എര്‍ദോഗാന്‍ വാഴുമോ, വീഴുമോ? ലോകം ഉറ്റുനോക്കുന്ന തുര്‍ക്കിയിലെ വിധിയെഴുത്ത്
20 വര്‍ഷമായി തുര്‍ക്കി ഭരിക്കുന്ന റജബ് ത്വയ്ബ് എര്‍ദോഗാന്‍ ഇത്തവണ പടിയിറങ്ങുമോ? നിര്‍ണായകമായ പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുകയാണ് ഞായറാഴ്ച തുര്‍ക്കി ജനത. അധികാരക്കസേരയില്‍ എര്‍ദോഗന്‍ തുടരുമോ ഇല്ലയോ എന്നതാണ് ലോകരാജ്യങ്ങളാകെ ഉറ്റുനോക്കുന്നത്. പ്രതിപക്ഷത്തെ ആറ് പാര്‍ട്ടികളുടെ സഖ്യം നേഷന്‍ അലയന്‍സിന്റെ സ്ഥാനാര്‍ഥി കമാൽ കിലിച്ച്ദറോലുവാണ് പീപ്പിള്‍സ് അലയന്‍സിന്റെ സ്ഥാനാര്‍ഥിയായ എര്‍ദോഗന്റെ മുഖ്യ എതിരാളി.
അഭിപ്രായ സര്‍വേകളെല്ലാം എര്‍ദോഗന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. രണ്ട് ദശാബ്ദങ്ങള്‍ക്കിപ്പുറം തുര്‍ക്കി ജനത ഒരു നേതൃമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് പ്രാദേശികതലങ്ങളിലെ വികാരമെന്നാണ് സൂചന. തുര്‍ക്കിയെ പിടിച്ചുലച്ച ഭൂകമ്പത്തിന്റെ മുറിവുകളാറുന്നതിന് മുന്‍പ് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയം അത് തന്നെയാണ്. ഭൂകമ്പ ബാധിതരെ സഹായിക്കുന്നതും പുനരധിവാസവുമടക്കമുള്ള കാര്യങ്ങളിലും എര്‍ദോഗന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ മന്ദഗതിയിലായിരുന്നെന്ന വിമര്‍ശനം ശക്തമാണ്. അതിന് പുറമെയാണ് ഉയര്‍ന്ന പണപ്പെരുപ്പത്തെ തുടര്‍ന്ന് രാജ്യം കടന്നുപോകുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി. ഒപ്പം തുടര്‍ക്കഥയാകുന്ന മനുഷ്യാവകാശലംനങ്ങളും അഭിപ്രായസ്വാതന്ത്ര്യ വിലക്കുകകളും ചര്‍ച്ചയാകുന്നു.
20 വര്‍ഷം മുന്‍പ് എര്‍ദോഗനെ അധികാരത്തിലെത്താന്‍ സഹായിച്ച കുര്‍ദുകള്‍ ഇപ്പോള്‍ ശത്രുപക്ഷത്താണ്. കമാൽ കിലിച്ച്ദറോലുവിനാണ് കുര്‍ദിഷ് പാര്‍ട്ടിയുടെ പിന്തുണ . ഭീകരബന്ധം ആരോപിച്ച് കുര്‍ദുകള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളും പീപ്പിള്‍സ് ഡെമോക്രാറ്റി പാര്‍ട്ടി നിരോധന ശ്രമങ്ങളും നടക്കുന്ന പശ്ചാത്തലത്തിലാണ് കിലിച്ച്ദറോലുവിനെ പിന്തുണയ്ക്കാനുള്ള നീക്കം. കുര്‍ദുകളെ വോട്ട് ആവശ്യം വരുമ്പോള്‍ മാത്രം പരിഗണിക്കുകയും ജനാധിപത്യപ്രക്രിയയില്‍ രണ്ടാംതരക്കാരായി കാണുകയും ചെയ്യുന്നതിലാണ് അവര്‍ക്ക് വിയോജിപ്പ്.
