രക്ഷാപ്രവർത്തനം ഭാഗികമായി അവസാനിപ്പിച്ച് തുർക്കി; ഭൂകമ്പത്തിൽ മരണം 46,000
യൂറോപ്പിനെ നടുക്കിയ ഭൂകമ്പം ഉണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷം രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ് അധികൃതര്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ആരെയും ജീവനോടെ രക്ഷപ്പെടുത്തുക ഇനി സാധ്യമല്ലന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. തുര്‍ക്കിയില്‍ ദുരന്ത ബാധിതമായ പ്രവിശ്യകളില്‍ രണ്ടിടങ്ങളിലൊഴികെ ശേഷിക്കുന്ന ഇടത്ത് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. തുര്‍ക്കിയിലും സിറിയയിലുമായി ഇതുവരെ 46,000ത്തോളം പേര്‍ മരിച്ചെന്നാണ് കണക്ക്.
രണ്ട് പ്രവിശ്യയിലൊഴികെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായി തുര്‍ക്കി ദുരന്ത നിവാരണ സേന അറിയിച്ചു. ഭൂകമ്പം കഴിഞ്ഞ് 14 ദിവസം പിന്നിടുമ്പോഴാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്. തുര്‍ക്കിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 40,642 ആണ്. സിറിയയില്‍ 5,800 ല്‍ അധികം പേര്‍ മരിച്ചു. എന്നാല്‍ സിറിയയിലെ മരണത്തിന്റെ കണക്കുകള്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍. അന്തിനാല്‍ അന്തിമ കണക്ക് ഇതിലും കൂടുതലാകുമെന്നാണ് വിലയിരുത്തല്‍.
' ഞങ്ങളുടെ പല പ്രവശ്യകളിലും തെരച്ചിലുകളും രക്ഷാപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. കഹ്‌റന്‍മാരസ്, ഹതേ പ്രവിശ്യകളില്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.' അധികൃതര്‍ വ്യക്തമാക്കി.
തുര്‍ക്കിയില്‍ തന്നെ ഒരു ലക്ഷത്തോളം കെട്ടിടങ്ങള്‍ തകരുകയോ പൊളിച്ചുനീക്കുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവയില്‍ ചിലത് ഇപ്പോഴും പൂര്‍ണമായും കാണാതായ സ്ഥിതിയില്‍ ആണുള്ളത്. രക്ഷാപ്രവര്‍ത്തനം 12 ദിവസം പിന്നിട്ടപ്പോഴും ആളുകളെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു ദമ്പതികളെയും അവരുടെ മകനെയും ഹതേ പ്രവിശ്യയുടെ തലസ്ഥാനമായ അന്റക്യയിലെ ഒരു അപ്പാര്‍ട്ട്‌മെന്‌റില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ കുട്ടി പിന്നീട് മരിച്ചു. ദമ്പതികളുടെ മറ്റു രണ്ട് കുട്ടികളുടെ മൃതദേഹവും കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്. ഘാന ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സുവിന്റെ മൃതദേഹവും ഹതേയില്‍ നിന്ന് ശനിയാഴ്ച കണ്ടെത്തിയിരുന്നു.
തുര്‍ക്കിയിലെ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തെ സ്ഥിതി രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. സിറിയയില്‍ വിമത സ്വാധീന മേഖലയിലാണ് ഭൂകമ്പം കൂടുതല്‍ നാശം വിതച്ചത്. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് പകുതിയും തകര്‍ന്ന് കിടന്ന കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ പൂര്‍ണമായും നിലംപതിച്ചത്.