടുകളും ജോലിസ്ഥലങ്ങളും നിർമിക്കാനും നഗരവത്ക്കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ അവ ആവശ്യക്കാർക്ക് കൈമാറാനും കഴിയുന്ന തരത്തില്‍ പുതിയ നിയമനിർമാണവും രാജ്യം വരുത്തിയിട്ടുണ്ട്. ദുരന്തത്തെ അതിജീവിച്ച പലരും ഭൂകമ്പം ബാധിച്ച പ്രദേശം വിട്ടുപോവുകയോ ടെന്റുകളിലും കണ്ടെയ്‌നർ ഹോമുകളിലും മറ്റ് സർക്കാർ സ്‌പോൺസർ ചെയ്‌ത താമസസ്ഥലങ്ങളിലുമായി താമസിക്കുകയോ ചെയ്യുന്നുണ്ട്.