2017ലാണ് പ്രധാനമന്ത്രി പദവി എടുത്തുകളഞ്ഞ് തുര്‍ക്കിയെ പ്രസിഡന്‍ഷ്യല്‍ സര്‍ക്കാരിലേക്ക് എര്‍ദോഗന്‍ മാറ്റിയത്. എന്നാല്‍ ഈ രീതി പൊളിച്ചുകളഞ്ഞ് തുര്‍ക്കിയെ ജനാധിപത്യ രാജ്യമാക്കി മാറ്റുമെന്ന ഉറപ്പാണ് നേഷന്‍ അലയന്‍സ് തുര്‍ക്കി ജനതയ്ക്ക് നല്‍കുന്ന ഉറപ്പ്. 2019ല്‍ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ എര്‍ദോഗന്‍ വിഭാഗത്തെ തോല്‍പ്പിച്ചതിന്റെ ഊര്‍ജത്തിലാണ് കുര്‍ദുകളും കമ്മ്യൂണിസ്റ്റുകളുമെല്ലാം ഉള്‍പ്പെടുന്ന പ്രതിപക്ഷസഖ്യം.
2001ലാണ് എര്‍ദോഗന്‍ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി രൂപീകരിക്കുന്നത്. തൊട്ടടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചു. രാഷ്ട്രീയവിലക്ക് നിലനിന്നതിനാല്‍ അധികാരമേറ്റെടുത്തത് 2003ല്‍. അധികാരത്തില്‍ രണ്ട് ദശാബ്ദം തികയ്ക്കുന്ന എര്‍ദോഗന്‍ തുര്‍ക്കിയില്‍ മാത്രമല്ല ലോകരാഷ്ട്രീയത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ നേതാവാണ്. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന തീവ്ര ഇസ്ലാമിസ്റ്റ് നേതാവെന്ന വിമര്‍ശം അദ്ദേഹത്തിനുമേലുണ്ട്.
സെക്യുലര്‍ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനാണ് കമാൽ കിലിച്ച്ദറോലു. ജനാധിപത്യം, നിയമവാഴ്ച, അഭിപ്രായ സ്വാതന്ത്യം, മനഷ്യാവകാശം, അധികാരവികേന്ദ്രീകരണം എന്നിവയിലെല്ലാം രാജ്യത്ത് നിര്‍ണായകമായ മാറ്റം കൊണ്ടുവരുമെന്നാണ് അദ്ദേഹം നല്‍കുന്ന ഉറപ്പ്. തുര്‍ക്കി ഗാന്ധി എന്നാണ് കിലിച്ച്ദറോലുവിന്റെ വിളിപ്പേര്. എടിഎ പാര്‍ട്ടി നേതാവായ സിനാന്‍ ഓര്‍ഗനാണ് സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ഥി.
അഭിപ്രായസര്‍വേകളില്‍ പോലും മുന്‍തൂക്കം ലഭിച്ചിരുന്ന ഒരു സഖ്യത്തിന്റേയും പിന്തുണയില്ലാതെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച നാഷണലിസ്റ്റ് ഹോംലാന്‍ഡ് പാര്‍ട്ടി നേതാവ് മുഹര്‍റം ഇന്‍സെ വ്യാഴാഴ്ച തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത് കിലിച്ച്ദറോലുവിന് ആശ്വാസമാണ്. ഏറെ അനുനയ നീക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു ഇന്‍സെയുടെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആറരക്കോടി വോട്ടര്‍മാരാണ് തുര്‍ക്കിയിലുള്ളത്. പ്രസിഡന്റിന് പുറമെ 600 അംഗ പാര്‍ലമെന്റിലേക്കും വോട്ടെടുപ്പ് നടക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചിത്രം തിങ്കളാഴ്ച പുലര്‍ച്ചയോടെ തന്നെ വ്യക്തമാകും. ഭൂരിപക്ഷം നേടാന്‍ ഒരു സ്ഥാനാര്‍ഥിക്കുമായില്ലെങ്കില്‍ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങും. അങ്ങനെയെങ്കില്‍ മെയ് 28ന് നടക്കുന്ന രണ്ടാംഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയവര്‍ തമ്മില്‍ വീണ്ടും മത്സരമുണ്ടാകം.