തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണം 21,000 കടന്നു:
ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്ന് യുഎന്‍

തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണം 21,000 കടന്നു: ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്ന് യുഎന്‍

നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍
Updated on
2 min read

തുര്‍ക്കി, സിറിയ ഭൂകമ്പമുണ്ടായി അഞ്ച് ദിവസം പിന്നിടുമ്പോള്‍ മരണ സംഖ്യ 21,000 കടന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ ഇപ്പോഴും പൂര്‍ണമായി പുറത്തെടുക്കാനായിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്നാണ് ഭൂകമ്പത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ വിശേഷിപ്പിച്ചത്.

വാഹനങ്ങളുടെ അപര്യാപ്തതയും തകര്‍ന്ന റോഡുകളും ഭൂകമ്പബാധിത മേഖലയിലേക്ക് തിരച്ചില്‍ സഹായവും ഉപകരണങ്ങളും എത്തിക്കുന്നതിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് യുഎന്‍ രക്ഷാസമിതി വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനുമായി അടിയന്തര ധനസഹായം ഉള്‍പ്പെടെ 1.78 ബില്യണ്‍ ഡോളര്‍ തുര്‍ക്കിക്ക് നല്‍കുമെന്ന് ലോക ബാങ്ക് വ്യക്തമാക്കി.

കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ ഇനി ജീവനോടെ പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്നും യുഎന്‍ വ്യക്തമാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സഹായം യുഎന്‍ എത്തിക്കുമെന്ന് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. '' ഇത് ഒന്നിച്ചുനില്‍ക്കേണ്ട സമയമാണ്. ഏതെങ്കിലും വിധത്തില്‍ രാഷ്ട്രീയവത്കരിക്കുകയോ ഭിന്നിപ്പുണ്ടാക്കുകയോ ചെയ്യേണ്ട ഘട്ടമല്ല''- ഗുട്ടെറസ് വ്യക്തമാക്കുന്നു.

ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ഭക്ഷണവും വെള്ളവുമൊന്നുമില്ലാതെ അതിജീവനത്തിന് ബുദ്ധിമുട്ടുകയാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനായിരകണക്കിനാളുകളാണ് താല്‍ക്കാലിക അഭയസ്ഥാനങ്ങളില്‍ കഴിയുന്നത്.

തുര്‍ക്കിയില്‍ 17,000ത്തിലേറെ പേരും സിറിയയില്‍ 3000ത്തിലേറെ പേരും മരിച്ചതായാണ് ഇപ്പോഴത്തെ കണക്കുകള്‍. ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്ക് പാര്‍പ്പിടം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ വളരെ വേഗം ലഭ്യമാക്കിയില്ലെങ്കില്‍ രണ്ടാമത്തെ മാനുഷിക ദുരന്തമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

logo
The Fourth
www.thefourthnews.in